ADVERTISEMENT

വർക്കല∙ വലിയ സംഘമായി എത്തുന്ന സന്ദർശകരോട് സംസാരിച്ചു നിൽക്കാൻ പോലും ആൾബലം ഇല്ലാതെയാണ് തങ്ങൾ ജീവൻ രക്ഷാപ്രവർത്തകരായി നിൽക്കുന്നതെന്നു ലൈഫ് ഗാർഡുകൾ. കഴിഞ്ഞദിവസം അപകട‌ത്തിൽ മരിച്ച തമിഴ്നാട് സ്വദേശി ഉൾപ്പെടെ 30 പേരാണ് വർക്കല മെയിൻ ബീച്ചിൽ നിന്നു വടക്കു മാറി സ്ഥിതി ചെയ്യുന്ന തിരുവമ്പാടി ബീച്ചിലേക്ക് എത്തിയത്. ഇവിടെ നിലവിൽ ഒരാൾ മാത്രമാണ് ലൈഫ് ഗാർഡ് ഡ്യൂട്ടി ചെയ്യുന്നത്. ശക്തമായ തിരയിൽ കടലിലേക്ക് ഇറങ്ങരുതെന്നു മുന്നറിയിപ്പ് നൽകിയതാണ്. എന്നാൽ നീന്തൽ അറിയാമെന്നു അവകാശപ്പെട്ടാണ് പലരും കടലിലേക്ക് ഇറങ്ങിയത്. 

ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന പലർക്കും കടൽക്കാഴ്ച ഒരു ആവേശമാണ്. ഇവർ സംഘമായി കടലിലേക്ക് ഇറങ്ങുമ്പോൾ മുന്നറിയിപ്പ് നൽകിയാലും അവഗണിക്കും. ഇത്തരം ഘട്ടങ്ങളിൽ പൊലീസ് സഹായം വേണ്ടിവരുമെങ്കിലും ഇവരുടെ ഇടപെടലും ശുഷ്കമാണ്. തെക്ക് ഭാഗത്ത് ഏണിക്കൽ ബീച്ച്, പാപനാശം ബീച്ച്, വടക്ക് തിരുവമ്പാടി ബീച്ച് ഉൾപ്പെടുന്നതാണ് വർക്കല തീരം. പാപനാശത്തും തിരുവമ്പാടിയിലുമാണ് നിലവിൽ ലൈഫ് ഗാർഡ് കാവൽ ഉള്ളത്.  പാപനാശത്ത് 5 പേരും തിരുവമ്പാടിയിൽ ഒരാളുമുണ്ട്. ഇടവ കാപ്പിൽ ബീച്ചിൽ അടിക്കടി മൂന്നുപേർ മരിച്ച പശ്ചാത്തലത്തിൽ ഒരാളെ അടുത്തകാലത്ത് നിയമിച്ചു. 

എങ്കിലും മതിയായ എണ്ണം ലൈഫ് ഗാർഡുകളെ നിയോഗിക്കുന്നില്ലെന്നാണ് പ്രധാന പരാതി. ദിവസവും കുറഞ്ഞത് 12 പേരെങ്കിലും വേണ്ട സ്ഥാനത്ത് ഇപ്പോൾ പകുതി പേർ മാത്രമാണുള്ളത്. എല്ലാ ദിവസവും ഇത്രയും ലൈഫ് ഗാർഡുകൾ ഉണ്ടാവണമെന്നില്ല. ഒരു പോയിന്റിൽ കുറഞ്ഞത് രണ്ടു പേരെങ്കിലും വേണമെന്നാണ് കണക്ക്. എന്നാൽ തിരുവമ്പാടിയിലും കാപ്പിൽ ബീച്ചിലും ഒരാൾ വീതം മാത്രമാണ് ജോലി നോക്കുന്നത്. ലൈഫ് ഗാർഡുകൾ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടും മരണങ്ങൾ ആവർത്തിക്കുന്നതിനു പ്രധാന കാരണം മുന്നറിയിപ്പുകളോട് സന്ദർശകർ തുടരുന്ന അലംഭാവം തന്നെയാണ്.

ഓരോ മാസവും ശരാശരി 25ഓളം പേർ അപകടത്തിൽപ്പെട്ടു രക്ഷാപ്രവർത്തകരുടെ കൈകളിലേറി തിരികെ കരയേറുമ്പോൾ മൃത്യു വരിക്കുന്നവരുടെ കണക്കുകൾ അടുത്തകാലത്ത് കൂടുന്നു. നേരത്തെ പാപനാശത്തും തിരുവമ്പാടിയിലും മാത്രമാണ് സന്ദർശകർ എത്തിച്ചേരുന്നതെങ്കിൽ ഇപ്പോൾ ആൾത്തിരക്ക് കൂടി ലൈഫ് ഗാർഡുകളുടെ കണ്ണെത്താ ഭാഗങ്ങളിലൂടെയും സന്ദർശകർ കടലിലേക്കു ഇറങ്ങുന്ന സ്ഥിതിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com