ADVERTISEMENT

കാഞ്ഞങ്ങാട്∙ പട്ടാപ്പകൽ നഗരമധ്യത്തിൽ പെൺകുട്ടികളെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് സ്ഥലംവിടാനുള്ള ശ്രമത്തിനിടെ നാലുനില കെട്ടിടത്തിന് മുകളിൽ കുടുങ്ങി. പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് പിടികൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ആശുപത്രിയിൽനിന്ന് ചാടിപ്പോയി.

ഇന്നലെ വൈകിട്ട് 4.45നാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ശല്യം ചെയ്ത പെരിയ ചെർക്കാപ്പാറയിലെ റയീസ് (30) അവരെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതിനിടെ പെൺകുട്ടികൾ ഭയന്ന് ബഹളം വച്ചു. സമീപത്തുള്ളവർ ഓടിക്കൂടിയതോടെ ഇയാൾ അടുത്തുള്ള കല്ലട്ര കോംപ്ലക്സ് കെട്ടിടത്തിന് മുകളിലേക്ക് ചാടിക്കയറുകയായിരുന്നു. കെട്ടിടത്തിന്റെ മുകൾ നിലകളിലേക്കുള്ള പ്രവേശനവഴിയിലെ ഗ്രിൽ പൂട്ടിയ നിലയിലായിരുന്നു.

നാലു നിലയിലുള്ള കെട്ടിടത്തിന്റെ ടെറസുവരെ അതിസാഹസികമായെത്തിയ യുവാവ് അവിടെ കാൽവഴുതി വീണു. ഈ സമയം പൊലീസും സിവിൽ ഡിഫൻസ് അംഗങ്ങളും സ്ഥലത്തെത്തി ഇയാളെ പിടികൂടി. നടുവിന് പരുക്ക് പറ്റിയതിനാൽ പൊലീസ് അഗ്നിരക്ഷാ സേനയുടെ സഹായം തേടി. അഗ്നിരക്ഷാ സേനയെത്തി പൂട്ടിയ ഗ്രില്ല് കട്ടർ ഉപയോഗിച്ച് പൊളിച്ചാണ് യുവാവിനെ താഴെ എത്തിച്ചത്.

ഇതിനു ശേഷം അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നു ചികിത്സയ്ക്കിടെയാണ് ഇയാൾ ഡ്രിപ് വലിച്ചൂരി ആരും കാണാതെ രക്ഷപ്പെട്ടത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ ചെടിച്ചട്ടികൾ തല്ലിത്തകർത്തതടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് റയീസ്. നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്ത് വിവരമറിഞ്ഞ് തടിച്ചുകൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com