പൊള്ളിയുരുകി തലസ്ഥാനം; തിരുവനന്തപുരം നഗരത്തിൽ ചൂട് 36.2 ഡിഗ്രി സെൽഷ്യസ്, വിമാനത്താവളത്തിൽ 34.2
Mail This Article
തിരുവനന്തപുരം ∙ നഗരത്തിൽ 36.2 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ 34.2 ഡിഗ്രി സെൽഷ്യസുമാണ് കൂടിയ താപനില. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിലാണ് ഇത്. വേനൽക്കാലമായതോടെ ജില്ലയിൽ ഡെങ്കിപ്പനി കേസുകളും കൂടിയിട്ടുണ്ട്.
പകർച്ചപ്പനി, ഇൻഫ്ലുവൻസ, വയറിളക്ക രോഗങ്ങൾ, ചിക്കൻപോക്സ്, ഭക്ഷ്യവിഷബാധ, ടൈഫോയ്ഡ് എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൂടു കൂടിയതോടെ പഴ വർഗങ്ങളുടെയും ശീതള പാനീയങ്ങളുടെയും വിൽപന കൂടി. തണ്ണിമത്തനാണ് കൂടുതൽ ആവശ്യക്കാർ.
ജാഗ്രതാ നിർദേശം
നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കാൻ ഡിഎംഒയുടെ നിർദേശം. ജില്ലയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യതാപവും സൂര്യാഘാതവും ഉണ്ടായേക്കാമെന്ന് ആരോഗ്യ വകുപ്പ്. നിർജലീകരണത്തെ തുടർന്നു ശരീരത്തിലെ ലവണാംശം കുറയാനും ഇതുമൂലം ക്ഷീണവും തളർച്ചയും ബോധക്ഷയവും ഉണ്ടാകാനും സാധ്യതയുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
∙ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണംയാത്രാ വേളയിൽ വെള്ളം കരുതണം.
∙കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ, ഐസ് ശുദ്ധജലത്തിൽ നിന്ന് ഉണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ജലജന്യ രോഗങ്ങൾക്ക് കാരണമായേക്കാം.
∙വീട്ടിലെ ചടങ്ങുകളിലും ആഘോഷങ്ങളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പാക്കണം.
∙രാവിലെ 11 മണി മുതൽ 3 മണി വരെയുള്ള സമയം നേരിട്ടുള്ള വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കണം.
∙സൂര്യാഘാതം ഏറ്റതായി തോന്നുകയോ ക്ഷീണം അനുഭവപ്പെടുകയോ ചെയ്താൽ തണലിലേക്ക് മാറി വിശ്രമിക്കണം.