ADVERTISEMENT

തിരുവനന്തപുരം∙ അക്ഷരാർഥത്തിൽ അനന്തപുരി പൂരമായിരുന്നു ഇന്നലെ പേരൂർക്കടയിൽ. പൂരത്തിനു പക്ഷം രണ്ടാണെങ്കിൽ ഇവിടെ മുഖാമുഖം മൂന്നു പക്ഷമായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ഡോ.ശശി തരൂരും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും ക്രെയിനുകളിലേറി ആകാശത്തേക്കുയർന്ന് ആവേശത്തിന്റെ കുടമാറ്റം നടത്തിയപ്പോൾ സ്വന്തം രാഷ്ട്രീയ ശൈലി പോലെ താഴെ പ്രചാരണ വാഹനത്തിൽ ശാന്തനായി പ്രവർത്തകർക്കൊപ്പം ആഘോഷ നിമിഷങ്ങൾ പങ്കിടുകയായിരുന്നു എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ.

തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കലാശക്കൊട്ടിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സമീപം.
തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കലാശക്കൊട്ടിൽ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സമീപം.

3 മണിയോടെ തന്നെ 3 മുന്നണികളുടെയും പ്രവർത്തകർ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. 3 വശത്തുനിന്നുമുള്ള റോഡുകളിൽ പ്രവർത്തകരും പ്രചാരണ വാഹനങ്ങളും നിറ‍ഞ്ഞതോടെ മൂന്നരയോടെ ഗതാഗതവും പൊലീസ് വഴിതിരിച്ചുവിട്ടു. പിന്നെ ആവേശപ്പൂരം. ആവേശക്കടലിലേക്ക് ആദ്യം കടന്നുവന്ന സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനായിരുന്നു. തുറന്ന ജീപ്പിൽ നിറചിരിയോടെ എത്തിയ അദ്ദേഹത്തിന്റെ ശിരസ്സിൽ പാർട്ടി ചിഹ്നം പതിച്ച ചുവന്ന തലപ്പാവ്. ഒപ്പം എം.വിജയകുമാറും വി.കെ.പ്രശാന്ത് എംഎൽഎയും സത്യൻ മൊകേരിയും. മേയർ ആര്യ രാജേന്ദ്രനും പിന്നാലെയെത്തി.

തിരുവനന്തപുരം പേരൂർക്കടയിൽ നടന്ന കലാശക്കൊട്ടിൽ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. വി.കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, എം.വിജയകുമാർ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം പേരൂർക്കടയിൽ നടന്ന കലാശക്കൊട്ടിൽ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. വി.കെ പ്രശാന്ത് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, എം.വിജയകുമാർ തുടങ്ങിയവർ സമീപം.

അര മണിക്കൂറിനുള്ളിൽ തരൂർ എത്തി. ഒപ്പം ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനും. കടലാസ് പീരങ്കികളിൽ നിന്ന് ത്രിവർണങ്ങൾ പൊട്ടിച്ചിതറി. ക്രെയിനിൽ തരൂരിനൊപ്പം അച്ചുവും ആകാശത്തേയ്ക്ക് ഉയർന്നതോടെ ആർപ്പുവിളികളും മുദ്രാവാക്യങ്ങളും ഒപ്പമുയർന്നു. തരൂരിന്റെ ചിത്രമുള്ള കൂറ്റൻ ഹ്രൈഡജൻ ബലൂണുകൾ ആകാശത്ത് തത്തിക്കളിച്ചു. രാജീവ് ചന്ദ്രശേഖർ എത്താത്തതിനാൽ മറുവശത്തെ ക്രെയിനിൽ അദ്ദേഹത്തിന്റെ കൂറ്റൻ രൂപത്തെ പ്രതിഷ്ഠിച്ച് ഉയർത്തി ബിജെപിയുടെ മറുപടി. വൈകാതെ അദ്ദേഹവും എത്തി.

ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയ നേതാക്കളും. ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനൊപ്പം അദ്ദേഹവും ക്രെയിനിൽ ഉയർന്നതോടെ കാവി, പച്ച വർണ കടലാസുകൾ പൊട്ടിവിരിഞ്ഞു.എയർഷോയ്ക്ക് എൽഡിഎഫിന്റെ മറുപടി അനൗൺസ്മെന്റിലൂടെ. ‘ശതകോടീശ്വരൻ അല്ല, നമ്മളിലൊരാളാണ്, രവിയേട്ടാ എന്നൊന്നു നീട്ടിവിളിച്ചാൽ ഓടിയെത്തുന്ന ഒരാൾ, നമ്മൾക്കൊപ്പമുളളയാൾ ’ഇടയ്ക്ക് തരൂർ പക്ഷത്തെ ക്രെയിൻ താഴേക്കു താണപ്പോൾ പ്രവർത്തകർ ത്രിവർണ കിരീടം ചൂടിച്ചു. അച്ചുവിനെ ഫ്രെയിമിൽ ചേർത്ത് താഴെയുള്ള പുരുഷാരത്തിന്റെ സെൽഫി.

 തിരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം കുറിച്ച് ആറ്റിങ്ങലിൽ നടന്ന കലാശക്കൊട്ടിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ബോർഡുമായി പ്രവർത്തകർ.ചിത്രം: മനോരമ
തിരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം കുറിച്ച് ആറ്റിങ്ങലിൽ നടന്ന കലാശക്കൊട്ടിൽ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ ബോർഡുമായി പ്രവർത്തകർ.ചിത്രം: മനോരമ

മറുപടിയായി രാജീവിന്റെ ക്രെയിൻ താണുയർന്നപ്പോൾ കട്ടൗട്ടിൽ കൂറ്റൻ പൂമാല. സ്ഥാനാർഥിയുടെ ചിത്രത്തിൽ വി.വി.രാജേഷിന്റെ പാലഭിഷേകം. സമാപനത്തിന് 15 മിനിറ്റ് മാത്രം ശേഷിക്കെ മഴപൊട്ടി. മഴയിൽ കുതിർന്നും പ്രചാരണം. 6 മണിയോടെ മഴക്കുളിരിൽ തരൂരും രാജീവും താഴെയെത്തിയപ്പോൾ പ്രവർത്തകർ പൊക്കിയെടുത്താണ് വാഹനത്തിന് അടുത്തേക്കു കൊണ്ടുപോയത്. എൽഡിഎഫ് പക്ഷത്ത് അപ്പോഴും മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ടായിരുന്നു.

തിരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം കുറിച്ച് ആറ്റിങ്ങലിൽ നടന്ന കലാശക്കൊട്ടിൽ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി പങ്കെടുത്തപ്പോൾ.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം കുറിച്ച് ആറ്റിങ്ങലിൽ നടന്ന കലാശക്കൊട്ടിൽ എൽഡിഎഫ് സ്ഥാനാർഥി വി.ജോയി പങ്കെടുത്തപ്പോൾ.

ആറ്റിങ്ങൽ ∙ കച്ചേരി നടയിൽ പടിഞ്ഞാറു ഭാഗത്തെ കെട്ടിടത്തിനു മുകളിലെ പോസ്റ്ററിൽ എഴുതിയിരുന്നത് സിനിമാ പേരാണോ ആ അഞ്ചും കൂടിയ ജംക്‌ഷനിലെ ‘വൈബി’ന്റെ സബ് ടൈറ്റിൽ ആണോ എന്നായിരുന്നു സംശയം– ആവേശം! ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ കലാശക്കൊട്ടിന് ഇതിലും ചേരുന്നൊരു പേരില്ല. ക്രെയിനിനു മുകളിലേറി ആകാശം മുട്ടുന്ന സാന്നിധ്യം കൊണ്ട് എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയും എൻഡിഎ സ്ഥാനാർഥി വി.മുരളീധരനും ശ്രദ്ധ നേടിയപ്പോൾ അദൃശ്യ സാന്നിധ്യമായി യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്.

മൂന്നു മുന്നണികളും ഇടകലർന്നു നിന്ന ജംക്‌ഷനിൽ പൂർണമായും ‘പവർ പാക്ക്ഡ്’ ആഘോഷം കലാശക്കൊട്ടിന് മൂന്നു മണിക്കൂർ മുൻപു തന്നെ തുടങ്ങിയിരുന്നു. മൂന്നു മണിയോടെ മുന്നണി പ്രവർത്തകർ അനൗൺസ്മെന്റ് വാഹനങ്ങളും ലൗഡ്സ്പീക്കറുകളും കൊടിതോരണങ്ങളുമെല്ലാം നിരത്തി കച്ചേരി നടയെ മേളപ്പറമ്പാക്കി. ശബ്ദം കൊണ്ടു മസാജ് ചെയ്യുന്നതു പോലെ ലൗഡ് സ്പീക്കറിൽ ബാസ്സിന്റെ മുഴക്കം ശരീരത്തെയാകെ ഇടിച്ചു പിഴിഞ്ഞു. ചെണ്ടമേളം, നാസിക് ഡോൾ മേളങ്ങൾ. 

തിരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം കുറിച്ച് ആറ്റിങ്ങലിൽ നടന്ന കലാശക്കൊട്ടിൽ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ പങ്കെടുത്തപ്പോൾ.
തിരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം കുറിച്ച് ആറ്റിങ്ങലിൽ നടന്ന കലാശക്കൊട്ടിൽ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ പങ്കെടുത്തപ്പോൾ.

അഞ്ചരയോടെയാണ് വി.മുരളീധരൻ കലാശക്കൊട്ടിലേക്കു ചേർന്നത്. എത്തിയയുടൻ ബിജെപി പ്രവർത്തകർ ഒരുക്കി നിർത്തിയ ക്രെയിനിന്റെ ബക്കറ്റിൽ കയറി ആകാശം മുട്ടുന്ന ആവേശം നേരിൽക്കണ്ട് പ്രവർത്തകരെ അഭിവാദ്യം. ചെയ്തു. കുറച്ചു കഴിഞ്ഞ് വി.ജോയ് എത്തി. തുടക്കത്തിൽ തുറന്ന ജീപ്പിൽ തൂങ്ങി നിന്ന് പ്രവർത്തകർക്കൊപ്പം ആവേശം കൊണ്ട ജോയ് പിന്നാലെ ക്രെയിനിൽ കയറി.

നാലു മണിയോടെ ജംക്‌ഷനിലൂടെയുള്ള വാഹന ഗതാഗതം പൂർണമായി നിലച്ചിരുന്നു. തിരുവനന്തപുരത്തു നിന്നു വടക്കൻ പറവൂരിലേക്കു പുറപ്പെട്ട സൂപ്പർഫാസ്റ്റ് ബസ് കച്ചേരി നടയിലേക്കെത്തിയ നിമിഷം, ഘടികാരങ്ങൾ നിലയ്ക്കുന്നതു പോലെ, കൃത്യം നാലു മണിയായിരുന്നു. ബസിനു മുന്നോട്ടു പോകാൻ കഴിയാതെ തടഞ്ഞു നിന്നു. പിന്നാലെ അര കിലോമീറ്ററോളം നീണ്ട റോഡ് മുഴുവൻ വാഹനങ്ങൾ നിലച്ചു. നിശ്ശബ്ദ പ്രചാരണത്തിന്റെ സമയം തുടങ്ങുന്ന വൈകിട്ട് ആറു വരെ ഒരു വശത്തേക്കുള്ള ഗതാഗതം പൂർണമായി നിലച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com