ADVERTISEMENT

നെയ്യാറ്റിൻകര ∙ തിരഞ്ഞെടുപ്പിൽ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചു നടത്തിയ കലാശക്കൊട്ട് ആവേശമായി. മഴയിലും ആവേശം  ചോർന്നില്ല. 3 തവണ നേരിയ സംഘർഷമുണ്ടായെങ്കിലും മുതിർന്ന നേതാക്കളും പൊലീസും ഇടപെട്ട് രംഗം ശാന്തമാക്കി.ഇന്നലെ വൈകിട്ട് മൂന്നരയോടെ തന്നെ  പ്രധാനപ്പെട്ട 3 രാഷ്ട്രീയ പാർട്ടികളുടെയും പ്രചാരണ വാഹനങ്ങൾ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംക്‌ഷനിലെത്തി.

കാതടപ്പിക്കുന്ന അനൗൺസ്മെന്റുകൾക്ക് പിന്നാലെ ബാൻഡ് സംഘങ്ങളും നാസിക് ഡോൾ ടീമുകളും അണി നിരന്നു. ഇതിനിടെയിലാണ് ആദ്യ സംഘർഷമുണ്ടായത്. എൽഡിഎഫ് – എൻഡിഎ പ്രവർത്തകർ തമ്മിലായിരുന്നു ഇത്. മുതിർന്ന നേതാക്കൾ യുവജനങ്ങളെ നിയന്ത്രിച്ചു. പിന്നീട് കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ കൊമ്പുകോർത്തു. പൊലീസ് അവരെ അനുനയിപ്പിച്ചുവെങ്കിലും ഇടയ്ക്കിടെ സംഘർഷം നടക്കുമെന്ന സ്ഥിതിയിലായി. കൂടുതൽ പൊലീസ് എത്തി ഇരു വിഭാഗങ്ങൾക്കും ഇടയിൽ നിലയുറപ്പിച്ചു.

കനത്ത മഴയെ അവഗണിച്ച് ബാലരാമപുരം ജംക്‌ഷനിൽ നടന്ന കലാശക്കൊട്ടിൽ മൂന്ന് മുന്നണികളും 
അണിനിരന്നപ്പോൾ.
കനത്ത മഴയെ അവഗണിച്ച് ബാലരാമപുരം ജംക്‌ഷനിൽ നടന്ന കലാശക്കൊട്ടിൽ മൂന്ന് മുന്നണികളും അണിനിരന്നപ്പോൾ.

ഏറ്റവും ഒടുവിലാണ് ബിജെപി പ്രവർത്തകരും എൽഡിഎഫ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടാകുന്നത്. പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ടെങ്കിലും ആദ്യ ഘട്ടത്തിൽ സംഘർഷം പിടിച്ചു നിർത്താനായില്ല. പിന്നീട് കെ.ആൻസലൻ എംഎൽഎ എത്തി, എൽഡിഎഫ് പ്രവർത്തകരെ അവിടെ നിന്ന് മാറ്റിയപ്പോഴാണ് സംഘർഷത്തിന് അയവു വന്നത്. ആറു മണിയോടെ പ്രചാരണം അവസാനിപ്പിക്കാൻ പൊലീസ് നൽകിയ നിർദേശം പാലിക്കാതെ വന്നതോടെ പൊലീസും 

വെള്ളറട ജംക്‌ഷനിൽ നടന്ന കലാശക്കൊട്ട്
വെള്ളറട ജംക്‌ഷനിൽ നടന്ന കലാശക്കൊട്ട്

3 പാർട്ടികളിലുള്ള പ്രവർത്തകരും തമ്മിലും വാക്കേറ്റമുണ്ടായി. കൊട്ടിക്കലാശം പ്രമാണിച്ച് പൊലീസ് നേരത്തെ തന്നെ വാഹനങ്ങൾ വഴി തിരിച്ചു വിട്ടിരുന്നു. എന്നിട്ടും നെയ്യാറ്റിൻകരയുടെ വിവിധ ഭാഗങ്ങളിൽ വൈകിട്ട് ഗതാഗതം കുരുങ്ങി.ബാലരാമപുരം∙ ഒരു മണിക്കൂറിലധികം പെയ്ത കനത്ത വേനൽമഴ വകവയ്ക്കാതെ വിവിധ രാഷ്ട്രീയ പാർട്ടികൾ ബാലരാമപുരം ജംക്‌ഷനിൽ ആവേശത്തിരയിളക്കി കലാശക്കൊട്ടു നടത്തി. കഴിഞ്ഞ തവണ സംഘർഷം നടന്ന പശ്ചാത്തലത്തിൽ വൻ സുരക്ഷാ സംവിധാനം പൊലീസ് ഒരുക്കിയിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ വാഹനങ്ങളും പ്രവർത്തകരും പലതവണ മുഖാമുഖം എത്തിയെങ്കിലും പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു.

 3 റോഡുകൾ കേന്ദ്രീകരിച്ചാണ് ഇവർക്ക് പ്രകടനവും കൊട്ടിക്കലാശവും നടത്താൻ പൊലീസ് അനുമതി നൽകിയിരുന്നത്. യുഡിഎഫ് പ്രവർത്തകരാണ് ആദ്യം വിഴിഞ്ഞം റോഡിൽ എത്തിയത്. തുടർന്ന് കാട്ടാക്കട, തിരുവനന്തപുരം റോഡുകളിൽ‌ നിന്ന് എൽഡിഎഫ് പ്രവർത്തകർ എത്തി മുഖാമുഖം നിന്നു. മഴ കനത്തുപെയ്യുന്നതിനിടെ നെയ്യാറ്റിൻകര റോഡിൽ നിന്ന് ബിജെപി പ്രവർത്തകർ കൂടി എത്തിയതോടെ ആവേശം വർധിച്ചു.

തുടർന്ന് മുക്കാൽ മണിക്കൂറോളം 3 പാർട്ടികളും മുഖാമുഖം നിന്ന് മുദ്രാവാക്യം മുഴക്കിയും ജയ് വിളികൾ നടത്തിയും കൊടികൾ വീശിക്കാട്ടിയും കലാശം ആവേശത്തിലാക്കി. കൃത്യം 6 മണിയായതോടെ പൊലീസ് ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു. ഇതിനിടെ 4 റോഡുകളിലും വൻ ഗതാഗതകുരുക്ക് രൂപപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷമാണ് ഇത് നേരെയായത്.

വെള്ളറട∙ശക്തമായി പെയ്തിറങ്ങിയ വേനൽമഴ വെള്ളറട ജംക്ഷനിൽ കലാശക്കൊട്ടിന്റെ ആവേശം കുറച്ചു. അവസാന ഘട്ടത്തിൽ മഴശക്തമായതോടെ പാർട്ടികളുടെ പ്രവർത്തകരിൽ നല്ലൊരു ശതമാനവും പിന്മാറി. യുഡിഎഫ് പ്രവർത്തകർ ആനപ്പാറ റോഡിലും എൽഡിഎഫ് പ്രവർത്തകർ ചെമ്പൂര് റോഡിലും എൻഡിഎ പ്രവർത്തകർ പനച്ചമൂട് റോഡിലുമാണ് നിലയുറപ്പിച്ചിരുന്നത്. 

രോഗിയുമായി വന്ന ആംബുലൻസിന് കടന്നുപോകാൻ കുറച്ച് ബുദ്ധിമുട്ടു നേരിട്ടു. അനുവദിച്ച സമയം പിന്നിട്ടപ്പോൾ ഉച്ചഭാഷിണി നിർത്തി പ്രവർത്തകർ പിന്തിരിയുകയും ചെയ്തു.മൂന്നു മുന്നണികളും മാറിനിന്നതിനാൽ അമ്പൂരിയിൽ കലാശക്കൊട്ട് ഇല്ലായിരുന്നു. കുന്നത്തുകാൽ, മണ്ഡപത്തിൻകടവ്, ഒറ്റശേഖരമംഗലം എന്നിവിടങ്ങളിൽ കലാശക്കൊട്ടു നടന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com