ADVERTISEMENT

തിരുവനന്തപുരം∙  എൻഡിഎ സ്ഥാനാർഥി പണം നൽകി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ അതിരൂക്ഷമായി പ്രതികരിച്ച് രാജീവ് ചന്ദ്ര ശേഖർ.'മൂന്ന് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇപ്പോൾ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണ്.

നെഗറ്റീവ് രാഷ്ട്രീയം എന്റെ ശൈലിയല്ല. ഞാൻ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകൾക്കും നാടിന്റെ  വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ടീയത്തിലേക്ക് വലിച്ചിടരുത്, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.ശശി തരൂരിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും അപകീർത്തിപരമായ  പ്രസ്താവനക്കെതിരെ ശക്തമായ നിയമനടപടികൾ ആരംഭിച്ചതായും രാജീവ് ചന്ദ്രശേഖർ സൂചിപ്പിച്ചു. 

ഒരു എംപി എന്ന നിലയിൽ ശശി തരൂരിന്റെ കഴിഞ്ഞ 15 വർഷത്തെ പ്രകടനം സൂക്ഷ്മ പരിശോധന നടത്തുന്നതിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള നിഷ്ഫലശ്രമമാണ് അദ്ദേഹം ഇപ്പോൾ പറയുന്ന പച്ചക്കള്ളത്തിനു പിന്നിലുള്ളത്. മുൻപ് സിഎഎ, മണിപ്പൂർ വിഷയങ്ങളിൽ പറഞ്ഞതു പോലുള്ള പച്ച നുണയാണ് താൻ പണം നൽകി സാമുദായിക വോട്ടുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നതും. എനിക്കെതിരെ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിൽ ഗൗരവമേറിയ പല ചോദ്യങ്ങൾക്കും ശശി തരൂർ മറുപടി പറയണം, പറയേണ്ടിവരും.

1) പണം നൽകിയതാർക്ക്? ഞാൻ പണം നൽകിയെന്ന് ആരോപിക്കുമ്പോൾ അത് ആര് വാങ്ങി എന്നു കൂടി ശശി തരൂർ വ്യക്തമാക്കുക തന്നെ വേണം.

2) സിറ്റിങ് എംപി എന്ന നിലയിൽ അദ്ദേഹത്തിനും ഇത്തരം ഒരു അനുഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് ആരിൽ നിന്ന് എന്നദ്ദേഹം വ്യക്തമാക്കണം. 

ഇന്നാട്ടിലെ സാമുദായിക സംഘടനകളെക്കൂടി അവഹേളിക്കുന്നതാണ് തരൂരിൻ്റെ വ്യാജ പ്രസ്താവന.  ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിന് നിയമപരമായി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കണമെന്നു കൂടി ശശി തരൂർ ഓർത്തിരിക്കുന്നത് നല്ലതാണ്. തരൂരിൻ്റെ രാഷ്ട്രീയ സംസ്കാരമല്ല എൻ്റേത്.  എന്തായാലും, ഇത്തരം ബാലിശമായ ആരോപണങ്ങളെ ആശ്രയിച്ചല്ല,  മറിച്ച് തിരുവനന്തപുരത്തെ ജനങ്ങളുടെ വീട്, കുടിവെള്ളം, നൈപുണ്യ വികസനം തുടങ്ങി സമഗ്ര വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാൻ മുമ്പോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com