ADVERTISEMENT

പെരുമ്പിലാവ് ∙ ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതിയുടെ പരിശീലനത്തിനു വേണ്ടി കേന്ദ്ര സർക്കാർ നൽകിയ ഫണ്ട് ഉപയോഗിച്ചു ചൊവ്വന്നൂർ അസിസ്റ്റന്റ് കൃഷി ഡയറക്ടറുടെ (എഡിഎ) നേതൃത്വത്തിൽ ഊട്ടിയിലേക്കു യാത്ര പോയതിൽ കർഷകർക്കു പ്രതിഷേധം. പരമ്പരാഗത കൃഷി പഠനത്തിന് എന്ന പേരിലാണു 23 അംഗ സംഘം കഴിഞ്ഞ ദിവസം വിനോദയാത്ര നടത്തിയത്. ഇതിൽ പദ്ധതിയുമായി ബന്ധപ്പെട്ട് 6 കർഷകർ മാത്രമാണ് ഉള്ളത് എന്നാണ് ആരോപണം. അസിസ്റ്റന്റ് കൃഷി ഡയറക്ടർ അടക്കം ബാക്കിയുള്ളവർ കൃഷി ഉദ്യോഗസ്ഥരും പദ്ധതിയിൽ ഉൾപ്പെടാത്തവരുമാണ്. യാത്ര പോയ ഒരു കൃഷി ഓഫിസർ ചൊവ്വന്നൂർ എഡിഎയുടെ കീഴിലുള്ള ഉദ്യോഗസ്ഥൻ പോലുമായിരുന്നില്ല.

പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പരമ്പരാഗത കൃഷി വികാസ് യോജനയുടെ കീഴിലാണു രാജ്യത്ത് ഭാരതീയ പ്രാകൃതിക് കൃഷി പദ്ധതി (ബിപികെപി) നടപ്പാക്കുന്നത്. പരമ്പരാഗത കൃഷി അറിവുകൾ കർഷകരിലേക്ക് എത്തിക്കുക, അതത് പ്രദേശങ്ങളിലെ പരമ്പരാഗത വിളകളുടെ തനിമ നഷ്ടപ്പെടാതെ വിത്ത് ഉൽപാദിപ്പിച്ചു കർഷകർക്കു വിതരണം ചെയ്യുക,  തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശ്യം. ഊട്ടിയിലെ ബോട്ടാണിക്കൽ ഗാർഡൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ ആൻഡ് സോയിൽ കൺസർവേഷൻ, കർണാടക സിറി ഹോർട്ടികൾചർ ഗാർഡൻ തുടങ്ങി സ്ഥലങ്ങളാണ് ഇവർ സന്ദർശിച്ചത്. തുടർന്നു മറ്റു വിനോദകേന്ദ്രങ്ങളും സന്ദർശിച്ച ശേഷമാണ് മടക്കം.

ബിപികെപി പദ്ധതി പ്രകാരം എഡിഎ ചെയർമാനും കർഷക പ്രതിനിധികളായ 4 പേർ അംഗങ്ങളായും സീനിയർ ലോക്കൽ റിസോഴ്സ് പഴ്സൻ എന്ന പേരിൽ, കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ അംഗത്വമെടുത്ത 4 പേരും അടങ്ങിയ ഹൈ പവർ കമ്മിറ്റിയാണ് ബിപികെപി പദ്ധതി നിയന്ത്രിക്കുക. തുടർന്ന് ഓരോ കൃഷിഭവന്റെ കീഴിലും 2 ലോക്കൽ റിസോഴ്സ് പഴ്സനെ നിയമിക്കും. ഈ നിയമനത്തിനെല്ലാം കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്. ഇത്തരത്തിൽ നിയമിച്ചവർക്കാണു പരമ്പരാഗത കൃഷി പരിശീലനം നൽകേണ്ടത്. ഇവർ പിന്നീട് അതത് കൃഷിഭവനുകളിലെ കർഷകർക്കു പരിശീലനം നൽകണം. ചൊവ്വന്നൂർ എഡിഎയുടെ കീഴിൽ 10 കൃഷിഭവനുകളാണ് ഉള്ളത്.  28 കർഷകർ ബിപികെപി പദ്ധതിയുടെ പ്രതിനിധികളായി ഉണ്ട്.  ഹൈ പവർ കമ്മിറ്റി കൂടുകയോ ഇത്തരം ഒരു യാത്രയെക്കുറിച്ചു വിശദീകരിക്കുകയോ ഉണ്ടായിട്ടില്ലെന്നു ഇതിലെ ഒരു അംഗം പറഞ്ഞു. കേന്ദ്ര സർക്കാർ അനുവദിച്ച 70,000 രൂപയോളമാണ് ഉദ്യോഗസ്ഥർ ചേർന്നു പാഴാക്കിയതെന്നു കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com