മൂവരുടെയും ഇമെയിൽ വിനിമയം രഹസ്യഭാഷയിൽ; ചർച്ച മരണാനന്തര ജീവിതത്തെക്കുറിച്ച്
![thiruvananthapuram-arunachal വട്ടിയൂർക്കാവ് സ്വദേശി ദേവിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ. വിവാഹവേളയിൽ അണിഞ്ഞ നീലസാരിയാണ് ദേവിയെ യാത്രയാക്കുന്ന വേളയിലും മാതാപിതാക്കൾ തിരഞ്ഞെടുത്തത്. എംബാം ചെയ്താണു മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്.](https://img-mm.manoramaonline.com/content/dam/mm/mo/district-news/thiruvananthapuram/images/2024/4/5/thiruvananthapuram-arunachal.jpg?w=1120&h=583)
Mail This Article
തിരുവനന്തപുരം∙ അരുണാചൽ പ്രദേശിൽ മരിച്ച നവീൻ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മിൽ ഇമെയിൽ വഴി നടത്തിയ ആശയവിനിമയവും രഹസ്യഭാഷയിലൂടെയാണെന്ന് പൊലീസ്. 2021 മുതലുള്ള ഇവരുടെ ഇമെയിൽ പരിശോധിച്ചപ്പോൾ ഇതാണ് മനസ്സിലാകുന്നത്. മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ചർച്ച. മരണത്തിന് അരുണാചൽ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും വിചിത്രവിശ്വാസവും തമ്മിൽ ബന്ധമുണ്ടോയെന്നു സംശയമുണ്ടെന്നും കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിസിപി പി.നിധിൻ രാജ് പറഞ്ഞു.
നവീനും ദേവിയും നേരത്തേയും അരുണാചൽ പ്രദേശിൽ പോയിട്ടുണ്ട്. ഇത്തവണ ഗുവാഹത്തിയിൽ വരെ വിമാനത്തിൽ പോയതു കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇത്തരം വിശ്വാസത്തിലേക്കു നയിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കും. സൈബർ വിഭാഗത്തിന്റെ അന്വേഷണത്തിനൊപ്പം മറ്റ് അന്വേഷണവും നടക്കും. ദേവിയുടെയും ആര്യയുടെയും അടുത്ത സുഹൃത്തുക്കളിൽ നിന്നും ഇത്തരം വിവരങ്ങൾക്കായി മൊഴിയെടുക്കും.
ദേവിയുടെയും ആര്യയുടെയും സമ്മതത്തോടെ അവരെ കൊലപ്പെടുത്തിയ ശേഷം നവീൻ അതേരീതിയിൽ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. ഇത്തരം ദാരുണമരണം മൂന്നുപേരും തിരഞ്ഞെടുത്തത് ഡാർക് വെബ്ബിൽ തിരഞ്ഞ ശേഷമാണെന്നും പൊലീസ് കരുതുന്നു. വിചിത്രവിശ്വാസത്തിന്റെ വഴികൾ ഉപദേശിക്കുന്ന സംഘങ്ങൾ ഡാർക് വെബ്ബിൽ ഒട്ടേറെയുണ്ട്.