ADVERTISEMENT

കാട്ടാക്കട ∙ കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതികളുടെയെല്ലാം ‘ക്രെഡിറ്റ്’ എടുക്കാൻ എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ യുവാക്കളിൽ ലഹരി മാഫിയ പിടിമുറുക്കുന്നതിന്റെയും ജനം ശുദ്ധജലം കിട്ടാതെ വലയുന്നതിന്റെയും കയർ മേഖലയുൾപ്പെടെ പരമ്പരാഗത വ്യവസായങ്ങളൊക്കെ അടച്ചു പൂട്ടുന്നതിന്റെയും ‘ക്രെഡിറ്റ്’ ആരെടുക്കുമെന്നു മോദി ചോദിച്ചു. ആറ്റിങ്ങൽ, തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണാർഥം സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇടതും കോൺഗ്രസും വികസന വിരുദ്ധരാണ്. അഴിമതിയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുകയാണ്. 10 വർഷം സത്യസന്ധമായ ഒരു സർക്കാരാണു കേന്ദ്രം ഭരിച്ചത്–പ്രധാനമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം കാട്ടാക്കടയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടി ശോഭനയെ അഭിവാദ്യം ചെയ്യുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം : മനോരമ
തിരുവനന്തപുരം കാട്ടാക്കടയിൽ നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ യോഗവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടി ശോഭനയെ അഭിവാദ്യം ചെയ്യുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങിയവർ സമീപം. ചിത്രം : മനോരമ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനായി നാലര മണിക്കൂറോളം പ്രവർത്തകർ കാത്തിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ പ്രധാനമന്ത്രി എത്തുമെന്നാണു പ്രവർത്തകരെ അറിയിച്ചിരുന്നത്. രാവിലെ 10നു തന്നെ പ്രവർത്തകർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലെ പന്തലിൽ കടന്നു. ഒരു മണിക്കൂറിനകം കസേരകളെല്ലാം നിറഞ്ഞു. എന്നാൽ, കുന്നംകുളത്തെ പരിപാടി കഴിഞ്ഞു പ്രധാനമന്ത്രി കാട്ടാക്കടയിൽ ഹെലികോപ്റ്റർ ഇറങ്ങിയതു രണ്ടരയ്ക്കാണ്.  വേദിയിലേക്കുള്ള വരവ് മോദി ആഘോഷമാക്കി. ചാരുപാറ ഗ്രൗണ്ടിലെ ഹെലിപാഡിൽ നിന്നു കാറിൽ വേദിയിലേക്കുള്ള യാത്രയിൽ ചൂണ്ടുപലക ജംക്‌ഷൻ മുതൽ അര കിലോമീറ്റർ ദൂരം ‘റോഡ് ഷോ’യാക്കി മാറ്റി. റോഡിന് ഇരുവശവും പ്രവർത്തകർ തടിച്ചുകൂടി. 

കാറിന്റെ ചവിട്ടു പടിയിൽനിന്ന് ഇവരെ അഭിവാദ്യം ചെയ്താണു പ്രധാനമന്ത്രി പൊതുസമ്മേളന വേദിയിൽ പ്രവേശിച്ചത്. 2.50നു മോദി വേദിയിൽ. അടുത്ത പരിപാടിക്കു തമിഴ്നാട്ടിലേക്കു പോകേണ്ടതിനാൽ സ്വീകരണ പരിപാടി വെട്ടിച്ചുരുക്കി പ്രധാനമന്ത്രി പ്രസംഗത്തിലേക്കു കടന്നു. ഇപ്പോൾ തന്നെ വൈകിയെന്നും തമിഴ്നാട്ടിൽ ഹെലികോപ്റ്റർ ഇറക്കാനാകുമോ എന്ന് ആശങ്കയുണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി, സ്വീകരണ പരിപാടി ചുരുക്കിയതിൽ ക്ഷമാപണവും നടത്തി. ഒരു മണിക്കൂറാണു വേദിയിൽ ചെലവിട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റും വയനാട്ടിലെ സ്ഥാനാർഥിയുമായ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

സ്ഥാനാർഥികളായ വി.മുരളീധരൻ (ആറ്റിങ്ങൽ), രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം), ജി.കൃഷ്ണകുമാർ (കൊല്ലം), നടി ശോഭന, നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ്, പ്രഫ. വി.ടി.രമ, വി.വി.രാജേഷ്, എസ്.സുരേഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ, പാലോട് സന്തോഷ്, സന്ദീപ് വാചസ്പതി, ആർ.സി.ബീന, ജയ രാജീവ്, ചെമ്പഴന്തി ഉദയൻ, കരമന ജയൻ, കെ.എ.ബാഹുലേയൻ, ജെ.ആർ.പത്മകുമാർ, എം.ബാലമുരളി, വെങ്ങാനൂർ സതീഷ്, മലയിൻകീഴ് രാധാകൃഷ്ണൻ, അരവിന്ദാക്ഷൻ നായർ, എം.വി.രഞ്ജിത്, മുൻ സ്ഥാനപതി ടി.പി.ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണ ഗാനവും പുസ്തകവും പ്രകാശനം ചെയ്തു
വി.മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനവും രാജീവ് ചന്ദ്രശേഖറിനെക്കുറിച്ചുള്ള പുസ്തകവും പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത തിരഞ്ഞെടുപ്പു സമ്മേളനത്തിലായിരുന്നു പ്രകാശനം. എം.ജയചന്ദ്രൻ, രാജീവ് ആലുങ്കൽ, വൈക്കം വിജയലക്ഷ്മി എന്നിവർ ചേർന്നൊരുക്കിയതാണു മുരളീധരന്റെ തിരഞ്ഞെടുപ്പ് ഗാനം. നടി ശോഭന പ്രകാശനം നിർവഹിച്ചു. ‘രാജീവ് ചന്ദ്രശേഖർ– ഒരു വിജയഗാഥ’ എന്ന പുസ്തകം ടി.പി.ശ്രീനിവാസൻ ശോഭനയ്ക്കു നൽകി പ്രകാശനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com