ADVERTISEMENT

തിരുവനന്തപുരം∙ ജില്ലയിലെ തീരദേശ മേഖലകളിലെ ബൂത്തുകളെല്ലാം വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ സജീവമായി. ആദ്യ 2 മണിക്കൂറിൽ തീരദേശ ബൂത്തുകളിൽ 20 ശതമാനം പോളിങ് രേഖപ്പെടുത്തി. വെയിൽ കനത്തതോടെ അൽപം മന്ദഗതിയിലായ വോട്ടെടുപ്പ് ഉച്ചയ്ക്കു ശേഷം വീണ്ടും സജീവമായി. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ 6 മണിക്ക് വോട്ടെടുപ്പ് തീരുന്ന സമയത്തും തീരദേശ ബൂത്തുകളിൽ ക്യൂ ദൃശ്യമായിരുന്നു. ഇവർക്കെല്ലാം ടോക്കൺ നൽകി വോട്ടു ചെയ്യാൻ അവസരമൊരുക്കി. വലിയതുറ, പൊഴിയൂർ, വെട്ടുകാട്, ശംഖുമുഖം, മുതലപ്പൊഴി, അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ ബൂത്തുകളിലെല്ലാം കനത്ത പോളിങ്ങാണു രേഖപ്പെടുത്തിയത്. 

വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് കാത്തിരിക്കുന്നവർ. അതിയന്നൂർ ഊരൂട്ടുകാല ഗവ. ഹൈസ്കൂളിൽ നിന്നുള്ള കാഴ്ച
വോട്ടിങ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് കാത്തിരിക്കുന്നവർ. അതിയന്നൂർ ഊരൂട്ടുകാല ഗവ. ഹൈസ്കൂളിൽ നിന്നുള്ള കാഴ്ച

തീരദേശ ജനതയുടെ പിന്തുണ തുടർന്നും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. മുതലപ്പൊഴി മേഖലയിലടക്കം സർക്കാരിനെതിരെ കടുത്ത പ്രതിഷേധമാണ് നിലനിൽക്കുന്നത്. കടലാക്രമണ ഭീതിയും തീരശോഷണവും ഇല്ലാതാക്കണമെന്ന ആവശ്യത്തിന് പരിഹാരമായില്ലെന്നു മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. കടലാക്രമണം മൂലം ഇല്ലാതായ തീരങ്ങളും വീണ്ടെടുക്കാൻ പരിശ്രമമുണ്ടായിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കു പുറമേ പരമ്പരാഗത കയർ നിർമാണ തൊഴിലെടുക്കുന്നവരും തങ്ങൾ അവഗണിക്കപ്പെട്ടുവെന്ന തോന്നലിലാണ്. 

സംസ്ഥാന അതിർത്തിയായ കളിയിക്കാവിള അയിങ്കാമം ഗവ എൽപി സ്കൂളിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവർ (വൈകിട്ട് 5.45ന് പകർത്തിയ ചിത്രം)
സംസ്ഥാന അതിർത്തിയായ കളിയിക്കാവിള അയിങ്കാമം ഗവ എൽപി സ്കൂളിൽ വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നവർ (വൈകിട്ട് 5.45ന് പകർത്തിയ ചിത്രം)

ന 2019 ൽ തീരദേശത്തെ പരമ്പരാഗത കേന്ദ്രങ്ങളിലുണ്ടായ വോട്ടുചോർച്ച ഇത്തവണ ഉണ്ടാകില്ലെന്നാണു എൽഡിഎഫിന്റെ പ്രതീക്ഷ. തങ്ങളുടെ സാന്നിധ്യവും നടപടികളും ഇത്തവണ മത്സ്യത്തൊഴിലാളി സമൂഹത്തിന് അവഗണിക്കാനാകില്ലെന്ന് ബിജെപിയും കരുതുന്നു. ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ ഇന്നലെ ഉച്ചവരെ തീരദേശ ബൂത്തുകൾ സന്ദർശിച്ചു.പാറശാല∙ഗ്രാമീണ മേഖലകളിൽ വോട്ടിങ് ആരംഭിച്ചതു മുതൽ തുടങ്ങിയ തിരക്ക് വൈകുവോളം നീണ്ടു. അതിർത്തി ബൂത്തായ അയിങ്കാമം ഗവ എൽപി സ്കൂളിൽ ആറര മണിക്കാണ് പോളിങ് അവസാനിച്ചത്. ഭൂരിഭാഗം ബൂത്തുകളിലും സ്ത്രീ വോട്ടർമാർ കുറവ് ആയിരുന്നു. തീരദേശ മേഖലയിൽ രാവിലെ തിരക്ക് കുറവായിരുന്നെങ്കിലും ഉച്ചയ്ക്കു ശേഷം വൻ തിരക്ക് അനുഭവപ്പെട്ടു. പ്രവർത്തകർ തമ്മിൽ നേരിയ വാക്കേറ്റങ്ങൾ ഒഴിച്ചാൽ കാര്യമായ ക്രമസമാധാന പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 

നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂളിൽ ഒരുക്കിയിരുന്ന ബൂത്തിൽ വോട്ട് ചെയ്യാൻ ഇന്നലെ ഉച്ചയ്ക്ക് മുൻപ് എത്തിയവർ
നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്കൂളിൽ ഒരുക്കിയിരുന്ന ബൂത്തിൽ വോട്ട് ചെയ്യാൻ ഇന്നലെ ഉച്ചയ്ക്ക് മുൻപ് എത്തിയവർ

അകലം തടസ്സമാണ് എങ്കിലും ..
പാലോട്∙ ആദിവാസി, തോട്ടം മേഖലകൾ ഉൾപ്പെടുന്ന പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാർ ഹൈ സ്കൂളിലെ ബൂത്തിൽ എത്തി വോട്ട് ചെയ്യുന്നതിന് വലിയ ദൂരമെന്ന് വോട്ടർമാർ പരാതിപ്പെട്ടു. പത്തു കിലോമീറ്റർ അകലെയുള്ളവർ വരെ ഇവിടെയാണ് വോട്ട് രേഖപ്പെടുത്തിയത്. ബ്രൈമൂർ തോട്ടം മേഖല,അടിപറമ്പ്, കാട്ടിലക്കുഴി, കല്ലണ, ഇയ്യക്കോട്, വെങ്കിട്ട, വിട്ടിക്കാവ്, ചെന്നല്ലിമൂട്, മുത്തിപ്പാറ, പേത്തലകരിക്കകം, ഇടവം തുടങ്ങിയ ആദിവാസി മേഖലകളിൽ ഉള്ളവരും വലിയ ദൂരം കാരണം ബുദ്ധിമുട്ടിയാണ് എത്തിയത്. ഇടിഞ്ഞാർ സ്കൂളിലെ ബൂത്തിൽ ഏറെ നേരം കാത്തിരുന്നാണ് പലരും വോട്ട് രേഖപ്പെടുത്തിയത്. രാവിലെ മുതൽ തന്നെ തിരക്ക് അനുഭവപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പ് മുതലെങ്കിലും ആദിവാസി മേഖലകളിലെ ജനങ്ങൾക്ക് ദൂരം കുറച്ച് ബൂത്ത് ക്രമീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

കാട്ടാക്കടയിലെ ആദിവാസി മേഖലയിൽ കാര്യമായ പോളിങ് നടന്നതായാണ് പ്രാഥമിക കണക്ക്. ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങി പാർക്കുന്ന മേഖലയിൽ നിന്നും പതിവിനു വിപരീതമായി വോട്ടർമാർ രാവിലെ തന്നെ വോട്ട് ചെയ്യാനെത്തി.  ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നതും അല്ലാത്തതുമായ തങ്ങളുടെ ഉറച്ച വോട്ടർമാരെ വാഹനങ്ങളിൽ എത്തിച്ച് വോട്ട് ഉറപ്പാക്കുന്നതിൽ മൂന്ന് മുന്നണി പ്രവർത്തകരും മുന്നിലായിരുന്നു. കനത്ത ചൂട് അവഗണിച്ച് ഗ്രാമീണ മേഖലയിൽ പോളിങ് സ്റ്റേഷനുകളിലേക്ക് വോട്ടർമാരെത്തി. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങാൻ എത്തിയവരിൽ ഭൂരിഭാഗവും വയോധികരായിരുന്നു. 11 മണി വരെ പല ബൂത്തിനു മുന്നിലും വോട്ടർമാരുടെ വലിയ തിരക്ക് ഉണ്ടായി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷവും സമാന സ്ഥിതി.

വാക്കേറ്റത്തിൽ കുടുങ്ങി പോളിങ്
മുതിയാവിളയിൽ വോട്ടർമാരെ എത്തിച്ച് അവർക്ക് ഒപ്പം പോളിങ് സ്റ്റേഷനിൽ ഇടത് പ്രവർത്തകർ പ്രവേശിക്കുന്നു എന്ന പരാതി കോൺഗ്രസ് ഉന്നയിച്ചു. ഇത് വാക്കേറ്റത്തിൽ കലാശിച്ചെങ്കിലും പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. 

പോളിങ് സ്റ്റേഷനിൽ അസൗകര്യം
കട്ടയ്ക്കോട് സെന്റ് ആന്റണീസ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവർ കാര്യമായി വലഞ്ഞു.വോട്ടിങിലെ മെല്ലെപ്പോക്കും പോളിങ് സ്റ്റേഷനിലെ അസൗകര്യവും വോട്ടർമാരെ വലച്ചു. ഒടുവിൽ ബൂത്തിനകത്ത് കയറി നിൽക്കാൻ അനുവദിച്ചു. വൈകിട്ട് ആറു മണിവരെ ബൂത്തിനുള്ളിൽ തിങ്ങി നിന്ന് വോട്ട് രേഖപ്പെടുത്തി മടങ്ങി. 

വോട്ടിങ് യന്ത്രം പണിമുടക്കി
വെള്ളറട∙  അമ്പൂരി സ്കൂളിലെ 29–ാം നമ്പർ ബൂത്തിൽ വോട്ടിങ് യന്ത്രം മുക്കാൽ മണിക്കൂർ വൈകിയാണ് പ്രവർത്തനം തുടങ്ങിയത്. കോട്ടുക്കോണം എൽഎംഎസ് യുപി സ്കൂളിലെ 172–ാം നമ്പർ ബൂത്തിലെ വോട്ടിങ് യന്ത്രം വൈകിട്ട് 5.30ന് പണിമുടക്കി. അരമണിക്കൂർ കഴിഞ്ഞപ്പോൾ തകരാറ് തീർത്തു. തുടർന്ന് വരിയിൽ നിന്നവർക്കും 6 മണിവരെ ബൂത്തിൽ എത്തിയവർക്കും ടോക്കൺ വിതരണം ചെയ്ത് വോട്ടെടുപ്പ് പൂർത്തിയാക്കി. 
കാട്ടാക്കട ∙ കഅമ്പലത്തിൻകാല 95–ാം നമ്പർ ബൂത്തിൽ വൈകിട്ട്  വോട്ടിങ് മെഷീനിലെ ബാറ്ററി ചാർജ് തീർന്ന് ഒരു മണിക്കൂർ വോട്ടിങ് തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com