ഏഴിടത്ത് കള്ളവോട്ട് ചെയ്തതായി പരാതി
Mail This Article
തിരുവനന്തപുരം ∙ ജില്ലയിൽ ഏഴിടത്ത് കള്ളവോട്ട് ചെയ്തതായി പരാതി. വോട്ടർമാർ വോട്ടു രേഖപ്പെടുത്താൻ എത്തിയപ്പോൾ ഇവരുടെ വോട്ട് മറ്റാരോ ചെയ്തുവെന്ന് പ്രിസൈഡിങ് ഓഫിസർമാർ അറിയിച്ചു. തുടർന്ന് ഇവരിൽ പലരും ടെൻഡർ വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങി. കുന്നുകുഴി യുപിഎസിലെ 171ാം നമ്പർ ബൂത്തിലെ തങ്കപ്പൻ, ആർ.രാജേഷ്, മണക്കാട് ജിഎച്ച്എസിലെ 147ാം നമ്പർ ബൂത്തിലെ രാജേഷ്, തൃക്കണ്ണാപുരത്ത് മുരളീധരൻ, അയിരൂപ്പാറ കിഷോർ ഭവനിൽ ലളിതമ്മ, ആറ്റിങ്ങൽ നഗരൂർ വള്ളംകൊല്ലി ഗുരുദേവ സ്കൂളിൽ ആർ.ബിന്ദു, പൂങ്കുളം ഗവ.യുപിഎസ് 168ാം നമ്പർ ബൂത്തിലെ സുരേഷ്കുമാർ എന്നിവരുടെ വോട്ടുകളാണ് മറ്റാരോ രേഖപ്പെടുത്തിയതെന്നാണ് പരാതി.
തങ്ങളുടെ വോട്ട് മറ്റാരോ ചെയ്തെന്ന വിവരം പ്രിസൈഡിങ് ഓഫിസർ അറിയിച്ചതോടെ ഇവരിൽ പലരും രോഷാകുലരായി. കള്ളവോട്ട് ചെയ്തവരെ കണ്ടെത്താൻ ബൂത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ പരിഗണിച്ചില്ലെന്നും ഇവർ പറഞ്ഞു. വോട്ടിൽ കൃത്രിമം ആരോപിച്ച് ചിലർ പൊലീസിനും ജില്ലാ വരണാധികാരിക്കും പരാതി നൽകി. പരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
‘എവിടെ എന്റെ വോട്ട്?’
പോത്തൻകോട് ∙ അയിരൂപ്പാറ ഫാർമേഴ്സ് ബാങ്ക് ഹെഡ്ഓഫിസിനു സമീപം കിഷോർ ഭവനിൽ 6-955ൽ ലളിതമ്മ ( 66) പോത്തൻകോട് മേരിമാതാ സ്കൂളിലെ 43-ാം നമ്പർ ബൂത്തിലെത്തുമ്പോഴേക്കും തന്റെ വോട്ട് ഒരു മണിക്കൂർ മുൻപ് ആരോ ചെയ്തു പോയെന്നാണ് പരാതി. പുതിയതും പഴയതുമായ വോട്ടർ തിരിച്ചറിയൽ കാർഡ് തന്റെ കൈയിലുള്ളപ്പോൾ ആരാണ് തന്റെ വോട്ട് തിരിച്ചറിയൽ കാർഡ് കാട്ടി ചെയ്തതെന്ന് പ്രിസൈഡിങ് ഓഫിസർ എസ്.പി.പ്രകാശിനോട് ലളിതമ്മ ചോദിച്ചപ്പോൾ കൃത്യമായ മറുപടിയുണ്ടായില്ല.
ഒടുവിൽ ടെൻഡർ വോട്ട് ചെയ്ത് ഇവർ മടങ്ങി. മേരിമാതാ സ്കൂളിൽ 43-ാം നമ്പർ ബൂത്തിലെ വോട്ടർപട്ടികയിൽ ലളിതയിൽ തുടങ്ങുന്ന 6 പേരാണ് ഉള്ളത്. രാവിലെ 9നാണ് യഥാർഥ ലളിതമ്മ വോട്ടു ചെയ്യാൻ എത്തിയത്. എന്നാൽ 8മണിയോടെ ഈ വോട്ട് ചെയ്തുകഴിഞ്ഞതായാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. അസുഖം ബാധിച്ച് ചികിത്സയിലിരിക്കെയാണ് തന്റെ അവകാശം രേഖപ്പെടുത്താൻ ലളിതമ്മ എത്തിയത്. ടെൻഡർ വോട്ടു ചെയ്ത ശേഷം നേരെ ആശുപത്രിയിലേക്കാണ് പോയത്.