ADVERTISEMENT

തിരുവനന്തപുരം∙ ബിഡിഎസ് രണ്ടാംവർഷ വിദ്യാർഥിയായ ആറ്റിങ്ങൽ താഴെയിളമ്പ സ്വദേശി അക്ഷയയ്ക്ക് ഇന്നും ആ ദിവസം തെളിഞ്ഞ ഓർമയാണ്.‌ തോട്ടിലെ ഒഴുക്കിൽപ്പെട്ട കുട്ടിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ ദിവസം. ആറ്റിങ്ങൽ ഇളമ്പ ഡിഎസ് നിവാസിൽ അനിൽ കുമാറിന്റെയും ദീപയുടെയും മകളായ അക്ഷയ ആറാംക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം.

മേയിൽ മഴപെയ്ത് നിറഞ്ഞുകിടക്കുന്ന തോടിനരികിൽക്കൂടി ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുകയായിരുന്നു അക്ഷയ. മറ്റൊരു ട്യൂഷൻ ക്ലാസിൽനിന്ന് വരുന്ന ഏതാനും ആൺകുട്ടികൾ മുന്നിലുണ്ട്. അക്ഷയയേക്കാൾ ഒരു വയസ് കുറഞ്ഞ കുട്ടികൾ. തോട്ടുവെള്ളത്തിൽ കുടമുട്ടിച്ച് കളിച്ചുനടന്ന ഒരു വിദ്യാർഥി പെട്ടെന്ന് തെന്നിതോട്ടിൽ വീണു. പതിനൊന്നു വയസുകാരനായ അഭിനന്ദ്. നല്ല ഒഴുക്കിൽ അഭിനന്ദ് മുങ്ങിത്താണ് ഒഴുകിപ്പോയി.

പിന്നിലായി നടന്നുവന്നിരുന്ന അക്ഷയ അഭിനന്ദ് വെള്ളത്തിൽ വീഴുന്നത് കണ്ടിരുന്നു. സമീപത്തെ വീട്ടിലേക്ക് കയറാനായി നിർമിച്ചിട്ടുള്ള പാലത്തിനുനേരെ വേഗത്തിൽ ഒഴുകിപ്പോകുകയാണ് അഭിനന്ദ്. പിന്നിൽ തൂക്കിയിരുന്ന സ്കൂൾബാഗ് മാത്രം വെള്ളത്തിൽ പൊങ്ങിനിൽക്കുന്നു. ഒരു നിമിഷംപോലും പാഴാക്കാതെ അക്ഷയ പിന്നിലേക്കോടി. പാലത്തിന് മറുവശത്തെത്തിയ അക്ഷയ അഭിനന്ദിന്റെ ബാഗിൽ പിടിത്തമിട്ടു. ശേഷം പിടിച്ചുവലിച്ച് കരയ്ക്കു കയറ്റി. അന്ന് 12 വയസാണ് അക്ഷയയ്ക്ക്.‌

അഭിനന്ദിന് പതിനൊന്നും. ഇളമ്പ പൂവത്തിൻമൂല കുന്നിൻപുറത്ത് വീട്ടിൽ ബിജുവിന്റെയും റീനയുടെയും മകനായ അഭിനന്ദ് എൻജിനിയറിങ് ആദ്യ വർഷ വിദ്യാർഥിയാണിപ്പോൾ. ഈ സംഭവത്തോടെ അക്ഷയ നാട്ടിലെ താരമായി എന്നാൽ ഔദ്യോഗികമായി അനുമോദിക്കുകയോ ആദരിക്കുകയോ ഉണ്ടായില്ല. അഭിനന്ദിന്റെ വീട്ടുകാർക്ക് ഇന്നും ജീവനാണ് അക്ഷയയുടെ ഈ പ്രവൃത്തി. അഭിനന്ദ് ഇന്നു നമുക്കൊപ്പമുള്ളത് അക്ഷയ കാണിച്ച ധീരത കാരണമാണെന്ന് വീട്ടുകാരും നാട്ടുകാരും ഇന്നും ഓർക്കുന്നു.

കൂട്ടുകാരനെ ഗുണാകേവിൽനിന്ന് രക്ഷിച്ച സുഹൃത്തുക്കളുടെ കഥപറഞ്ഞ മഞ്ഞുമ്മൽ ബോയ്സ് ഹിറ്റായതോടെ കൂട്ടുകാരനെ രക്ഷിച്ച അക്ഷയയെയും നാട്ടുകാർ ഓർത്തു. മാർച്ച് 20ന് ആറ്റിങ്ങൽ പള്ളിയറ ക്ഷേത്രത്തിലെ ഉത്സവത്തിന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അക്ഷയയെ നാട്ടുകാർ ആദരിച്ചു. ഒപ്പം അഭിനന്ദും ഉണ്ടായിരുന്നു. മുദാക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി ഇരുവർക്കും ഉപഹാരങ്ങൾ കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com