വേനൽച്ചൂട്, ഒപ്പം മഴയും: ഡെങ്കി വരുന്നു; മുൻകരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്
Mail This Article
തിരുവനന്തപുരം∙ കനത്ത വെയിലിനു പുറമേ ഇടയ്ക്കിടെ വേനൽമഴ കൂടി എത്തിയതോടെ ജില്ലയിൽ ഡെങ്കിപ്പനി സാധ്യത വർധിച്ചു. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. മുൻ വർഷങ്ങളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതർ തിരുവനന്തപുരം ജില്ലയിൽ നിന്നായിരുന്നു. കൂടുതൽ മുൻകരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. സംസ്ഥാനത്തെ ആകെ ഡെങ്കിപ്പനി ബാധിതരിൽ 60% ജില്ലയിലുള്ളവരാണ്.
ലക്ഷണങ്ങൾ
കൊതുകു വളരാൻ വലിയ സാഹചര്യമുള്ള ജില്ലയിൽ എപ്പോൾ വേണമെങ്കിലും ഡെങ്കിപ്പനി പടർന്നു പിടിക്കാം. കൊതുകിന്റെ കടിയേറ്റ് 2–3 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. കടുത്ത പനിയും നടുവിന്റെ അടിഭാഗത്ത് ഉൾപ്പെടെ ശക്തമായ ശരീരവേദനയുമാണു ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണം. ചിലരിൽ ഛർദിയും വയറുവേദനയുമുണ്ടാകും. 2–3 ദിവസം പനി മാറാതെ നിൽക്കുകയും കടുത്ത ശരീരവേദനയുമുണ്ടെങ്കിൽ ഡെങ്കിപ്പനിയാണെന്നു സംശയിക്കണം. ചികിത്സ തേടണം.
രണ്ടാം തവണ കൂടുതൽ കരുതൽ
ഡെങ്കി ബാധിച്ച് ആദ്യ ദിവസം പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം സാധാരണ നിലയിലാകാമെങ്കിലും (1–3 ലക്ഷം പ്ലേറ്റ്‌ലെറ്റുകൾ) പിന്നീട് അതിവേഗം പ്ലേറ്റ്‌ലെറ്റ് ഇരുപതിനായിരത്തിൽ താഴെ വരെയാകാം. രണ്ടാമതു ഡെങ്കി വന്നാൽ തുടക്കത്തിലെ ആശുപത്രിയിൽ ചികിത്സ തേടണമെന്നു ഡോക്ടർമാർ പറയുന്നു. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതിനാൽ ആന്തരിക രക്തസ്രാവത്തിനു സാധ്യതയുണ്ട്.
ഡെങ്കി ഹെമറേജിക് ഫീവർ എന്ന ഈ അവസ്ഥയിൽ രോഗിക്കു മരണം വരെയുണ്ടാകും. ടൈപ്പ് 1, ടൈപ്പ് 2, ടൈപ്പ് 3, ടൈപ്പ് 4 എന്നിങ്ങനെ ഡെങ്കി വൈറസുകൾ 4 വ്യത്യസ്ത തരത്തിലുണ്ട്. ഒരിക്കൽ ബാധിച്ച വൈറസല്ല പിന്നീടു ബാധിക്കുക. അതിനാൽ രണ്ടാമതു ഡെങ്കി ബാധയുണ്ടാകുമ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തീവ്രമായി പ്രതികരിക്കും. അതാണു ഗുരുതരമാകുന്നത്.
കൊതുകിനെ അകറ്റുക
കൊതുകിനെ അകറ്റുകയാണ് ഏറ്റവും വലിയ സംരക്ഷണ മാർഗം. വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പൂച്ചട്ടികൾ, ഫ്രിജിന് അടിയിൽ വെള്ളം നിൽക്കുന്ന ട്രേ തുടങ്ങിയവ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചു സൂക്ഷിക്കുക. പനിയുള്ളവർ കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. വേനൽമഴ പെയ്തു തുടങ്ങിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നു വേണ്ട മുൻകരുതൽ എടുത്തിട്ടില്ലെന്നും ആരോപണമുണ്ട്.