ADVERTISEMENT

തിരുവനന്തപുരം ∙ കാട്ടാനക്കലിയിൽ നാടു വിറയ്ക്കുമ്പോൾ ക്ഷേത്രോത്സവങ്ങൾക്ക് നാട്ടാനകളില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഉത്സവങ്ങൾക്ക് ആനകളുടെ ക്ഷാമം രൂക്ഷമായതോടെ ദേവസ്വം ബോർഡ് വനംവകുപ്പിന്റെ സഹായം തേടി. ബോർഡിനു കീഴിലുള്ള 1250–ലേറെ ക്ഷേത്രങ്ങളിലെ ഉത്സവ നടത്തിപ്പിനായി കോട്ടൂർ‍, കോന്നി, കോടനാട് കേന്ദ്രങ്ങളിലെ ആനകളെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിനും മന്ത്രിക്കും കത്തു നൽകി. ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിനു പ്രത്യേക പരിശീലനം സിദ്ധിച്ച ആനകളെ മുൻകാലങ്ങളിൽ ദേവസ്വം ബോർഡ് വനംവകുപ്പിന്റെ പക്കൽ നിന്ന് വാടകയ്ക്ക് എടുത്തിരുന്നു. 

വാടകയ്ക്കു പുറമേ പാപ്പാന്മാരുടെ പ്രതിഫലം, ബാറ്റ, ആനകളുടെ യാത്ര– ഭക്ഷണ ചെലവുകളും ഏറ്റെടുക്കാമെന്ന് ഇത്തവണ അറിയിച്ചിട്ടുണ്ട്. നിലവിൽ ദേവസ്വം ബോർഡിന് 24 ആനകളുണ്ടെങ്കിലും ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാൻ പറ്റിയ നിലയിലല്ല. മദപ്പാടും അനാരോഗ്യ പ്രശ്നങ്ങളുമുണ്ട്. നേരത്തെ അസം, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ആനകളെ വാങ്ങാൻ ദേവസ്വം ബോർഡിന് പദ്ധതിയുണ്ടായിരുന്നുവെങ്കിലും കേന്ദ്ര ചട്ടങ്ങൾ എതിരായതിനാൽ മുന്നോട്ടുപോയില്ല. നിലവിൽ ഒരു ദിവസത്തെ ഉത്സവത്തിന് 30,000 മുതൽ 1 ലക്ഷം രൂപ വരെ ആനകൾക്കു വാടക ഈടാക്കുന്നുണ്ട്.  

നിയമനിർമാണം ആയില്ല
2003– ലെ വന്യജീവി സംരക്ഷണ നിയമ ഭേദഗതി ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ആനകളെ കൊണ്ടുവരുന്നതിന് നിയന്ത്രണമേർപ്പെടുത്തിയിരുന്നു. 2022– ൽ മെരുക്കിയ ആനകളെ ഉടമസ്ഥ അവകാശമുള്ളവർക്കു കൊണ്ടുപോകാമെന്നും, ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഉടമസ്ഥാവകാശം മാറ്റാമെന്നും ഭേദഗതി വന്നെങ്കിലും കേരളം അനുബന്ധ നിയമനിർമാണത്തിന് ഇനിയും മുതിർന്നിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com