വേനൽ ; വെള്ളം കിട്ടാതെ വലഞ്ഞ് നാട്ടുകാർ
Mail This Article
കഴക്കൂട്ടം∙ കടുത്ത വേനലിൽ തുടർച്ചയായി വെള്ളം കിട്ടാതെ വലഞ്ഞ് നാട്ടുകാർ. ഏതാനും കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചാൽ കഴക്കൂട്ടം മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശത്തെയും കുടിവെള്ളം എത്തിക്കാമെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം മാസങ്ങളായി നാട്ടുകാർ വെള്ളം കിട്ടാതെ ദുരിതത്തിലാണ്. രണ്ടു മാസത്തിനിടെ നാലു തവണയാണ് മൺവിള ടാങ്കിലേക്കു വെള്ളം എത്തിക്കുന്ന പൈപ്പു പൊട്ടിയത്. മൂന്നു ദിവസം മുൻപും മൺവിള ടാങ്കിലേക്കു വെള്ളം എത്തിക്കുന്ന 900 എംഎം പിസിസി പൈപ്പ് ലൈനിൽ ഇടവുക്കോട് തട്ടിനകം പാലത്തി സമീപം ചോർച്ച കണ്ടു.
തുടർന്ന് ഉള്ളൂർ, കേശവദാസപുരം, പാറോട്ടുകോണം, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ,ചെറുവയ്ക്കൽ, ചെല്ലമംഗലം, ചെമ്പഴന്തി, ഞാണ്ടൂർക്കോണം, പുലയനാർക്കോട്ട, കരിമണൽ, കുഴിവിള, മൺവിള, കുളത്തൂർ, അരശുംമൂട്, പള്ളിത്തുറ, മേനംകുളം, കാര്യവട്ടം, കഴക്കൂട്ടം, പള്ളിപ്പുറം സിആർപിഎഫ് , ടെക്നോപാർക്ക്, ആക്കുളം, തൃപ്പാദപുരം, കിൻഫ്ര,പാങ്ങപ്പാറ, പൗഡിക്കോണം, കരിയം തുടങ്ങിയ ഭാഗങ്ങളിൽ കുടിവെള്ളം തടസ്സപ്പെട്ടിരിക്കുകയാണ്. അരുവിക്കര നിന്നും കഴക്കൂട്ടം മണ്ഡലത്തിലേക്കു വെള്ളം എത്തിക്കുന്നത് 3 വാട്ടർ ടാങ്കുകൾ വഴിയാണ്. മൺവിള, പുതുകുന്ന്, പോങ്ങുംമൂട്. ഇതിൽ മൺവിള ടാങ്കിൽ നിന്നുമാണ് കഴക്കൂട്ടം മണ്ഡലത്തിലെ നല്ലൊരു ഭാഗം പ്രദേശങ്ങളിലും വെള്ളം എത്തിക്കുന്നത്.
പുതുകുന്നിലുള്ള സംഭരണിയിൽ നിന്നും മൺവിളയിലെ സംഭരണിയിലേക്കു വെള്ളം നിറച്ച് അവിടെ നിന്നാണ് മൺവിള, കുളത്തൂർ, അരശുംമൂട്, തൃപ്പാദപുരം, കല്ലിങ്ങൾ, കഴക്കൂട്ടം, കുഴിവിള ഭാഗങ്ങളിലേക്കു വെള്ളം എത്തിക്കുന്നത്. മൺവിളയിലെ സംഭരണിയിലേക്കു വെള്ളം കൊണ്ടു വരുന്നത് മൂന്നു പതിറ്റാണ്ടിനു മുൻപ് സ്ഥാപിച്ച 600 എംഎം പിസിസി പൈപ്പു വഴിയാണ് മൺവിളയുള്ള സംഭരണിയിൽ വെള്ളം നിറക്കുന്നത്. മൺവിളയുള്ള സംഭരണിയ്ക്കു കൂടുതൽ വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഉണ്ടെങ്കിലും കൂടുതൽ മർദത്തിൽ വെള്ളം പമ്പ് ചെയ്താൽ പൈപ്പു പൊട്ടും എന്നാണ് അധികൃതരുടെ ഭാഷ്യം.
അതിനാൾ സംഭരണി ഉൾക്കൊള്ളുന്ന വെള്ളത്തിന്റെ 45 ശതമാനം മാത്രമേ നിറയ്ക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്. അരുവിക്കര നിന്നും മൺവിള ടാങ്കിലേക്കു വെള്ളം എത്തിക്കാനുള്ള പുതിയ പ്രധാന പൈപ്പ് ലൈൻ മണ്ണന്തല വരെ സ്ഥാപിച്ചിട്ടു ണ്ട് അവിടെ നിന്നും 14 കിലോമീറ്റർ ദൂരത്തിൽ പൈപ്പ് സ്ഥാപിച്ചാൽ ഇൗ മേഖലയിലെ കുടിവെള്ള ക്ഷാമം തീരും. മുൻപ് കരാറെടുത്ത കമ്പനി പുതിയ പൈപ്പിടൽ പാതി വഴിയിൽ ഉപേക്ഷിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലാണ്. പുതിയ ടെൻഡർ 40 ശതമാനത്തിലധികം തുക അധികം ക്വോട്ടു ചെയ്തിരിക്കുന്നതിനാൽ അനിശ്ചിതമായി നീണ്ടുപോകുകയാണ്.