കോട്ടുകാൽ പ്രദേശത്ത് ഈ ആഴ്ച കനാൽ ജലം എത്തുമെന്ന് അധികൃതർ
Mail This Article
വിഴിഞ്ഞം∙ജലക്ഷാമം രൂക്ഷമായ കോട്ടുകാൽ പ്രദേശത്ത് ഈ ആഴ്ചയോടെ കനാൽ ജലം എത്തുമെന്ന് മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ. ഇവിടേക്ക് കനാൽ ജലം എത്തുന്ന ചൊവ്വര കനാൽ ശുചീകരണം വൈകിയതും പൂർത്തിയാകാത്തതുമാണ് ജലമെത്തുന്നതിനു തടസ്സമായതെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. കോട്ടുകാലിലെ കടുത്ത ജലക്ഷാമത്തെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മലയാള മനോരമയിൽ ചിത്രങ്ങൾ സഹിതം വാർത്ത നൽകിയിരുന്നു.
മാസങ്ങളായി രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കോട്ടുകാൽ പഞ്ചായത്തിലെ കനാൽ ശുചീകരിച്ചു ജലമെത്തുന്നതും കാത്ത് ജനം ഇരിക്കാൻ തുടങ്ങിയിട്ടു ദിവസങ്ങളേറെയായി.
ജലം പഞ്ചായത്തു പ്രദേശത്തേക്ക് എത്തുന്നതിന്റെ തുടക്ക ഭാഗമായ ബാലരാമപുരം പാലച്ചൽകോണം ഭാഗത്ത് കനാൽ ശുചീകരിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് അധികൃതർ പറയുന്നു. മണ്ണുൾപ്പെടെ നീക്കി കനാൽ ശുചീകരണം ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുന്ന മുറക്ക് ജലം കോട്ടുകാലിലെത്തും എന്നാണ് അധികൃതരുടെ ഉറപ്പ്.