നോട്ടിസിനു പകരം വിശറി നൽകിയും മറ്റും പ്രചാരണത്തിൽ ചില ‘തരൂർ ഐഡിയാസ്’
Mail This Article
തിരുവനന്തപുരം∙ ഡോ.ശശി തരൂരിന്റെ പ്രചാരണ വാഹനം കടന്നു ചെല്ലുന്ന വഴികളിൽ കാത്തുനിൽക്കുന്നവർക്ക് പൈലറ്റ് വാഹനത്തിൽ നിന്നു നൽകുന്നതു നോട്ടിസ് അല്ല, വിശറിയാണ്. തരൂരിന്റെ ചിത്രവും കൈ ചിഹ്നവും വോട്ടഭ്യർഥനയുമുള്ള ചെറിയ പേപ്പർ വിശറി. കൊടുംചൂടിൽ ഉരുകി നിൽക്കുന്നവർക്ക് അതൊരു ആശ്വാസമാണ്. വലിച്ചെറിയാതെ കൂടെ കൊണ്ടു പോകുമെന്നും ഉറപ്പ്. അതു ചൊരിയുന്ന ആശ്വാസക്കാറ്റ് വോട്ടുറപ്പിക്കുമെന്നു കണക്കുകൂട്ടുന്നു തരൂരിലെ രാഷ്ട്രീയ നയതന്ത്രജ്ഞൻ. ജനങ്ങളെ ആകർഷിക്കുന്നതിൽ പതിവ് രാഷ്ട്രീയ ശൈലികളിൽ നിന്നു വ്യത്യസ്തനായ തരൂരിന്റെ പ്രഫഷനൽ ടച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിലുമുണ്ട് ആ വ്യത്യാസം.
കാഞ്ഞിരംകുളം, പൂവാർ, നെയ്യാറ്റിൻകര മേഖലകളിലൂടെയായിരുന്നു ഇന്നലെ പര്യടനം. ഇടവഴികളിലൂടെയടക്കമുള്ള ‘വോട്ട’പ്രദക്ഷിണത്തിന്റെ തിരക്കിൽ എല്ലാ കേന്ദ്രങ്ങളിലും പുറത്തിറങ്ങി സ്വീകരണം ഏറ്റുവാങ്ങുന്ന രീതിയില്ല. ഷാളുകളും മാലകളുമായി കാത്തു നിൽക്കുന്നവർക്ക് കൈകൊടുത്തും നിറചിരിയോടെ കൈവീശിയും വോട്ടുകൾ ‘കൈ’യിലേക്ക് പിടിച്ചടുപ്പിക്കുകയാണ്. വിഖ്യാതമായ തരൂരിയൻ ഇംഗ്ലിഷിന് ആരാധകർ ഏറെയെങ്കിലും നാട്ടുവഴികളിൽ ഒരു ഇംഗ്ലിഷ് വാക്കുപോലും കലരാത്ത കരുതലോടെ തനി മലയാളത്തിലാണു സംസാരം. പ്രചാരണം ചെറുവാക്കുകളിലൊതുക്കുന്നു. പക്ഷേ കൃത്യമായ രാഷ്ട്രീയം തെളിമയോടെ പറയുന്നുണ്ട്.
തരൂർ സ്റ്റൈൽ
വഴുതക്കാട്ടെ ഫ്ലാറ്റിൽ നിന്ന് തരൂർ തയാറായി പുറത്തിറങ്ങും മുൻപേ പര്യടനത്തിന്റെ മേൽനോട്ടക്കാർ എത്തിയിരുന്നു. ഇന്ത്യൻ കുർത്തയുടെയും രാജ്യാന്തര അംബാസഡറായ തരൂർ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ഇഷ്ട വേഷത്തിൽ തന്നെ. പതിവ് ശൈലിയിൽ കുർത്തയിൽ ദേശീയ പതാകയുടെ മാതൃകയിലുള്ള ക്ലിപ്പ്. കഴുത്തിൽ ത്രിവർണ ഷാളിനൊപ്പം ശ്വസന വായു ആരോഗ്യകരമെന്ന് ഉറപ്പാക്കാൻ എയർ പ്യൂരിഫയറുമുണ്ട്. കോവിഡ് കാലത്ത് തുടങ്ങിയ ശീലം. ഫ്ലാറ്റിനു പുറത്തെത്തുമ്പോൾ വിശ്വകർമ ഏകോപന സമിതി ഭാരവാഹികൾ കാത്തു നിൽക്കുകയായിരുന്നു. പിന്തുണ അറിയിക്കുകയായിരുന്നു ലക്ഷ്യം. അവരോട് നന്ദി പറഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം അതിവേഗം നെയ്യാറ്റിൻകര നെല്ലിവിളയിലേക്ക്.
പ്രചാരണ വഴി
നെല്ലിവിള കുരിശടിക്കു മുന്നിൽ നിന്നായിരുന്നു പ്രചാരണ തുടക്കം. മേളവും ഇരുചക്ര വാഹന റാലിയുമൊക്കെയായി പ്രചാരണം കൊഴുത്തത് ഓലത്താന്നി ജംക്‌ഷനിൽ നിന്നായിരുന്നു. താരപ്രഭയുള്ള മത്സരമായതിനാൽ ഉത്തരേന്ത്യൻ ചാനലുകളക്കം റിപ്പോർട്ട് ചെയ്യാൻ പിന്നാലെ. പ്രചാരണ വാഹനത്തിൽ ഹിന്ദിയിലും ഇംഗ്ലിഷിലുമെല്ലാം മാറിമാറി ഇന്റർവ്യൂ കൊടുക്കുന്നതിന്റെയും തിരക്കിലായിരുന്നു തരൂർ. പോങ്ങിൽ എംകെ മെമ്മോറിയൽ എൽപി സ്കൂളിനു മുന്നിൽ അധ്യാപകരും സ്റ്റാഫും ഒരുമിച്ച് കൈവീശുന്നതു കണ്ടതോടെ അവിടെ നിർത്തി പ്രത്യേകം വോട്ടഭ്യർഥിച്ച ശേഷമായി യാത്ര. മുള്ളുവിള തിരുകുടുംബ ദേവാലയത്തിനു മുന്നിൽ സ്വീകരണത്തിനെത്തിയവർക്കൊപ്പം പാരിഷ് ഹാളിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെക്കൂടി അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം. നെയ്യാറ്റിൻകര വെടിവയ്പിൽ രക്തസാക്ഷിയായ വീരരാഘവന്റെ അത്താഴമംഗലത്തെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന കഴിഞ്ഞപ്പോൾ മഹിളാ കോൺഗ്രസ് പ്രവർത്തകരടക്കം സെൽഫിക്കായി തിരക്കുകൂട്ടി.
പ്രസംഗ കരുതൽ
തിരുവനന്തപുരത്തെ മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നു പറയുന്ന തരൂർ പ്രസംഗങ്ങളിലും ആക്രമിക്കുന്നത് കേന്ദ്ര സർക്കാരിനെയും ബിജെപിയേയും മാത്രം. വർഗീയതയ്ക്കും വിദ്വേഷ നടപടികൾക്കുമെതിരെ എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിനായി തനിക്ക് വോട്ട് ചെയ്യണം എന്നാണ് അഭ്യർഥന. എന്റെ വിജയം നിങ്ങളുടെയെല്ലാവരുടേതുമായിരിക്കുമെന്നും ഇന്ത്യ ജയിക്കുമെന്നും പ്രഖ്യാപിച്ച് വിടവാങ്ങൽ.
എൽഡിഎഫിനെക്കുറിച്ചോ സംസ്ഥാന സർക്കാരിനെക്കുറിച്ചോ വിമർശനമില്ല. കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തുള്ള ബിജെപിയുടെ ഭീഷണിയെ നേരിടുന്നത് താനാണെന്നും എൽഡിഎഫ് അല്ല എതിരാളിയെന്നും കൃത്യമായ സന്ദേശം. ബിജെപി വിരുദ്ധ വോട്ടുകൾ ഫലപ്രദമാകണമെങ്കിൽ ലഭിക്കേണ്ടത് തനിക്കാണെന്ന് പറയാതെ പറഞ്ഞു വയ്ക്കുന്നു തരൂർ.