പൊതുപര്യടനം കൊഴുപ്പിച്ച് സ്ഥാനാർഥികൾ; വികസനം..വാഗ്ദാനം..പ്രചാരണായുധം
Mail This Article
തിരുവനന്തപുരം ∙ പൊതുപര്യടനം കൊഴുപ്പിച്ച് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ. എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ പര്യടനം നടത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ നെയ്യാറ്റിൻകര മണ്ഡലത്തിലായിരുന്നു പര്യടനം. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ഇന്നലെ തീരദേശ മേഖലയിൽ വോട്ടർമാരെ കണ്ടു.
പന്ന്യന്റെ വട്ടിയൂർക്കാവിലെ പര്യടനം കണ്ണമ്മൂലയിൽ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.കെ.പ്രശാന്ത് എംഎൽഎ മണ്ഡലത്തിലുടനീളം സ്ഥാനാർഥിക്കൊപ്പം സഞ്ചരിച്ചു. വട്ടിയൂർക്കാവ് ജംക്‌ഷനിൽ സമാപിച്ചു. ഇന്നു കോവളം മണ്ഡലത്തിലാണു പന്ന്യന്റെ പര്യടനം. പാലപ്പൂര് തുടങ്ങി ബാലരാമപുരത്തു സമാപിക്കും.
യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും ഇന്നു കോവളം മണ്ഡലത്തിൽ പര്യടനം നടത്തും. ഇന്നലത്തെ പര്യടനം ഉദിയൻകുളങ്ങരയിൽ കെപിസിസി ജനറൽ സെക്രട്ടറി മരിയാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് പൂഴിക്കുന്നിലെ സ്വീകരണത്തിനുശേഷം ഇടവേളയെടുത്തു. ഉച്ചക്കടയിലായിരുന്നു സമാപനം.
രാജീവ് ചന്ദ്രശേഖർ വലിയതുറയിലെ മത്സ്യത്തൊഴിലാളികളെ കണ്ടു. തലസ്ഥാനത്തെ എംപിയായി വിജയിച്ചു മന്ത്രിയായാൽ വലിയതുറ പാലത്തിന്റെ നവീകരണം ആദ്യ തീരുമാനമായി നടപ്പാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. പരശുവയ്ക്കൽ മലഞ്ചുറ്റ് ബിഎഫ്എം കോളനി സന്ദർശിച്ചു. കൊല്ലങ്കോട് ഭദ്രകാളി ദേവീ ക്ഷേത്രത്തിലും പാറശ്ശാല മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലുമെത്തി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഇന്നു രാജീവ് ചന്ദ്രശേഖറിനു വേണ്ടി പ്രചാരണത്തിനിറങ്ങും. സന്തോഷ് വർമയുടെ വരികളിൽ, അനിൽ ജോൺസണിന്റെ സംഗീതത്തിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണഗാനം പുറത്തിറങ്ങി. ‘ഇനി കാര്യം നടക്കും’ എന്ന പോസ്റ്റർ പ്രചാരണമാണു ഗാനത്തിലും പ്രമേയമായി വന്നിരിക്കുന്നത്.
ആറ്റിങ്ങൽ ∙ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഇന്നലെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ പുളിയറക്കോണത്ത് നിന്നും ആരംഭിച്ച പര്യടനം മലയിൻകീഴിൽ സമാപിച്ചു. ഇന്ന് ഉഴമലയ്ക്കൽ, തൊളിക്കോട്, വിതുര പഞ്ചായത്തുകളിൽ പര്യടനം നടത്തും. രാവിലെ 8നു കല്ലാറിൽ നിന്നും ആരംഭിക്കുന്ന പര്യടനം രാത്രി 7.45ന് ആനാട് ഗാന്ധി ജംക്‌ഷനിൽ സമാപിക്കും.
എൽഡിഎഫ് സ്ഥാനാർഥി വി.ജോയി ഇന്നലെ വർക്കല നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കല്ലമ്പലത്ത് നിന്നും ആരംഭിച്ച പര്യടനം മടവൂർ ടൗണിൽ സമാപിച്ചു. ഇന്ന് ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ മണമ്പൂർ പഞ്ചായത്തിലെ പന്തടിവിളയിൽ തുടങ്ങുന്ന പര്യടനം രാത്രി 7നു മണനാക്കിൽ സമാപിക്കും.
എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ ഇന്നലെ രാവിലെ വർക്കലയിലും ഉച്ചയ്ക്ക് ശേഷം ചിറയിൻകീഴ് മണ്ഡലത്തിലും പര്യടനം നടത്തി. രാവിലെ വർക്കല നിയോജക മണ്ഡലത്തിലെ കാപ്പിൽ നിന്ന് ആരംഭിച്ച പര്യടനം ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ ഭാവന ജംക്‌ഷനിൽ സമാപിച്ചു. ഇന്നു വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
ബിജെപി പണം നൽകുന്നുവെന്ന ആരോപണവുമായി തരൂർ
തിരുവനന്തപുരം ∙ ബിജെപി പണം നൽകി വോട്ടു തേടുന്നുവെന്ന ആരോപണവുമായി ശശി തരൂർ. മത, സാമുദായിക നേതാക്കളും ഇടവക വികാരിമാരും ഇക്കാര്യം തന്നോടു രഹസ്യമായി വെളിപ്പെടുത്തിയെന്നു ചാനൽ അഭിമുഖത്തിൽ തരൂർ ആരോപിച്ചു. ഇക്കാര്യങ്ങൾ പുറത്തു പറയാൻ ആരും തയാറാകുന്നില്ല. എന്നാൽ, മലയാളികൾ അഭിമാനമുള്ളവരായതിനാൽ പണം വാങ്ങി വോട്ടു ചെയ്യില്ല. കഴിഞ്ഞ തവണത്തെക്കാൾ നൂറിരട്ടി പണമായിരിക്കാം മണ്ഡലത്തിൽ ബിജെപി ചെലവാക്കുന്നത്. കഴിഞ്ഞ 2 തവണയും 30 ശതമാനത്തിലേറെ വോട്ടുകൾ ബിജെപി നേടിയിരുന്നു. ഇത്തവണ എൽഡിഎഫുമായി നേരിട്ടുള്ള മത്സരമാണു താൻ ആഗ്രഹിച്ചത്.
എന്നാൽ, ബിജെപി മുന്നേറുകയും എൽഡിഎഫ് പിന്നോട്ടു പോകുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ. എൽഡിഎഫിന്റെ ആക്രമണം മുഴുവൻ തനിക്കെതിരെയാണ്. ഡൽഹിയിലെ ഭരണം മാറ്റാനാണ് എൽഡിഎഫും മത്സരിക്കുന്നതെങ്കിൽ ബിജെപിയെ എതിർക്കുകയല്ലേ വേണ്ടതെന്നും തരൂർ ചോദിച്ചു. പല വേദികളിലും എൽഡിഎഫ് സ്ഥാനാർഥി വരുന്നില്ല. താനും രാജീവും മാത്രമാണു പങ്കെടുക്കുന്നത്. തനിക്കു കഴിഞ്ഞ 3 തവണ ജനങ്ങൾ തന്ന സ്നേഹവും വിശ്വാസവും ഇപ്പോഴും അതുപോലെയുണ്ട്. അതിനാൽ വിജയിക്കുമെന്നും തരൂർ പറഞ്ഞു.
സമുദായ സംഘടനകളെ ആക്ഷേപിക്കുന്നു: രാജീവ്
തിരുവനന്തപുരം ∙ പണം നൽകിയെന്ന് ആരോപിക്കുമ്പോൾ അത് ആരു വാങ്ങി എന്നു കൂടി ശശി തരൂർ വ്യക്തമാക്കണമെന്ന് രാജീവ് ചന്ദ്രശേഖർ. സമുദായിക സംഘടനകളെക്കൂടി അവഹേളിക്കുന്നതാണ് തരൂരിന്റെ ആരോപണം. ഇതിനു നിയമപരമായ പ്രത്യാഘാതമുണ്ടാകുമെന്നു തരൂർ ഓർത്തിരിക്കുന്നത് നല്ലതാണ്. തരൂരിന്റെ രാഷ്ട്രീയ സംസ്കാരമല്ല തന്റേത്. ഇത്തരം ബാലിശമായ ആരോപണങ്ങളെ ആശ്രയിച്ചല്ല, മറിച്ച് തിരുവനന്തപുരത്തെ ജനങ്ങളുടെ വീട്, ശുദ്ധജലം, നൈപുണ്യ വികസനം തുടങ്ങി സമഗ്ര വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് താൻ മുന്നോട്ടു പോകുന്നത്.
സാധ്യമായ എല്ലാ വഴികളും ഉപയോഗിച്ച് നിയമപരമായിത്തന്നെ ഇത്തരം വില കുറഞ്ഞ നീക്കങ്ങളെ നേരിടും. നെഗറ്റീവ് രാഷ്ട്രീയം എന്റെ വഴിയല്ല. അതിലേക്ക് എന്നെ വലിച്ചിടരുതെന്നും രാജീവ് ആവശ്യപ്പെട്ടു. തരൂരിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നൽകി. രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തരൂർ ഉന്നയിച്ചതെന്നും ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളോ രേഖകളോ നൽകാൻ തരൂർ തയാറായിട്ടില്ലെന്നും പരാതിയിൽ ആരോപിച്ചു. വിഡിയോകൾ ന്യൂസ് ചാനലിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്യണമെന്നും ബിജെപി കമ്മിഷനോട് ആവശ്യപ്പെട്ടു.