തുടങ്ങിയിട്ട് 10 ദിവസം മാത്രം, ആയിരത്തിലധികം പേർക്ക് ഉച്ചഭക്ഷണം; കുടുംബശ്രീ ലഞ്ച്ബെൽ ഹിറ്റ്
Mail This Article
തിരുവനന്തപുരം∙ മുട്ടത്തോരൻ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു തങ്കമണി. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സവോള, മസാലക്കൂട്ട് എന്നിവ മൂപ്പിച്ചതിലേക്ക് മുട്ടകൾ പൊട്ടിച്ചിട്ട് നിർത്താതെ ഇളക്കുന്നു. തേങ്ങ അരച്ചു വച്ച ചൂരമീൻ കറിക്ക് എരിവും പുളിയും പെർഫക്ട് ഓക്കെയാണ്. പക്ഷേ ബിന്ദുവിന് വീണ്ടും സംശയം. ഗിരിജ രുചി നോക്കി. ‘ഓക്കെയാണ്, ഇനി കറിപാത്രങ്ങളിലേക്ക് മാറ്റാം’– ഓർഡർ നൽകി. ചോറും അച്ചാറും ചമ്മന്തിയും കൂട്ടുകറിയും സമ്പാറും പുളിശേരിയും ഇവരുടെ വരവിനായി കാത്തിരിപ്പാണ്. കുടുംബശ്രീയുടെ ലഞ്ച്ബെൽ പദ്ധതിയുടെ നാലാഞ്ചിറയിലുള്ള അടുക്കളയിലെ പുലർച്ചെക്കാഴ്ചകളാണിവ. 10 പേർ അടങ്ങുന്ന ഈ അടുക്കളയിൽ നിന്നാണ് നഗരത്തിലെ വിവിധ മേഖലകളിലേക്ക് ഭക്ഷണം എത്തുന്നത്. തുടങ്ങി 10 ദിവസം പിന്നിടുമ്പോൾ ആയിരത്തിലധികം പേർക്ക് ഉച്ചഭക്ഷണം നൽകി ഹിറ്റായിക്കഴിഞ്ഞു ലഞ്ച്ബെൽ.
ക്യാപ്പിറ്റൽ കാ ഡബ്ബാവാല !
125 വർഷം മുൻപ് മുംബൈയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ഉച്ചയ്ക്ക് വീട്ടിലെ ഭക്ഷണം കഴിക്കണമെന്ന ആഗ്രഹത്തിൽ ഒരു ഡബ്ബാവാലയെ (ഭക്ഷണ വിതരണക്കാരൻ) ഏർപ്പാടാക്കി. ‘സൂപ്പർ ഐഡിയ സർജി’– എന്ന് അഭിനന്ദിച്ചു സഹപ്രവർത്തകരും കൂടെ കൂടി. ഇന്ന് 5000 പേർ അടങ്ങുന്ന ഈ കൂട്ടം 2 ലക്ഷം പേർക്ക് ഉച്ചയ്ക്കു ഭക്ഷണം എത്തിക്കുന്നു. വെള്ള വസ്ത്രവും ഗാന്ധിത്തൊപ്പിയും അണിഞ്ഞു നടക്കുന്ന ഇവർ മുംബൈ ആർമി എന്നും അറിയപ്പെടുന്നു.
വിദേശപഠനങ്ങൾക്കും ഹിറ്റ് സിനിമകൾക്കും വിഷയമായ മുംബൈ ഡബ്ബാവാല തന്നെയാണ് തിരുവനന്തപുരം ലഞ്ച്ബെല്ലിനു പിന്നിലും. പൊതിച്ചോർ ട്രെൻഡായ ഇന്ന് ചോറ്റുപാത്രത്തിലാണ് കുടുംബശ്രീ ഭക്ഷണം നൽകുന്നത്. ഇതിനായി 500 സെറ്റ് പാത്രങ്ങൾ നിലവിൽ വാങ്ങിയിട്ടുണ്ട്. 500 സെറ്റ് കൂടി ഈ ആഴ്ച എത്തും. നിലവിൽ പ്രതിദിനം ശരാശരി 200 ഓർഡറുകളുണ്ട്. വെജ്–നോൺ വെജ് ആവശ്യക്കാർ ഏറക്കുറെ ഒരുപോലെയാണ്. വെജ് ഊണിന് 60 രൂപയും നോൺ വേജ് ഊണിന് 99 രൂപയും.
പിന്നിലുണ്ട് ഒരു വിജയകഥ !
2004ൽ ദാരിദ്രരേഖയ്ക്കു താഴെയുള്ള 10 കുടുംബശ്രീ പ്രവർത്തകർ ചേർന്ന് യൂണിവേഴ്സിറ്റി കോളജ് കന്റീൻ ഏറ്റെടുത്ത് നടത്താൻ തയാറായി. ക്യാംപസിലെ ഉഗ്രൻ അടിയെത്തുടർന്ന് ഉദ്ഘാടനം വരെ പാളി. പിന്മാറാൻ ഒട്ടേറെ പേർ ആവശ്യപ്പെട്ടെങ്കിലും ഇവർ ഒരുമിച്ച് മുന്നോട്ടു നീങ്ങി. ചെറിയ ഓർഡറുകളും സംഘടിപ്പിച്ചു. ഓട്ടോയിലായിരുന്നു ആദ്യം ഭക്ഷണവിതരണം. പിന്നീട് ഗിരിജ സ്കൂട്ടർ വാങ്ങി. അത് വാനായി അപ്്ഗ്രേഡ് ചെയ്തു. അത് ഇന്നും അടുക്കളയുടെ സമീപത്തുണ്ട്. ഇവരുടെ ശ്രുതി കേറ്ററിങ്ങിനു തന്നെയാണ് ഭക്ഷണ ചുമതല.
വൈകിട്ടെത്തി പിറ്റേന്നത്തെ കറിക്കുള്ളതെല്ലാം അരിഞ്ഞു വയ്ക്കും. രാവിലെ 5.30ന് അടുക്കള ഉണരും. 6.30ന് എല്ലാവരും എത്തും. ഓരോരുത്തർക്ക് പ്രത്യേക ജോലികൾ പറഞ്ഞിട്ടുണ്ട്. എൺപത്തുമൂന്നുകാരി സരസ്വതി അമ്മയാണ് അച്ചാറും ചമ്മന്തിയും ഉണ്ടാക്കുന്നത്. എ.ഗിരിജയാണ് ക്യാപ്റ്റൻ. രാവിലെ 7 കഴിയുമ്പോൾ ഓർഡറുകളുടെ കണക്ക് അറിയിക്കും. തുടർന്നാണ് നോൺ വെജ് വിഭവങ്ങളുടെ പാചകം. രാവിലെ 10ന് ഭക്ഷണവുമായി വിവിധ സ്ഥലത്തേക്ക് ഡെലിവർ ഗേൾസ് യാത്ര തുടങ്ങും.
ഡെലിവറി പോയിന്റ് : 5 !
മെഡിക്കൽ കോളജ്, പട്ടം, എൽഎംഎസ്, സ്റ്റാച്യു, ആയുർവേദ കോളജ് എന്നിങ്ങനെ 5 ഡെലിവറി പോയിന്റുകളാണ് ലഞ്ച്ബെല്ലിന് നിലവിലുള്ളത്. ഈ ഡെലിവറി പോയിന്റുകളുടെ 2 കിലോമീറ്ററിനുള്ളിൽ ഭക്ഷണം എത്തിക്കും.
ജോലിസ്ഥലങ്ങൾ കൂടാതെ വീടുകളിലും ഭക്ഷണം ഡെലിവറി ചെയ്യും. ഓരോ പോയിന്റുകളിലേക്ക് 2 പേർ വീതം ആകെ 10 പേരാണ് ഡെലിവറിക്ക് ഉള്ളത്. ഉച്ചയ്ക്ക് 12ന് മുൻപ് ഭക്ഷണം ലഭിച്ചിരിക്കും. 2ന് ശേഷം തിരികെ എത്തി പാത്രങ്ങൾ തിരിച്ചെടുക്കും.
പോക്കറ്റ് മാർട്ട് എന്ന ആപ്ലിക്കേഷനിലൂടെയാണ് ഓർഡർ ചെയ്യുന്നത്. ആപ്ലിക്കേഷനിൽ മൊബൈൽ നമ്പർ വഴി ലോഗിൻ ചെയ്യാം. വെജ്/നോൺ വെജ്; ഇതിൽ ഏതു വേണമെന്ന് നൽകാം. സമീപത്തുള്ള ഡെലിവറി പോയിന്റ് സിലക്ട് ചെയ്ത് നമ്മുടെ വിലാസം നൽകണം. ഓൺലൈനായി പണം അടയ്ക്കണം. നിലവിൽ സ്റ്റാച്യു, പട്ടം എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഓർഡർ ലഭിക്കുന്നത്.
മെനു മാറും !
ഞായർ അവധിയാണ്. ബാക്കി 6 ദിവസവും കറികൾ മാറും. ചോർ, അച്ചാർ, ചമ്മന്തി അല്ലെങ്കിൽ പച്ചടി, അവിയൽ അല്ലെങ്കിൽ കൂട്ടുകറി, മെഴുക്കുപുരട്ടി അല്ലെങ്കിൽ തോരൻ, സാമ്പാർ, പുളിശേരി അല്ലെങ്കിൽ മോര്; ഇതാണ് വെജിറ്റേറിയൻ ഊണിന്റെ മെനു.
ഇവയ്ക്കൊപ്പം മുട്ടപൊരിച്ചത് അല്ലെങ്കിൽ മുട്ട തോരൻ, മീൻകറി അല്ലെങ്കിൽ മീൻ വറുത്തത് എന്നിവ കൂടുമ്പോൾ നോൺ വെജ് ഊണായി. വെജ് ഊണിന് 60 രൂപ. നോൺ വെജിന് 99രൂപ. ആദ്യം ഓർഡർ ചെയ്യുന്ന 50 പേർക്ക് 20% ഓഫറുണ്ട് ! തലേന്ന് രാത്രി മുതൽ രാവിലെ 7 വരെ ഭക്ഷണം ഓർഡർ ചെയ്യാം.
ക്ലീൻ, ക്ലീനസ്റ്റ് !
പാത്രം വൃത്തിയാക്കുന്നതിനായി 10 പേര് ഉണ്ട്. ത്രീ ഡിപ് സംവിധാനത്തിലാണ് പാത്രങ്ങൾ കഴുകുന്നത്. സോപ്പുവെള്ളം, ചൂടുവെള്ളം, ശുദ്ധമായ വെള്ളം എന്നിവയിലായി കഴുകിയാണ് ഉപയോഗിക്കുന്നത്. പതിവായി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്കായി സ്ഥിരമായി ഒരു പാത്രം ഇവർ നൽകും. സ്വന്തം പാത്രം നൽകിയാൽ അതിലും ഡെലിവറി ചെയ്യും. എഐഎഫ്ആർഎച്ച്എം ആണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുക. ആപ്ലിക്കേഷന്റെ പ്രവർത്തനത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും ലഭിക്കുന്ന ചെറിയ പരാതികൾ പോലും പരിഹരിച്ചാണ് നീങ്ങുന്നത്.