സൗരോർജ വിപണിയിൽ സജീവമാകാൻ അദാനി ഗ്രൂപ്പ്; 225 മെഗാവാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കും
Mail This Article
തിരുവനന്തപുരം∙ അദാനി ഗ്രൂപ്പിന്റെ സോളർ വിങ് കേരളത്തില്‍ കൂടുതൽ സജീവമാകുന്നതിന്റെ ഭാഗമായി സോളർ പാനലിന്റെ കേരളത്തിലെ പ്രധാന ഡിസ്ട്രിബ്യൂട്ടർരായ അൽമിയ ഗ്രൂപ്പുമായി കമ്പനി കരാറിലേർപ്പെട്ടു. കേരളത്തിൽ ഇതുവരെ 1000 മെഗാവാട്ട് സൗരോർജ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. അതിൽ 225 മെഗാവാട്ട് മാത്രമാണ് പുരപ്പുറ സൗരോർജ പദ്ധതി. അതിന്റെ 50% അദാനി സോളർ പദ്ധതിയാണ്. ഇതുവരെ നടപ്പാക്കിയ 225 മെഗാവാട്ട് പദ്ധതിക്ക് പുറമെ ഈ വരുന്ന ഒരു വർഷം മാത്രം അദാനി സോളറിന്റെ കീഴിൽ 200 മെഗാ വാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കാനാണ് തീരുമാനമെന്ന് നാഷനൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2023 ൽ മാത്രം 70 മെഗാവാട്ടിന്റെ സൗരോർജ പാനലുകൾ കേരളത്തിൽ സ്ഥാപിക്കാനായി. ആയിരക്കണക്കിന് മെഗാവാട്ടിന്റെ സൗരോർജ വിപണയിൽ കേരളത്തിൽ സാധ്യത ഉണ്ടെന്നത് മുന്നിൽ കണ്ടാണ് അദാനി ഗ്രൂപ്പ് അൽമിയ ഗ്രൂപ്പുമായി കരാറിൽ ഏർപ്പെടുന്നത്. പ്രധാനമന്ത്രി സൂര്യ ഖർ പദ്ധതിക്ക് കീഴിൽ കേരള വിപണിയിൽ നിലവിൽ ഉണ്ടായിരുന്നതിന്റെ പതിൻ മടങ്ങ് വേഗതയിൽ സൗരോർജ മേഖലയിൽ പ്രവർത്തിക്കാനും. നിലവിൽ ഏഷ്യൻ വിപണയിൽ അദാനി ഗ്രൂപ്പിന്റെ സോളർ പാനലുകളോട് കിടപിടിക്കത്തക്ക രീതിയിൽ ഉള്ള പാനലുകൾ ലഭ്യമല്ല. നിലവിൽ അദാനി ഗ്രൂപ്പ് പുതിയതായി ആവിഷ്കരിക്കുന്ന പാനലുകളായ ടോപ്പ്കോൺ എൻടൈപ്പ് പാനലുകൾ മുൻപ് പുറത്തിറക്കിയ പാനലുകളേക്കാൽ പതിൻമടങ്ങ് ഉല്‍പാദനക്ഷമത ഉള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട പദ്ധതികളിൽ സൗരോർജത്തിന്റെ ഉപയോഗവും അതിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
2014 ൽ കൊച്ചി ആസ്ഥാനമായ അൽമിയ എൻജിനീയറിങ് അദാനി ഗ്രൂപ്പുമായി ചേർന്ന് കൊണ്ട് തമിഴ്നാട്ടിൽ 45 മെഗാവാട്ടിന്റെ പദ്ധതിക്ക് തുടക്കം കുറിയ്ക്കുകയായിരുന്നു. തുടർന്ന് 2017 ൽ അദാനി ഗ്രൂപ്പിന്റെ സൗരോർജ പദ്ധതികളെ കേരള വിപണിയിൽ എത്തിച്ച അൽമിയ ഗ്രൂപ്പ്, സൗരോർജ പദ്ധതികൾ കേരളത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് മുൻപന്തിയിൽ ആയിരുന്നു. അനെർട്ട്, കെഎസ്ഇബി, കേരളത്തിലെ സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിൽ അദാനിയുടെ സൗരോർജ പാനലുകൾ അൽമിയ വഴി സ്ഥാപിച്ചിരുന്നു. അൽമിയ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അൽ നിഷാൻ ഷാഹുൽ കമ്പനിയുടെ വളർച്ചയും കേരളത്തിലെ സോളർ വ്യവസായത്തിന്റെ സാധ്യതകളും വിശദീകരിച്ചു. സുസ്ഥിരമായ ഊർജ പരിഹാരങ്ങളുടെ പ്രാധാന്യം വ്യക്തമാക്കിയ അദ്ദേഹം, സൗരോർജ മേഖലയിലെ നവീകരണത്തിനും മികവിനും നേതൃത്വം നൽകുന്ന അൽമിയ ഗ്രൂപ്പിന്റെ പ്രതിബദ്ധത അടിവരയിട്ടു.
ചീഫ് എയർപോർട്ട് ഓഫിസർ തിരുവനന്തപുരം രാഹുൽ ബഡ്കൊളി, അദാനി സോളർ ഗ്രൂപ്പ് റീജിയനൽ ഹെഡ് ഓഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് പ്രശാന്ത് ബൈന്ദൂർ, സൗത്ത് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് റീജിയനൽ മാനേജർ രവി മദന, കൊച്ചി ബിഎൻഐ എക്സിക്യൂട്ടൂവ് ഡയറക്ടർ ജി.അനിൽ കുമാർ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ പിഎം സൂര്യ ഘർ പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫിസർ എസ്.നൗഷാദ് അനെർട്ട് സിഇഒ നാഥ് വെള്ളോരി, അൽമിയ ഗ്രൂപ്പ് ഡയറക്ടർ ഐ.അബ്ദുൽ റഹ്മാൻ, ജനറൽ മാനേജർ അജിത് മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.