വോട്ടർ പട്ടിക 3 വയോധികരെ പരേതരാക്കി; പുറന്തള്ളി
Mail This Article
പാറശാല∙ജീവിച്ചിരിക്കെ പരേതർ ആയതോടെ മൂന്നു വയോധികർ വോട്ടർ പട്ടികയിൽ നിന്നു പുറത്ത്. പാറശാല പഞ്ചായത്തിലെ ചെറുവാരക്കോണം സിഎസ്ഐ പള്ളിക്കു സമീപം കീഴ്പ്പോരുവിള വീട്ടിൽ ഗോവിന്ദൻ (79), മുത്താണിക്കൽ വീട്ടിൽ ബൾസമ്മാൾ (82), കാഞ്ഞിരാവിള വീട്ടിൽ സുന്ദരാഭായി (75) എന്നിവർക്കാണ് ഇത്തവണ വോട്ട് ചെയ്യാൻ അവസരം നഷ്ടമായത്. ഇവർ ജീവിച്ചിരിപ്പില്ലെന്നു രണ്ട് മാസം മുൻപ് ബിഎൽഒ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.പ്രദേശത്തെ പാർട്ടി പ്രവർത്തകർ നടത്തിയ പരിശോധനയിൽ ആണ് ഈ പിഴവു കണ്ടെത്തിയത്.
വോട്ട് ചെയ്യാൻ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല. മൊബൈൽ ആപ്പ് വഴി വിവരങ്ങൾ നൽകിയതിൽ ഉണ്ടായ സാങ്കേതിക പിഴവ് ആണ് വോട്ട് നഷ്ടമാകാൻ കാരണം എന്നാണ് അധികൃതരുടെ വിശദീകരണം.അതിർത്തി മേഖലയിലെ ഒട്ടേറെ പഞ്ചായത്തുകളിൽ വർഷങ്ങൾക്ക് മുൻപ് മരിച്ചവരുടെ പേരുകൾ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഇവരിൽ പലരുടെയും ബന്ധുക്കൾ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. ഇത്തരം അബദ്ധങ്ങൾ പോളിങ് ശതമാനം കണക്കാക്കുന്നതിൽ അടക്കം പ്രതിസന്ധി സൃഷ്ടിക്കും.