വാസയോഗ്യമായ വീട് ഇരുങ്കുളം കോളനി നിവാസികൾക്ക് വിദൂരസ്വപ്നം
Mail This Article
വെഞ്ഞാറമൂട്∙ കരുണയുള്ളവർ കാണണം. ഞങ്ങൾക്കും വേണം തല ചായ്ക്കാൻ ഒരിടം...വർഷങ്ങളായി മഴയത്തും വെയിലത്തും കഴിയുന്നു...വാമനപുരം പഞ്ചായത്തിലെ ഇരുങ്കുളം കോളനി നിവാസി ലില്ലിയുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണിത്. വാമനപുരം പഞ്ചായത്തിൽ കാഞ്ഞിരംപാറ വാർഡിലാണ് ഇരുങ്കുളം കോളനി. 30ൽ അധികം വീടുകളാണ് ഇവിടെ ഉള്ളത്. ഇതിൽ ഭൂരിഭാഗവും നശിച്ചു. 10 വീടുകൾ പൂർണമായും നശിച്ചു താമസ യോഗ്യമല്ലാതായി. അപകടകരമായ രീതിയിൽ പൊളിഞ്ഞു വീണുകൊണ്ടിരിക്കുന്ന വീടുകളിലാണ് കുറേ മനുഷ്യർ ജീവൻ പണയെപ്പെടുത്തിയും കഴിയുന്നത്.
25 വർഷം മുൻപ് വീടു വയ്ക്കാൻ 20000 രൂപ സർക്കാരിൽ നിന്നും ലഭിച്ചതാണ്. ഈ തുക കൊണ്ട് മൺ ഭിത്തി കെട്ടിയാണ് വീടുകൾ നിർമിച്ചത്. ഈ വീടുകളെല്ലാം പൊളിഞ്ഞു വീണു തുടങ്ങിയിട്ട് വർഷങ്ങളായി. മാറിമാറി വരുന്ന ഭരണകർത്താക്കൾ ഭൂമിയും വീടും നൽകാം എന്ന് വാഗ്ദാനങ്ങൾ നൽകി പോകുന്നതല്ലാതെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ ആരോപണം.ചാലുവിള പുത്തൻവീട്ടിൽ ലില്ലിയുടെ സഹോദരൻ തോമസിനു മണ്ണും വീടും നൽകാം എന്നു വാഗ്ദാനം ലഭിച്ചതിനെത്തുടർന്ന് വർഷങ്ങളായി കാലിത്തൊഴുത്തിനു സമാനമായ ചായ്പിലാണ് താമസം.
സമീപവാസിയായ ആർ. സീനയുടെ വീട് പൂർണമായും തകർന്നു വീണു. ഭിത്തികൾ ഏതു നിമിഷവും തകർന്നു വീഴും. ഈ വീട്ടിലാണ് ഇവർ താമസിക്കുന്നത്. വിജയകുമാരി, കെ. ഗോപി, എം. ജോർജ് എന്നിവരുടെ വീടുകളും സമാന രീതിയിൽ പ്രതിസന്ധിയിലാണ്.കോളനിയിലേക്ക് ഇതുവരെയും കുടിവെള്ളം എത്തിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വിഷയം. കോളനി പ്രദേശം ഉയർന്ന സ്ഥലം ആയതിനാലാണ് കുടിവെള്ളം എത്തിക്കാൻ കഴിയാത്തതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഉയർന്ന മറ്റു പ്രദേശങ്ങളിൽ പൈപ്പ് ലൈൻ എത്തിച്ചിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു.
പ്രദേശവാസികളുടെ സ്വതന്ത്ര സഞ്ചാരത്തിന് വഴിയും ഇല്ല. രോഗികളെ കസേരയിൽ ഇരുത്തി ചുമന്നുകൊണ്ടു പോയി വാഹന സൗകര്യം ഉള്ള സ്ഥലത്ത് എത്തിച്ചാണ് ആശുപത്രിയിൽ എത്തിക്കുന്നതെന്നും അത്യാസന്ന നിലയിലുള്ള രോഗികളെ സമയബന്ധിതമായി ആശുപത്രിയിൽ എത്തിക്കാൻ കഴിയുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.ത്രിതല പഞ്ചായത്ത് അധികൃതർ നിർദേശിച്ചതനുസരിച്ച് വിവിധ സ്ഥലങ്ങളിൽ അപേക്ഷകളും മുഖ്യമന്ത്രിക്ക് പരാതിയും നൽകിയി. കിടന്നുറങ്ങാൻ അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം ഇനിയും വളരെ അകലെയാണെന്നാണ് നാട്ടുകാർ പരിതപിക്കുന്നത്.