ശുദ്ധജലം കിട്ടാക്കനിയോ? പേപ്പാറ ഡാമിൽ ഇനിയുള്ളത് 78 ദിവസത്തേക്കുള്ള വെള്ളം
Mail This Article
തിരുവനന്തപുരം ∙ പൊള്ളുന്ന ചൂടിൽ പേപ്പാറ ജലസംഭരണിയിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. പേപ്പാറ ജലസംഭരണിയിൽ ഇനിയുള്ളത് 78 ദിവസത്തേക്കുള്ള വെള്ളം മാത്രം. പേപ്പാറയിൽ നിന്ന് അരുവിക്കര ശുദ്ധജല സംഭരണിയിൽ എത്തിച്ച് പമ്പ് ചെയ്താണ് നഗരത്തിലേക്ക് ശുദ്ധജലം വിതരണം നടത്തുന്നത്. വേനൽമഴ ലഭിച്ചില്ലെങ്കിൽ നഗരത്തിൽ ജൂൺ 15 മുതൽ ജലവിതരണം പ്രതിസന്ധിയിലാകും.
ഇന്നലത്തെ ജലനിരപ്പ് 102 മീറ്റർ
പേപ്പാറ ഡാമിൽ 107.5 മീറ്ററാണ് ജലം സംഭരിക്കാനുള്ള അനുമതി. ഇന്നലെ 102 മീറ്ററാണ് ജലനിരപ്പ്. വേനലായതോടെ ഒരു ദിവസം 5 മുതൽ 7 സെന്റീമീറ്റർ വരെയാണ് ജലനിരപ്പ് താഴുന്നത്. ഈ വർഷം ജനുവരി ആദ്യവാരം 107.5 മീറ്ററായിരുന്നു ജലനിരപ്പ്. കഴിഞ്ഞ മാസം ആദ്യവാരത്തോടെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. ഒരു ദിവസം 360–375 ദശലക്ഷം ലീറ്റർ വെള്ളമാണ് പേപ്പാറയിൽ നിന്ന് അരുവിക്കരയിലെ നാല് ട്രീറ്റ്മെന്റ് പ്ലാന്റുകളിൽ എത്തിച്ച ശേഷം നഗരത്തിന്റെ ആവശ്യത്തിനായി പമ്പു ചെയ്യുന്നത്. 12 ലക്ഷം പേരാണ് അരുവിക്കരയിൽ നിന്നുള്ള വെള്ളം ഒരു ദിവസം കുടിക്കുന്നതെന്നു ജല അതോറിറ്റി പറയുന്നു.
വേനൽ കടുത്താൽ ജലനിരപ്പ് ഒരു ദിവസം 10 സെന്റീമീറ്റർ വരെ താഴ്ന്നേക്കാം. പേപ്പാറ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് വരൾച്ച രൂക്ഷമാണ്. ഡാമിലെ തുരുത്തുകൾ ദൃശ്യമായി. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ പരിധിയിലുള്ള പേപ്പാറ ഡാമിന്റെ പരമാവധി സംഭരണ ശേഷി 110.5 മീറ്റർ വരെയാണ്. 107.5 മീറ്റർ വരെ ജലം സംഭരിക്കാൻ മാത്രമാണ് വനം വന്യജീവി വകുപ്പ്, ജല അതോറിറ്റിക്ക് അനുമതി നൽകിയിട്ടുള്ളത്. നഗരത്തിന്റെ വർധിച്ചു വരുന്ന ശുദ്ധജല ആവശ്യം കണക്കിലെടുത്ത് പേപ്പാറ ഡാമിൽ കൂടുതൽ വെള്ളം സംഭരിക്കണം എന്നാവശ്യപ്പെട്ട് 2019 മുതൽ ജലഅതോറിറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോട് അപേക്ഷ നൽകിയിട്ടും തീരുമാനമെടുത്തിട്ടില്ല.
ഡാം വറ്റി വരളുമോ?
ജല അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കഷ്ടിച്ച് രണ്ടര മാസത്തേക്കുള്ള വെള്ളം മാത്രമാണ് പേപ്പാറ അണക്കെട്ടിലുള്ളത്. വേനൽമഴ ലഭിക്കാതിരുന്നാൽ പേപ്പാറയിൽ നിന്ന് അരുവിക്കരയിലേക്കുള്ള വെള്ളം നൽകാനാകില്ല. ഇത് ജല അതോറിറ്റിയെ നേരിയ പ്രതിസന്ധിയിലാക്കുന്നു. അടുത്ത മാസം അവസാന വാരം വേനൽമഴയും ജൂണിൽ കാലവർഷം എത്തുകയുമാണെങ്കിൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് ജലഅതോറിറ്റിയുടെ വിശദീകരണം. 2017ൽ വേനൽമഴയും കാലവർഷവും വൈകിയതിനെ തുടർന്ന് പേപ്പാറ അണക്കെട്ടിലെ വെള്ളം വറ്റിയതിനാൽ നഗരത്തിലേക്കുള്ള ജലവിതരണം മുടങ്ങി. ഈ സ്ഥിതിവിശേഷം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ജലഅതോറിറ്റി. 2017 ഏപ്രിൽ 6 ന് 94.15 മീറ്ററായിരുന്നു ഡാമിലെ ജലനിരപ്പ്.
ഡാം കാണാം, നിയന്ത്രണങ്ങളുണ്ട്
പേപ്പാറ ഡാമിലേക്ക് സന്ദർശകരെ കടത്തി വിടുന്നുണ്ടെങ്കിലും ചില നിയന്ത്രണങ്ങൾ ജലഅതോറിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 5 വരെയാണ് സമയം. പ്രവേശനം സൗജന്യം.