ധന്യയെ കടത്തിവിട്ട് കൃത്യമായ അകലത്തിൽ പിന്തുടർന്നു, ബാഗിൽ പെട്രോൾ നിറച്ച കുപ്പിയും കത്തിയും
Mail This Article
തിരുവനന്തപുരം /പാറശാല ∙ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടക്കുന്ന സംഘം ജില്ലയിൽ. പാറശാല പ്ലാമൂട്ടുക്കട–പൂഴിക്കുന്ന് റോഡിൽ ചർച്ചിനു സമീപം ഡ്രൈവിങ് സ്കൂൾ പരിശീലക ലിജി (31)യുടെ ആറു പവൻ സ്വർണമാല കവർന്നു. പകൽ കരമന ബണ്ട് റോഡിൽ തിരക്കേറിയ റോഡിലൂടെ സ്കൂട്ടർ ഓടിച്ചു പോയ മണക്കാട് കുര്യാത്തി സ്വദേശി ധന്യയുടെ മാല, ബൈക്കിൽ പിന്തുടർന്ന രണ്ടുപേർ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. രണ്ടും ഹെൽമറ്റ് ധരിച്ച സംഘങ്ങളായിരുന്നു. ധന്യയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച സംഘം തന്നെയാണ് ലിജിയുടെ മാലയും കവർന്നതെന്ന് പൊലീസ് പറയുന്നു.
]ഇന്നലെ രാവിലെ 10.25 ന് ആണ് ധന്യയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നത്. 11ന് ലിജിയുടെ മാല പൊട്ടിച്ചു. രണ്ടു സംഭവങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല. ലിജിയെ ആക്രമിച്ച സംഘം ബൈപാസ് വഴി രക്ഷപ്പെട്ടെന്നാണ് കരുതുന്നത്. ഇരുചക്ര വാഹനങ്ങളിൽ പോകുന്ന സ്ത്രീകളെ പലയിടത്തും ഇവർ പിന്തുടർന്നു നിരീക്ഷിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. പ്രതികളുടെ ബാഗിൽ മാരകായുധങ്ങളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
∙ നഗരത്തിൽ ഇന്നലെ സംഭവിച്ചത്.....
റോഡിലെ വളവ് തിരിയാൻ ഇൻഡിക്കേറ്റർ ഇട്ട് ഇരുചക്ര വാഹനത്തിന്റെ വേഗം കുറച്ച സമയത്താണ് തൊട്ടു പിന്നാലെ ഓടിച്ചു വന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന ഹെൽമറ്റ് ധരിച്ച യുവാവ് ധന്യയുടെ മാലയിൽ പിടിച്ചു വലിച്ചത്. ഇതോടെ ധന്യ വാഹനവുമായി റോഡിലേക്ക് മറിഞ്ഞു. മാല പൊട്ടിയെങ്കിലും കഴുത്തിൽ നിന്നും ഊരിപ്പോയില്ല. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ കാര്യമായ പരുക്കേറ്റില്ല. തൊട്ടു മുൻപിലുണ്ടായിരുന്ന ഓട്ടോറിക്ഷയടക്കം മറ്റു വാഹനങ്ങൾ നിർത്തിയെങ്കിലും, മോഷ്ടാക്കൾ ബൈക്ക് നിർത്താതെ ഇവരെ മറികടന്നു പാഞ്ഞു പോയി. സ്കൂട്ടറിൽ നിന്നു റോഡിലേക്ക് വീണ ധന്യയ്ക്കു നിസ്സാര പരുക്കേറ്റു. മാല പിടിച്ചു പറിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യം ബണ്ട് റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചു.
ധന്യയെ പിന്തുടർന്ന സംഘം ആദ്യം മറികടന്നു പോയെങ്കിലും പിന്നീട് ഇവരെ കടത്തിവിട്ട്, കൃത്യമായ അകലം പാലിച്ച് പിന്തുടർന്നു. വളവ് തിരിയുന്ന ഭാഗത്ത് എത്തിയപ്പോൾ ബൈക്ക് ഒപ്പത്തിനൊപ്പം എത്തിച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചുവപ്പ് ഷർട്ടും നീല ജീൻസും ധരിച്ച യുവാവാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കറുത്ത ഷർട്ടും നീല ജീൻസും ആയിരുന്നു പിന്നിലിരുന്നയാളിന്റെ വേഷം. ഇരുവരും കറുത്ത തുണിയും ഹെൽമറ്റും ഉപയോഗിച്ച് മുഖവും തലയും മറച്ചിരുന്നു. പ്രതികൾ എത്തിയതു മോഷ്ടിച്ച ബൈക്കിൽ ആണെന്നും പൊലീസ് പറഞ്ഞു.
പ്ലാമൂട്ടുക്കട–പൂഴിക്കുന്ന് റോഡിൽ സംഭവിച്ചത്....
വിരാലി കണ്ണുകുഴി വീട്ടിൽ ഡ്രൈവിങ് സ്കൂൾ പരിശീലക ലിജിയുടെ മാല പൊട്ടിക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. എതിർവശത്തുളള സ്പെയർപാർട്സ് കടയിലേക്ക് തിരിയാൻ സ്കൂട്ടർ റോഡ് വശത്തേക്ക് ഒതുക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കിന്റെ പിന്നിൽ ഇരുന്ന യുവാവ് ലിജിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാലയിൽ പിടിച്ചു. ഇതോടെ സ്കൂട്ടർ ഉപേക്ഷിച്ച് ലിജി മറുവശത്തേക്ക് ചാടി. എങ്കിലും ബൈക്കിൽ നിന്ന് ഇറങ്ങിയ യുവാവ് പാഞ്ഞെത്തി വീണ്ടും സ്വർണ മാലയിൽ പിടികൂടി. പ്രതിരോധിക്കാൻ ലിജി ശ്രമിച്ചെങ്കിലും മതിലിനടുത്തേക്ക് ഇവരെ വലിച്ചെറിഞ്ഞ ശേഷം ഞൊടിയിടയിൽ പൊട്ടിച്ചു കടന്നു. യുവതിയുടെ നിലവിളി കേട്ട് ആളുകൾ എത്തിയപ്പോഴേക്കും ഇവർ രക്ഷപ്പെട്ടു.
ബലമായി പൊട്ടിച്ചെടുത്തതിനാൽ ലിജിയുടെ കഴുത്തിലും ശക്തമായ വീഴ്ചയിൽ കാൽ, കൈ എന്നിവിടങ്ങളിൽ പരുക്കേറ്റിട്ടുണ്ട്. പൊഴിയൂർ പൊലീസിൽ പരാതി നൽകി.‘ വർഷങ്ങൾ നീണ്ട അധ്വാനത്തിൽ നിന്ന് മിച്ചം പിടിച്ച് വാങ്ങിയതാണ് ആ ആറു പവന്റെ മാല. ദയവായി കണ്ടെത്തി തിരിച്ചു കിട്ടാൻ വഴിയൊരുക്കണം’–തൊഴുകൈകളോടെയുള്ള ലിജിയുടെ വാക്കുകൾ. വിരാലിയിലെ ശാലോം ഡ്രൈവിങ് സ്കൂളിലെ പരിശീലന ജോലിയിൽ നിന്ന് ലഭിക്കുന്ന തുക കൊണ്ട് അടുത്തിടെയാണ് മാല വാങ്ങിയത്. ഭർത്താവ് കൂലിപ്പണിക്കാരനാണ്.
സ്വർണമാല ധരിച്ച സ്ത്രീകളെ നോട്ടമിടും; ബാഗിൽ പെട്രോൾ നിറച്ച കുപ്പിയും കത്തിയും...
കരമന, ബാലരാമപുരം, നേമം, വിഴിഞ്ഞം തുടങ്ങി നഗരത്തിലെ വിവിധ മേഖലകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്നു പ്രതികളുടെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇരുചക്ര വാഹനങ്ങളിൽ പോകുന്ന സ്ത്രീകളെ പലയിടത്തും ഇവർ പിന്തുടർന്നു നിരീക്ഷിക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. കഴുത്തിൽ സ്വർണമാല ധരിച്ചവരെ മാത്രമാണ് പിന്തുടർന്നത്. മോഷ്ടാക്കൾ ഒരു ബാഗ് തോളിൽ തൂക്കിയിരുന്നു. ഇതിനുള്ളിൽ പെട്രോൾ നിറച്ച കുപ്പിയും കത്തി ഉൾപ്പെടെയുള്ള ആയുധങ്ങളും ഉണ്ടായിരുന്നുവെന്നാണു പൊലീസ് നൽകുന്ന സൂചന. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൺട്രോൾ റൂമിൽ (100) വിവരം അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.