ജലക്ഷാമം രൂക്ഷം: രണ്ടു ദിവസം പമ്പിങ് മുടങ്ങി, പ്രതീക്ഷ വേനൽ മഴയിൽ
Mail This Article
കിളിമാനൂർ∙ കടുത്ത വേനലിൽ വാമനപുരം നദിയിലെ ജലനിരപ്പു താഴുന്നു. വാമനപുരം നദി വറ്റി വരണ്ടതോടെ കിളിമാനൂർ പഴയകുന്നുമ്മേൽ മടവൂർ പഞ്ചായത്തുകളിലെ കുടിവെള്ളം വിതരണം രണ്ട് ദിവസം മുടങ്ങി. വൃഷ്ടി പ്രദേശങ്ങളിൽ രണ്ട് ദിവസമായി പെയ്ത വേനൽ മഴയെത്തുടർന്ന് നദിയിൽ നീരൊഴുക്കു തുടങ്ങി. ഇതിനെത്തുടർന്ന് ഇന്നലെ മുതൽ പമ്പിങ് പുനരാരംഭിച്ചു. ഏപ്രിൽ ഒന്നിന് പമ്പിങ് നടത്തിയില്ല.
നദിയിൽ അവിടവിടെ കുഴികളിൽ കെട്ടി കിടക്കുന്ന വെള്ളം 7.5 എച്ച്പിയുടെ രണ്ട് പമ്പുകളും പൈപ്പുകളും ഉപയോഗിച്ച് വെള്ളം കിണറ്റിൽ എത്തിച്ചാണ് പിറ്റേ ദിവസം ഭാഗികമായി ജലഅതോറിറ്റി അധികൃതർ പമ്പിങ് നടത്തിയത്. മൂന്നു പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലധികം കണക്‌ഷനുകൾ ഉണ്ട്.
വിതരണത്തിന് ദിവസം 15 ദശലക്ഷം ലീറ്റർ വെള്ളം വേണം. പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾക്ക് വെള്ളം ശേഖരിക്കുന്നത് വാമനപുരം നദിയുടെ സമീപങ്ങളിൽ നിർമിച്ചിട്ടുള്ള കിണറുകളിൽ നിന്നാണ്. വേനൽ മഴയെത്തുടർന്ന് പമ്പിങ് പൂർവ സ്ഥിതിയിൽ ആയിട്ടുണ്ട്. ഇത് എത്ര ദിവസത്തേക്ക് എന്ന കാര്യത്തിൽ ആശങ്കയുണ്ട്. വെള്ളം കരുതലോടെ ഉപയോഗിക്കണമെന്ന് ജല അതോറിറ്റി അധികൃതർ അഭ്യർഥിച്ചു.