വരൾച്ച പ്രതിരോധിക്കാൻ മാർഗനിർദേശങ്ങൾ; അടിയന്തര ജലസംരക്ഷണ നടപടികൾ വേണമെന്ന് കൃഷിവകുപ്പ്
Mail This Article
തിരുവനന്തപുരം ∙ കൊടും ചൂടിൽ കൃഷിയിടങ്ങൾ വരണ്ടുണങ്ങിയതോടെ വരൾച്ച പ്രതിരോധിക്കാൻ കൃഷി വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. വരൾച്ച ബാധിക്കാനിടയുള്ള പ്രദേശങ്ങൾ കണ്ടെത്തി ജലസംരക്ഷണ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നിർദേശങ്ങളിൽ പറയുന്നു. ഈ സ്ഥലങ്ങളിൽ ജലസ്രോതസ്സുകൾ പുന:രുജ്ജീവിപ്പിക്കണം. വിളവിൽ കുറവുണ്ടായാൽ പ്രത്യേകം നിരീക്ഷിക്കണം. ജല ഉപയോഗം കുറവ് ആവശ്യമുള്ള വിളകളുടെ കൃഷി (മൂന്നാം വിള) വ്യാപിപ്പിക്കണം. ജലഉപയോഗം കുറവായ ജലസേചന രീതികൾ കൂടുതൽ പ്രദേശത്ത് നടപ്പാക്കണം. വരൾച്ച പ്രതിരോധിക്കാനുള്ള കൃഷി പരിപാലന മുറകൾ അനുവർത്തിക്കണമെന്നും കൃഷി വകുപ്പ് നിർദേശിച്ചു.
29.20 കോടിയുടെ വിളനാശം
വരൾച്ചയെ തുടർന്ന് ജനുവരി മുതൽ ഇന്നലെ വരെയായി സംസ്ഥാനത്ത് 29.20 കോടി രൂപയുടെ വിളനാശം റിപ്പോർട്ട് ചെയ്തെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. 2,046.56 ഹെക്ടർ കൃഷി ഭൂമിയെ വരൾച്ച ബാധിച്ചു. 6,022 കർഷകർക്കാണ് വിളനാശമുണ്ടായത്. പാലക്കാട് ജില്ലയിലാണ് കൂടുതൽ വിളനാശം, കുറവ് എറണാകുളത്ത്.