ADVERTISEMENT

തിരുവനന്തപുരം∙ ദിവസവും 100 മുതൽ 125 പേരെ വരെ ഡ്രൈവിങ് ടെസ്റ്റിൽ വിജയിപ്പിച്ച് ലൈസൻസ് നൽകിയ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ‘ ഇൗ മികവ്’ പരിശോധിക്കാൻ നടത്തിയ പരീക്ഷണത്തിൽ കൂട്ടത്തോൽവി. ഇൗ ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ 98 പേരുടെ ടെസ്റ്റിൽ ആകെ പാസായത്  15 പേരാണ്. കാറിന്റെ ടെസ്റ്റിലാണ് കൂടുതൽ പേരും തോറ്റത്. ഡ്രൈവിങ് ടെസ്റ്റ് വെറും 2 മിനിറ്റ് കൊണ്ട് നടത്തി പാസാക്കി വിടുന്നുവെന്നും ഇതിന്റെ പേരിൽ വൻതോതിൽ അഴിമതി നടക്കുന്നുവെന്നും പരാതി ഉയർന്നതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണ് ഡ്രൈവിങ് െടസ്റ്റിൽ പരിഷ്കാരം കൊണ്ടുവന്നത്.

ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ദിവസവും 100–125 പേരെ പാസാക്കുന്ന ടെസ്റ്റ് നടത്തുന്ന വിവരം പുറത്തുവന്നത്. ഇൗ ഉദ്യോഗസ്ഥർ എങ്ങനെയാണ് 2 മിനിറ്റ് കൊണ്ട് ടെസ്റ്റ് നടത്തി പാസാക്കുന്നത് എന്ന് അവർ തന്നെ എല്ലാവരുടെയും മുന്നിൽ കാണിക്കാനായിരുന്നു നിർദേശം. ഇതിനായി മോട്ടർ വാഹന വകുപ്പിന്റെ മുട്ടത്തറയിലെ ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഇന്നലെ സൂപ്പർ ടെസ്റ്റ് നടത്തി. ഏറ്റവും കുറഞ്ഞത് 10 മിനിറ്റ് വരെ ഇന്നലത്തെ ടെസ്റ്റിന് വേണ്ടിവന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി. ഈ പരസ്യ ടെസ്റ്റിൽ വെട്ടിലായത് ഇന്നലെ ലൈസൻസ് എടുക്കാൻ എത്തിയവരാണ്.

കൂടുതൽ ക്യാമറകളും ഉദ്യോഗസ്ഥരും എത്തിയതോടെ പരീക്ഷയ്ക്കെത്തിയ പലരും തോറ്റു. പരീക്ഷ പ്രയാസമായിരുന്നുവെന്നും ഇൻഡിക്കേറ്റർ ഇടാൻ അൽപം താമസിച്ചതിന്റെ പേരിൽ പോലും തോറ്റെന്നും പലരും പറഞ്ഞു. ഇത്തരം സൂപ്പർ ടെസ്റ്റാണ് നടക്കുന്നതെന്നറിഞ്ഞ് 22 പേർ ടെസ്റ്റിനു വന്നില്ല. ഓരോ ഗ്രൗണ്ട് ടെസ്റ്റിനും റോഡ് ടെസ്റ്റിനുമായി ഉദ്യോഗസ്ഥർ എത്ര സമയമെടുത്തു എന്നു നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. സൂപ്പർ ടെസ്റ്റിനു ശേഷം പ്രത്യേക സംഘം മന്ത്രിക്ക് റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.  എന്നാൽ, ഉദ്യോഗസ്ഥരെ ശിക്ഷിക്കാനല്ല സൂപ്പർ ടെസ്റ്റ് എന്നാണു മോട്ടർ വാഹന വകുപ്പിന്റെ വിശദീകരണം. എല്ലാ ചട്ടങ്ങളും പാലിച്ച് ഈ ഉദ്യോഗസ്ഥർക്ക് എത്ര ടെസ്റ്റ് നടത്താനാകുമെന്ന് കണ്ടെത്തുകയാണു ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിദിനം നടത്താവുന്ന ടെസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തും.

പരിഷ്കാരത്തിൽ ചെറിയ മാറ്റം;  ഡ്രൈവിങ് ടെസ്റ്റ് തടയാൻ സിഐടിയു 
തിരുവനന്തപുരം∙ മന്ത്രി കെ.ബി. ഗണേഷ് കുമാർ രണ്ടു മുതൽ നടപ്പാക്കുവാൻ നിർദേശിച്ച, പരിഷ്കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റ് തടയാൻ ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നേരത്തേ മന്ത്രിയുടെ തീരുമാനത്തിനെതിരെ സെക്രട്ടേറിയറ്റ് പടിക്കൽ സിഐടിയു പ്രതിഷേധ ധർണ നടത്തിയിരുന്നു.

അതിനിടെ, ടെസ്റ്റിൽ നിഷ്കർഷിച്ചിരുന്ന പരിഷ്കാരത്തിൽ ചില ഇളവുകൾ ഗതാഗത കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും 'എച്ച്' ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നു മാറ്റമുണ്ടായിരിക്കും. ടെസ്റ്റ് ഗ്രൗണ്ടുകളുടെ നിർമാണം നിർദേശിച്ച പോലെ നടക്കാത്തതിനാലാണ് ടെസ്റ്റിൽ ഇൗ ഇളവ് കൊണ്ടുവരുന്നത്.

പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തി. പുതിയതായി 40 പേർക്കും തോറ്റവർക്കുള്ള റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അവസരം നൽകാനാണ് പുതിയ നിർദേശം. മേയ് രണ്ടു മുതൽ 30 പേർക്ക് ലൈസൻസ് നൽകുമെന്നാണു മന്ത്രി  അറിയിച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ ഇളവു വരുത്തിയിരിക്കുന്നത്. പുതിയ ട്രാക്കുകൾ തയാറാകാത്തതിനാൻ എച്ച് ടെസ്റ്റ് തുടരും.

English Summary:

Driving test is in just 2 minutes and wins 125 people daily; 'Mass failure' in examination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com