‘വിധികാത്ത്’ ഒരിടം: വോട്ടെണ്ണൽ, മാർ ഇവാനിയോസ് ക്യാംപസ് ഒരുങ്ങി
Mail This Article
തിരുവനന്തപുരം ∙ തിരുവനന്തപുരം, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗർ ക്യാംപസ് ഒരുങ്ങി. 4 ന് രാവിലെ 8 ന് ക്യാംപസിലെ 14 ഹാളുകളിലാണ് രണ്ടു ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 14 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കുക. 14 ടേബിൾ ആണ് വോട്ടെണ്ണലിനു സജ്ജമാക്കിയിരിക്കുന്നത്. ഒരു റൗണ്ടിൽ 14 പോളിങ് സ്റ്റേഷനുകളിലെ വോട്ടിങ് യന്ത്രം പരിശോധിക്കാൻ കഴിയും. ആകെ 2730 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. പോസ്റ്റൽ വോട്ട് എണ്ണാൻ പ്രത്യേകമായി 2 ഹാളുകൾ ക്രമീകരിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ് സ്റ്റേഷൻ ഉള്ള (212) വാമനപുരം മണ്ഡലത്തിൽ 16 റൗണ്ട് വോട്ടെണ്ണൽ നടക്കും. കുറവ് പോളിങ് സ്റ്റേഷനുള്ള (189) കാട്ടാക്കടയിൽ 14 റൗണ്ട് വോട്ടെണ്ണൽ നടക്കും. മറ്റു നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം : വർക്കല (197), ആറ്റിങ്ങൽ (206), ചിറയിൻകീഴ് (199), നെടുമങ്ങാട്, അരുവിക്കര (210). തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ കുറവ് പോളിങ് സ്റ്റേഷനുള്ള കഴക്കൂട്ടത്ത് (164) 12 റൗണ്ടും കൂടുതൽ പോളിങ് സ്റ്റേഷനുള്ള കോവളത്ത് (216) 16 റൗണ്ടും വോട്ടെണ്ണൽ നടക്കും. മറ്റു നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളുടെ എണ്ണം : വട്ടിയൂർക്കാവ് (172), തിരുവനന്തപുരം (175), നേമം (180), പാറശാല (215), നെയ്യാറ്റിൻകര (185).