പരസ്യ പ്രചാരണം അവസാന ലാപ്പിൽ
Mail This Article
പരസ്യ പ്രചാരണത്തിന് ഒരാഴ്ച മാത്രം ശേഷിക്കേ മുന്നണികൾ നാടും നഗരവുമിളക്കിയുള്ള പര്യടനത്തിൽ. യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നലെ നേമം നിയോജകമണ്ഡലത്തിലാണു പര്യടനം നടത്തിയത്. കോളിയൂർ ജംക്‌ഷനിൽ കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നെല്ലിയോട് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി.
സമാപന സമ്മേളനം എം.വിൻസെന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നേമം നിയോജകമണ്ഡലത്തിൽ ബണ്ട് റോഡ് കട്ടയ്ക്കലിൽ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ യോഗം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. കല്ലടിച്ചാൻ മൂലയിലായിരുന്നു സമാപനം. ഇന്നു പന്ന്യൻ തിരുവനന്തപുരം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും.
എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിനു കുടുംബവുമിറങ്ങി. ഭാര്യ അഞ്ജുവും മകൻ വേദുമാണു സജീവമായത്. ഒരാഴ്ചയ്ക്കകം 21 കേന്ദ്രങ്ങളിൽ വൈകിട്ട് 4 മുതൽ 8 വരെ ബാൻഡ് സംഗീത പരിപാടികൾ അവതരിപ്പിക്കും. ഇന്നലെ കോവളം നിയോജകമണ്ഡലത്തിലായിരുന്നു പര്യടനം.
∙ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെയും എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെയും പര്യടനം ഇന്നലെ അരുവിക്കര മണ്ഡലത്തിലെ വ്യത്യസ്ത മേഖലകളിലായിരുന്നു. തേവൻകോട് നിന്നും ആരംഭിച്ച ജോയിയുടെ പര്യടനം വെള്ളനാട് സമാപിച്ചു, ഇന്ന് വൈകിട്ട് 5.30 ന് പുളിമൂട്ടിൽ പ്രചാരണ യോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
അഴിക്കോട് നിന്നും കുറ്റിച്ചൽ മേലേമുക്ക് വരെയായിരുന്നു അടൂർ പ്രകാശിന്റെ പര്യടനം. ഡിസിസി മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എൻഡിഎ സ്ഥാനാർഥി വി. മുരളീധരൻ ഇന്നലെ മലയിൽകീഴ് , ആര്യനാട് മണ്ഡലങ്ങളിൽ പര്യടനം നടത്തി. ഇന്ന് നാവായിക്കുളത്തും ആറ്റിങ്ങൽ മണ്ഡലത്തിലുമാണ് പര്യടനം.