ADVERTISEMENT

കന്യാകുമാരി ∙ അവധിക്കാലത്തെ അവസാന ദിവസങ്ങളിൽ തിരക്കിൽ അമരാറുള്ള കന്യാകുമാരിയിൽ ഇപ്പോൾ എവിടെ നോക്കിയാലും പൊലീസുകാർ. നിരത്തുകളിൽ വാഹനങ്ങളുമില്ല, ആളുകളുമില്ല. എല്ലായിടത്തും ചർച്ചാവിഷയം ഒറ്റക്കാര്യം മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവ്. അവധിയാഘോഷിക്കാൻ ഹോട്ടലുകളിൽ മുറിയെടുത്തവരുടെ ചരിത്രം മുഴുവൻ തപ്പിയെടുക്കുകയാണു പൊലീസ്. അത്ര കർശനമായ സുരക്ഷയാണ് എങ്ങും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കഴിഞ്ഞ മാസം കന്യാകുമാരിയിൽ എത്തിയിരുന്നെങ്കിലും ഇക്കുറി 3 ദിവസം അദ്ദേഹം കന്യാകുമാരിയിൽ തങ്ങുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചങ്കിടിപ്പിക്കുന്നത്. കടലിലുമുണ്ടു സുരക്ഷ. വിവേകാനന്ദ സ്മാരകത്തിന്റെ ചുറ്റും സുരക്ഷാവലയം തീർത്തിരിക്കുകയാണ് നാവികസേനയുടെ ബോട്ടുകളും കോസ്റ്റ് ഗാർഡിന്റെ കപ്പലുകളും.

pm-narendra-modi-kanniyakumari-1
കന്യാകുമാരിക്കുള്ള യാത്രയ്ക്കിടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനത്തിൽ നിന്നും പുറത്തേക്കു വരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രം:മനോരമ

സ്വാമി വിവേകാനന്ദൻ തപസ്സിരുന്ന പാറ
1892 ഡിസംബർ 23, 24, 25 തീയതികളിൽ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന പാറയിൽ 1970ലാണു സ്മാരകം പണിതത്. അന്നു കന്യാകുമാരി തീരത്തെത്തിയ സ്വാമി വിവേകാനന്ദൻ പാറയിലേക്കു പോകാൻ സഹായിക്കാമോ എന്നു മത്സ്യത്തൊഴിലാളികളോട് അഭ്യർഥിച്ചു. അന്നു കൂലിയായി ചോദിച്ച തുക അദ്ദേഹത്തിനു താങ്ങാവുന്നതായിരുന്നില്ല. അതിനാൽ സ്വാമി നീന്തി പാറയിലെത്തി അവിടെ ധ്യാനമിരുന്നു. രാഷ്ട്രപതിയായിരിക്കെ റാംനാഥ് കോവിന്ദ് വിവേകാനന്ദപ്പാറ സന്ദർശിച്ചിരുന്നെങ്കിലും ധ്യാനമിരുന്നില്ല. കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്ന സങ്കൽപവുമുണ്ട്.

വിവേകാനന്ദപ്പാറയിലെ മണ്ഡപത്തിന് ശ്രീപാദ മണ്ഡപം, ധ്യാനമണ്ഡപം, സഭാ മണ്ഡപം എന്നീ ഭാഗങ്ങളുണ്ട്. ധ്യാനമണ്ഡപത്തിൽ ഓംകാര രൂപമുള്ള ധ്യാനമുറിയും വശങ്ങളിൽ 6 മുറികളുമുണ്ട്. സഭാമണ്ഡപത്തിൽ വിവേകാനന്ദന്റെ വെങ്കലപ്രതിമയും ഒരു വരാന്തയും തുറന്ന മുറിയും. ശ്രീപാദമണ്ഡപത്തിൽ ഗർഭഗൃഹം, അകത്തെയും പുറത്തെയും ഹാൾ. ഇവിടെ ശാരദാദേവിയുടെയും ശ്രീരാമകൃഷ്ണപരമഹംസന്റെയും ഛായാചിത്രവുമുണ്ട്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദന്റെ വെങ്കലപ്രതിമയിലും ശാരദാദേവിയുടെയും ശ്രീരാമകൃഷ്ണപരമഹംസന്റെയും ഛായാചിത്രങ്ങളിലും പുഷ്പാർച്ചന നടത്തി. തൊട്ടടുത്തുള്ള പാറയിൽ 133 അടിയുള്ള തിരുവള്ളുവർ പ്രതിമയിലും അദ്ദേഹം പുഷ്പങ്ങളർപ്പിച്ചു.

പ്രധാനമന്ത്രിക്കായി താൽക്കാലിക പാലം
വിവേകാനന്ദസ്മാരകത്തിനും തിരുവള്ളുവർ പ്രതിമയ്ക്കുമിടയിൽ 37 കോടി രൂപ ചെലവിൽ കണ്ണാടി നടപ്പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പാറകൾ കൂടുതലുള്ള സ്ഥലമായതിനാൽ പ്രതികൂല കാലാവസ്ഥയിൽ തിരുവള്ളുവർ പ്രതിമയിലേക്ക് ബോട്ട് സർവീസ് നിർത്തിവയ്ക്കേണ്ടി വരുന്നുണ്ട്. ഇതിനുള്ള ബദൽ മാർഗമായാണ് പാലം പണിയാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത.് 97 മീറ്റർ നീളത്തിലും 4 മീറ്റർ വീതിയിലുമായി നിർമിക്കുന്ന പാലത്തിന്റെ പണി കഴിഞ്ഞ മേയ് 24നാണ് തുടങ്ങിയത്. ഇന്നലെ പ്രധാനമന്ത്രിക്ക് വിവേകാനന്ദ സ്മാരകത്തിൽ നിന്നു തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പാറയിലെത്താൻ താൽക്കാലിക നടപ്പാലം ഒരുക്കുകയായിരുന്നു.

എത്തിയത് ഒരു മണിക്കൂർ വൈകി
തിരുവനന്തപുരം∙ കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കായി നിശ്ചയിച്ചിരുന്നതിലും ഒരു മണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തിയത്. വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിലാണ് അദ്ദേഹത്തെയും വഹിച്ചുകൊണ്ടുള്ള വിമാനമെത്തിയത്. ഔദ്യോഗിക സ്വീകരണ ചടങ്ങുകൾ ഉണ്ടായില്ല. അനുകൂല കാലാവസ്ഥയായതിനാൽ വ്യോമസേനാ ഹെലികോപ്റ്ററിൽ വൈകാതെ അദ്ദേഹം കന്യാകുമാരിയിലേക്കു പുറപ്പെട്ടു. 

മറ്റു രണ്ട് ഹെലികോപ്റ്ററുകൾ ഇവിടെ നിന്നും അനുഗമിച്ചു. പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം കന്യാകുമാരിയിൽ എത്തുന്നതിനുള്ള സജ്ജീകരണങ്ങൾ കേരള പൊലീസും തമിഴ്നാട് പൊലീസും ഒരുക്കിയിരുന്നു. പ്രധാനമന്ത്രിയുടെ വരവു കാണാൻ ബിജെപി പ്രവർത്തകരാരും വിമാനത്താവള പരിസരത്ത് എത്തിയിരുന്നില്ല. ശംഖുമുഖം ബീച്ചിലെത്തിയ സഞ്ചാരികൾ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വീക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com