ADVERTISEMENT

തിരുവനന്തപുരം∙ പന്തളം എൻഎസ്എസ് കോളജിൽ പഠിച്ചിരുന്ന കാലത്ത് വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഭാഗമായി 19 ദിവസം നിരാഹാരം കിടന്ന അടൂർ എൻ.കുഞ്ഞുരാമന്റെ മകനാണ് അടൂർ പ്രകാശ്. തളർന്ന കുഞ്ഞിരാമനെ ആശുപത്രിയിലേക്കു മാറ്റിയപ്പോൾ നാട്ടിൽ പ്രചരിച്ചത് ‘കുഞ്ഞിരാമൻ മരിച്ചു’ എന്നായിരുന്നു.

കുഞ്ഞിരാമനെ കാണാൻ ആശുപത്രിയിൽ പോയി മടങ്ങിയ ഒരു യുവാവ് കണ്ടത് പന്തളം ജംക്‌ഷനിൽ ‘കുഞ്ഞിരാമൻ അനുശോചന’ത്തിന്റെ ഭാഗമായി മൗനജാഥ നടക്കുന്നതാണ്! പ്രകാശൻ വലുതായി, ചങ്ങനാശേരി എസ്ബി കോളജിൽ പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ആഗ്രഹം പ്രകടിപ്പിച്ചു– അച്ഛൻ പഠിച്ച പന്തളം എൻഎസ്എസ് കോളജിൽനിന്നു ഡിഗ്രി എടുക്കണം.

അച്ഛന്റെ സമരപാരമ്പര്യം അറിയാവുന്ന കോളജ് അധികൃതർ അഡ്മിഷൻ നൽകാൻ തയാറായില്ല. കുഞ്ഞിരാമൻ മകനെ കൊല്ലം എസ്എൻ കോളജിൽ ചേർത്തു. ഒരു നിബന്ധന മാത്രമേ പ്രിൻസിപ്പൽ വച്ചുള്ളൂ– ‘അടുത്തയാഴ്ച യൂണിയൻ തിരഞ്ഞെടുപ്പാണ്. അതു കഴിഞ്ഞേ ക്ലാസിൽ വരാൻ പാടുള്ളൂ. പ്രശ്നമുണ്ടാക്കരുത്!’

കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ മകനായി ജനിച്ച പ്രകാശ് കോളജിൽ പഠിക്കുമ്പോൾ കെഎസ്‌യു പ്രവർത്തകനായി. എസ്എൻ കോളജിൽ ബിഎ ഇക്കണോമിക്സിനു പഠിക്കുമ്പോൾ പ്രകാശ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇപ്പോൾ കാസർകോട് എംപിയായ രാജ്മോഹൻ ഉണ്ണിത്താൻ ആണ് പ്രകാശ് ഉൾപ്പെടെയുള്ളവരുടെ പേര് പത്രം ഓഫിസിലേക്കു കൊടുത്തയച്ചത്.

പിറ്റേന്നു പത്രം നോക്കിയ പ്രകാശൻ ഞെട്ടി. തന്റെ പേരില്ല, പകരം ‘അടൂർ പ്രകാശ്’ എന്നൊരാൾ. കാര്യം തിരക്കിയപ്പോൾ ഉണ്ണിത്താൻ പറഞ്ഞു– ‘എടോ പ്രകാശാ, ഭാവിയിൽ ഈ പേര് തനിക്ക് ഉപകരിക്കും!’.ഉറച്ച കമ്യൂണിസ്റ്റ് മണ്ഡലമായിരുന്ന കോന്നിയിൽനിന്ന് 1996ൽ അടൂർ പ്രകാശ് നിയമസഭയിലേക്കു മത്സരിച്ചപ്പോൾ 806 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. 

പിന്നീട് 5 തവണ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കാനുള്ള വളമായിരുന്നു ആ മൂന്നക്കം. മണ്ഡലം മാറി ആദ്യമായി ലോക്സഭയിലേക്ക് ആറ്റിങ്ങലിൽനിന്നു മത്സരിച്ചപ്പോൾ ഭൂരിപക്ഷം 38,000 കടന്നെങ്കിലും ഇത്തവണ കടുത്ത ത്രികോണ മത്സരത്തിൽ പഴയ മൂന്നക്ക ഭൂരിപക്ഷത്തിലേക്ക് അടൂർ പ്രകാശിനു മടങ്ങേണ്ടി വന്നു.

2014 മുതൽ ഒന്നര വർഷത്തോളം ഉമ്മൻചാണ്ടി സർക്കാരിൽ ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പിന്റെയും 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യം,റവന്യു വകുപ്പുകളുടെയും മന്ത്രിയായിരുന്ന അടൂർ പ്രകാശിനു എല്ലാം വിജയമാണ്; അതു മൂന്നക്കമായാലും അഞ്ചക്കമായാലും.ഭാര്യ: ജയശ്രീ. മക്കൾ: ജയകൃഷ്‌ണൻ, ഡോ:യമുന, അജയകൃഷ്‌ണൻ. മരുമക്കൾ: നിഷ, ഡോ.കാർത്തിക് രാജ്, മേഘ.

‘അപരന്മാരെ നിർത്തിയവർക്ക് പരാജയഭീതി’ ബിജെപി പണമൊഴുക്കി വോട്ട് പിടിച്ചു: അടൂർ പ്രകാശ്
തിരുവനന്തപുരം∙ പരാജയ ഭീതി കാരണമാണു തനിക്കെതിരെ എൽഡിഎഫ് അപരന്മാരെ നിർത്തിയതെന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ്. താൻ താൽപര്യമില്ലാതെയാണു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നു പ്രചരിപ്പിച്ചത് എതിർ സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവരാണ്.

പാർട്ടി ഒരു ചുമതല ഏൽപിച്ചാൽ പൂർണ മനസ്സോടെയാണു പ്രവർത്തിക്കുക. വിജയം മാത്രം കണ്ടല്ല, ജയവും പരാജയവും സ്വീകരിക്കാനുള്ള മാനസികാവസ്ഥയോടെയാണു മത്സരിച്ചത്. ഒരു ആശങ്കയും ഉണ്ടായില്ല. ബിജെപി മണ്ഡലത്തിൽ വ്യാപകമായി പണമൊഴുക്കിയാണു വോട്ടു പിടിച്ചത്.

കോൺഗ്രസിന്റെ മാത്രമല്ല, സിപിഎമ്മിന്റെ വോട്ടും ബിജെപി പിടിച്ചിട്ടുണ്ട്. ഓരോ മേഖലയിലും പണം കൊണ്ടുപോയി മറിക്കുകയായിരുന്നു. പണാധിപത്യമാണു നടന്നത്. അതുകൊണ്ടു ബിജെപിക്കു കൂടുതൽ വോട്ട് വന്നിട്ടുണ്ടാകും. ആറ്റിങ്ങൽ ലക്ഷ്യമിട്ടു ബിജെപി ഇന്നും ഇന്നലെയും തുടങ്ങിയ പ്രവർത്തനമല്ല.

കേന്ദ്രമന്ത്രി നിർമല സീതാരാമനെ പോലെയുള്ളവരെ എത്തിച്ചു സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ യുവാക്കൾക്കായി എത്രയോ നാളുകളായി പരിപാടികൾ നടത്തുന്നു. ഭരണത്തിന്റെ എല്ലാ സ്വാധീനവും ചെലുത്തിയുള്ള പ്രവർത്തനമാണു ബിജെപി നടത്തിയത്. അടൂർ പ്രകാശ് പറഞ്ഞു.

സർവത്ര ട്വിസ്റ്റ്
തിരുവനന്തപുരം ∙ നിമിഷങ്ങൾ കൊണ്ട് ഇടത്തും വലത്തും ചാഞ്ചാടി ആറ്റിങ്ങൽ മണ്ഡലത്തിലെ ഫലം. കൊണ്ടും കൊടുത്തും കൊഴുപ്പിക്കുന്ന ജനാധിപത്യത്തിന്റെ ജുഗൽബന്ദി പോലെ ഒടുക്കം വരെ തുടർന്ന സസ്പെൻസ്. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനെയും എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയെയും മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി, ഒടുവിൽ സിറ്റിങ് എംപി കൂടിയായ അടൂർ പ്രകാശിനെ ജനവിധിയുടെ കിരീടം അണിയിച്ച് കലാശക്കൊട്ട്.

തുടക്കം മുതൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ തൊട്ടു തൊട്ടില്ല എന്ന വേഗത്തിൽ വോട്ടുയർത്തി മണ്ഡലത്തിൽ ബിജെപിയുടെ വോട്ട് ചരിത്രത്തിലെ റെക്കോർഡ് സമ്മാനിച്ച് എൻഡിഎ സ്ഥാനാർഥി വി.മുരളീധരൻ. രാവിലെ 8 ന് പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ മുതൽ വളരെ പതിയെ ആണ് ആറ്റിങ്ങലിലെ വോട്ടെണ്ണൽ പുരോഗമിച്ചത്. വോട്ടെണ്ണൽ വൈകിയതു കാട്ടാക്കട നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നേരിയ സംഘർഷത്തിനു കാരണമായി.

73 വോട്ടിന്റെ ആദ്യ ഭൂരിപക്ഷം ജോയിക്ക്; 8.20 ന് ആദ്യ സൂചന പുറത്തു വന്നു. 10 മിനിറ്റിനുള്ളിൽ 95 വോട്ട് ലീഡ് നേടി അടൂർ പ്രകാശ് മുന്നിലെത്തി. നീണ്ട വോട്ട് ചേസ് കളിയുടെ തുടക്കമായിരുന്നു അത്. വോട്ടിങ് യന്ത്രം തുറന്നപ്പോൾ 8.45ന് അടൂർ പ്രകാശിന് 528 വോട്ടിന്റെ ലീഡ്. പിന്നാലെ, 632 വോട്ടുമായി ജോയി മുന്നിലെത്തി. 9.05 ന് 827 വോട്ടുമായി വീണ്ടും അടൂർ പ്രകാശിന്റെ മുന്നേറ്റം.

പിന്നെ അഞ്ചും പത്തും മിനിറ്റിന്റെ ഇടവേളകളിൽ അടൂർ പ്രകാശും ജോയിയും മാറി മാറി മുന്നിലെത്തിയത് പ്രവർത്തകരുടെ നെ‍ഞ്ചിടിപ്പേറ്റിക്കൊണ്ടാണ്. 10.07 ന് 2141 വോട്ടിന്റെ ലീഡ് ഉയർത്തി അടൂർ പ്രകാശ് കുതിച്ചപ്പോൾ കളി മാറി. ഇടയ്ക്ക് ലീഡ് 3063 വോട്ട് വരെ എത്തി. ഒരു മണിക്കൂർ പന്ത് അടൂരിന്റെ കോർട്ടിൽ. 11.20 ന് 346 വോട്ടിന്റെ ലീഡുമായി ജോയി തിരിച്ചെത്തി, ഏറെ നേരം ലീഡിന്റെ പന്ത് കൈവശം വച്ചു; 12.05 ന് 862 വോട്ടിന്റെ ലീഡ് നേടി അടൂർ പ്രകാശ് കളി തിരിച്ചു പിടിക്കുന്നതു വരെ.

ക്ലൈമാക്സിൽ ട്വിസ്റ്റോടു ട്വിസ്റ്റ്. 2.17 ന് 421 വോട്ടിന്റെ ഭൂരിപക്ഷം നേടി മുന്നിലെത്തിയ ജോയി ഭൂരിപക്ഷം അയ്യായിരം കടത്തി. 2 മണിക്കൂറോളം അത് ഉയർന്നും താഴ്ന്നും 1110 വരെ എത്തിയെങ്കിലും നാലരയോടെ അടൂർ പ്രകാശ് അവസാനമായി കളി തിരിച്ചുപിടിച്ചു. 610 വോട്ടിന്റെ ഭൂരിപക്ഷം ക്രമേണ ആയിരത്തിലധികമായെങ്കിലും ഒടുവിൽ 684 വോട്ടിൽ വിജയം ഉറപ്പിച്ചു.

ക്ലൈമാക്സിൽ യുഡിഎഫ് 
തിരുവനന്തപുരം∙ ഓരോ നിമിഷവും ചങ്കിടിപ്പേറ്റിയ പോരിനൊടുവിൽ നിസ്സാര വോട്ടിനാണെങ്കിലും മണ്ഡലം നിലനിർത്താനായതിന്റെ ആശ്വാസം യുഡിഎഫിനും കോൺഗ്രസിനും. പോസ്റ്റൽ വോട്ടുകളുടെ റീ കൗണ്ടിങ് നടത്തിയിട്ടും കപ്പിനും ചുണ്ടിനുമിടയിൽ ഏറെ വിലയുള്ള ഒരു ആശ്വാസ സീറ്റ് കൈവിട്ടുപോയതിന്റെ കനത്ത നിരാശയിൽ എൽ‍‍ഡിഎഫും സിപിഎമ്മും.

കേന്ദ്രമന്ത്രി തന്നെ മത്സരിച്ചിട്ടും മൂന്നാം സ്ഥാനത്തായെങ്കിലും ആഞ്ഞുപിടിച്ചാൽ വിജയസാധ്യതയുള്ള മണ്ഡലമായി വോട്ട് വിഹിതം വീണ്ടും ഉയർത്തിയ പ്രതീക്ഷയിൽ ബിജെപി. കഴിഞ്ഞ തവണ നേടിയ 2,48,081 വോട്ടിൽ നിന്ന് 3,11,779 ആയി ബിജെപി മുന്നേറിയതാണ് മറ്റു 2 മുന്നണികളുടെയും സമനിലയും കണക്കുകൂട്ടലും തെറ്റിച്ചതും മത്സരം ആവേശകരമാക്കിയതും.

മൂന്നാമതായെങ്കിലും ആറ്റിങ്ങൽ, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതെത്തിയത് ബിജെപിക്ക് നേട്ടമായപ്പോൾ ഈ രണ്ടിടത്തും മൂന്നാമതായത് സിപിഎമ്മിന് നാണക്കേടായി. വി.ജോയിക്ക് സ്വന്തം നിയമസഭാ മണ്ഡലമായ വർക്കലയിൽ മാത്രമാണ് ലീഡ് നേടാനായത്. ആറായിരത്തിനു മുകളിലുള്ള ആ ലീഡാണ് രണ്ടാം സ്ഥാനത്തെത്താൻ തുണയായത്.

അരുവിക്കര, വാമനപുരം. ചിറയിൻകീഴ് , നെടുമങ്ങാട് മണ്ഡലങ്ങളിലാണ് അടൂർ പ്രകാശ് ലീഡ് നേടിയത്. പക്ഷേ, കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞു. എങ്കിലും കഴിഞ്ഞ തവണ പിന്നിലായ നെടുമങ്ങാടും ഇത്തവണ ലീഡ് നേടാനായി എന്നതാണ് ആശ്വാസം. നിസ്സാര ഭൂരിപക്ഷത്തിന് ജയം നിർണയിക്കപ്പെട്ട മത്സരത്തിൽ നോട്ടയ്ക്ക് 9791 വോട്ടുകൾ വോട്ടുകൾ ലഭിച്ചുവെന്നതും  മുന്നണികളെ ഇരുത്തി ചിന്തിപ്പിക്കും;

പ്രത്യേകിച്ചും ഭരണ വിരുദ്ധ തരംഗം നേരിട്ട എൽഡിഎഫിനെ. അടൂർ പ്രകാശിന്റെ 2 അപരൻ പ്രകാശ്മാർ ചേർന്ന് നേടിയതാകട്ടെ 2625 വോട്ടുകൾ.  എൽഡിഎഫ് കോട്ടയായിരുന്നു മണ്ഡലത്തിൽ കഴിഞ്ഞ തവണ നേടിയ അട്ടിമറി ജയത്തിന്റെ പകിട്ട് ഇത്തവണ അടൂർ പ്രകാശിന്റെ ജയത്തിനില്ല. കഴിഞ്ഞ തവണ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ നെടുമങ്ങാട് ഒഴികെ ആറിടത്തും മികച്ച ഭൂരിപക്ഷം നേടിയാണ് 38,247 വോട്ടിന് ജയിച്ചതെങ്കിൽ ഇത്തവണ ആ ശക്തികേന്ദ്രങ്ങളിലേക്കെല്ലാം ബിജെപി കടന്നുകയറി.

ഒരു തിരഞ്ഞെടുപ്പിലും തോൽക്കാത്ത റെക്കോർഡുള്ള അടൂർ പ്രകാശും വി.ജോയിയും തമ്മിലുള്ള ഫോട്ടോഫിനിഷിൽ അടൂർ പ്രകാശ് റെക്കോർഡ് നിലനിർത്തിയപ്പോൾ ജോയിക്ക് നിരാശപ്പെടേണ്ടി വന്നു. ലീഡ് നില മാറിമറിഞ്ഞ വോട്ടെണ്ണലിൽ അവസാന റൗണ്ടിൽ അടൂർ പ്രകാശിനെ വിജയമുറപ്പിക്കാൻ സഹായിച്ചത് അരുവിക്കര മണ്ഡലത്തിലെ പൂവച്ചൽ, കുറ്റിച്ചൽ പഞ്ചായത്തുകളും കാട്ടാക്കട മണ്ഡലത്തിലെ വിളവൂർക്കലുമാണ്.  ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിലെ രണ്ട് ബൂത്തുകളിലെ വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ ഡിസ്പ്ലേയിൽ കൃത്യമായി തെളിയാതെ വന്നതോടെ വിവി പാറ്റുകൾ എണ്ണിയാണ് തിട്ടപ്പെടുത്തിയത്.

വോട്ടണ്ണെൽ കഴിയുമ്പോൾ 1708 വോട്ടിന് അടൂർ പ്രകാശ് ജയിച്ചു എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ തപാൽ വോട്ട് കൂടി ചേർത്തുള്ള അന്തിമ കണക്കിൽ ഇത് 685 ആയി. അസാധുവാണെന്നു വിലയിരുത്തി മാറ്റിവച്ച 902 തപാൽ വോട്ടുകൾ വീണ്ടും എണ്ണണം എന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു.

അതോടെ വോട്ടെണ്ണൽ രാത്രിയിലേക്കു നീണ്ടു.   തപാൽ വോട്ട് എണ്ണുന്ന ഘട്ടത്തിൽ എൽഡിഎഫ് അധികം ആൾക്കാരെ കൗണ്ടിങ് സ്റ്റേഷനിൽ കയറ്റിയെന്ന് ആരോപിച്ച് യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ കൗണ്ടിങ് സ്റ്റേഷനു മുന്നിൽ തർക്കവുമുണ്ടായി. 

കൂൾ കൂള്‍... അടൂർ പ്രകാശ്
തിരുവനന്തപുരം ∙ ത്രസിപ്പിക്കുന്ന വിജയത്തിന്റെ പ്രകാശവുമായി അടൂർ പ്രകാശ് വോട്ടെണ്ണൽ കേന്ദ്രത്തിന്റെ പടികൾ കയറിയപ്പോൾ പ്രവർത്തകർ ആവേശത്തിലായി. ആരു ജയിക്കും, ആരു തോൽക്കുമെന്നു പ്രവചിക്കാനാകാതെ ഫോട്ടോ ഫിനിഷിലേക്കു നീണ്ട മത്സരത്തിനൊടുവിൽ വിജയത്തിളക്കത്തിന്റെ പത്തരമാറ്റുമായാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് വോട്ടെണ്ണൽ കേന്ദ്രമായ മാർ ഇവാനിയോസ് കോളജിലെത്തിയത്.

ജയാരവം മുഴക്കി നേതാവിനടുത്തേയ്ക്ക് ഓടിയെത്തിയ നേതാക്കളും പ്രവർത്തകരും അടൂർ പ്രകാശിനെ എടുത്തുയർത്തി ആഹ്ലാദം പങ്കിട്ടു. ചില പ്രവർത്തകർ വിജയമുത്തം സമ്മാനിച്ചു. ഷാളുകൾ അണിയിക്കാനുള്ള തിരക്കിലായിരുന്നു പ്രവർത്തകർ. എല്ലാവർക്കും നന്ദി പറഞ്ഞ ശേഷം മാധ്യമങ്ങൾക്ക് മുന്നിലേക്ക്. ‘വളരെ സന്തോഷം. ജനങ്ങൾ ഒരിക്കലും കൈവിടില്ലെന്ന് അറിയാമായിരുന്നു.

കേന്ദ്ര –സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയാണ് ജനങ്ങൾ വിധിയെഴുതിയത്. ലീഡ് മാറി മറിയുന്നതൊക്കെ തിരഞ്ഞെടുപ്പിൽ സ്വാഭാവികം’– അടൂർ പ്രകാശിന്റെ മറുപടി. തുടർന്ന് ശാസ്തമംഗലത്തെ ഫ്ലാറ്റിലേക്ക് മടങ്ങി.    ഇന്നലെ രാവിലെ ഏഴോടെയാണ് അടൂർ പ്രകാശ് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയത്. കുറച്ചു നേരെ ഇവിടെ ചെലവഴിച്ചു.

ജയം ഉറപ്പാണെന്നു മാധ്യമങ്ങളോടു പറഞ്ഞ ശേഷമാണ്  ഫ്ലാറ്റിലേക്കു പോയത്. പിന്നീടുള്ള സമയം  ടിവിക്കു മുന്നിലായിരുന്നു. ലീഡ് നില മാറി മറിയുമ്പോഴും അടൂർ പ്രകാശിന്റെ മുഖത്ത് ഭാവഭേദമില്ലായിരുന്നു.  ഔദ്യോഗികമായി ഫലപ്രഖ്യാപനം വന്നപ്പോൾ, ഫ്ലാറ്റിലെത്തിയ മാധ്യമങ്ങളോട് അൽപ്പ നേരം സംസാരിച്ചു. തുടർന്ന് വീണ്ടും വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. റീകൗണ്ടിങ്ങിനു ശേഷം പ്രവർത്തകരുമായി ആഹ്ലാദം പങ്കിട്ടു.

യന്ത്രത്തിൽ ഫലം തെളിയാൻ വൈകി: എണ്ണലും താമസിച്ചു
ഇലക്ട്രോണിക് വോട്ടിങ്  യന്ത്രങ്ങളിലെ റിസൽറ്റ് ബട്ടൻ അമർത്തിയിട്ടും ഫലം  ലഭിക്കാഞ്ഞത് സംസ്ഥാനത്തുടനീളം പല കേന്ദ്രങ്ങളിലും വോട്ടെണ്ണലിനെ ബാധിച്ചു. കൺട്രോൾ യൂണിറ്റിന്റെ ബാറ്ററി മാറ്റിയിട്ടും ഫലമുണ്ടായില്ല. ഇതോടെ ഈ യന്ത്രങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണേണ്ടി വന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ അപര്യാപ്തമായ സൗകര്യങ്ങളും വോട്ടെണ്ണൽ വേഗത്തിനു തടസ്സമായി. വലുപ്പമുള്ള മുറികൾ അനുവദിച്ചില്ലെന്ന പരാതി ഏറെയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിനു കീഴിലെ കേന്ദ്രങ്ങളിലായിരുന്നു.

ഡിസിസി ആഹ്ലാദ പ്രകടനം ഇന്ന്
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾ നേടിയ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 11 ന് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ നിന്ന് സെക്രട്ടേറിയറ്റ് പടിക്കലേക്ക് ആഹ്ലാദപ്രകടനം നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസ വിതരണവും നടത്തും.

പരിഭ്രമമില്ലാതെ സ്ഥാനാർഥികൾ
തിരുവനന്തപുരം ∙ വോട്ടെണ്ണലിന്റെ ഓരോ റൗണ്ട് പുരോഗമിക്കുമ്പോഴും ടെൻഷന്റെ തീക്കാറ്റേറ്റിട്ടും ‘കൂളായി’ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ മൂന്നു മുന്നണി സ്ഥാനാർഥികൾ. ഓരോ നിമിഷവും ലീഡ് മാറി മറയുമ്പോൾ എണ്ണിത്തീരാനുള്ള മണ്ഡലങ്ങളെക്കുറിച്ചുള്ള കണക്കു കൂട്ടലിൽ മുഴുകി നേതാക്കളും പ്രവർത്തകരും. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് രാവിലെ മാർ ഇവാനിയോസ് കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ ശേഷം ഫ്ലാറ്റിലേക്കു മടങ്ങി. ഇടതു സ്ഥാനാർഥി വി.ജോയി രാവിലെ ഏഴിന് വോട്ടെണ്ണൽ കേന്ദ്രത്തിലെത്തി. തുടർന്ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലേക്കു പോയി. ബിജെപി സ്ഥാനാർഥി വി.മുരളീധരൻ രാവിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെത്തിയ ശേഷം ഉള്ളൂരിലെ താമസസ്ഥലത്തേക്കു പോയി. 

ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട്

ആറ്റിങ്ങൽ 
വിജയി: അടൂർ പ്രകാശ് (കോൺഗ്രസ്)–3,28,051
ഭൂരിപക്ഷം: 684
വി.ജോയ്(സിപിഎം): 3,27,367
വി.മുരളീധരൻ(ബിജെപി): 3,11,779
എസ്.സുരഭി(ബിഎസ്പി): 4524
പി.എൽ.പ്രകാശ്(സ്വത): 1814
കെ.സന്തോഷ്(സ്വത): 1204
എസ്.പ്രകാശ്(സ്വത): 811
നോട്ട: 9791

അനുകൂല ഘടകങ്ങൾ
∙സംഘടനാ സംവിധാനം ശക്തമായിരുന്നില്ലെങ്കിലും സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ മികവും സംഘാടന ശേഷിയും
∙ഭരണ വിരുദ്ധ വികാരം അനുകൂലമായി
∙കേന്ദ്രത്തിൽ ബിജെപിയെ നേരിടാൻ കോൺഗ്രസ് വരണമെന്ന ചിന്ത ന്യൂനപക്ഷ വോട്ടുകളും അനുകൂലമാക്കി.
∙ഇരട്ടവോട്ടുകൾ തടയാൻ ഹൈക്കോടതിയെ സമീപിച്ച് ക്യാമറ ചിത്രീകരണത്തിനുള്ള ഉത്തരവ് സംഘടിപ്പിച്ചത്.
∙മണ്ഡലത്തിലെ എല്ലാ ഭാഗത്തും എംപി ഫണ്ട് ഉപയോഗിച്ച് നടത്തിയ പ്രവർത്തനങ്ങൾ. എംപി ഫണ്ട് മുഴുവനായും ചിലവാക്കിയിരുന്നു.

തോൽവി–പ്രതികൂല ഘടകങ്ങൾ
∙സിപിഎം ജില്ലാ സെക്രട്ടറി മത്സരിച്ച മണ്ഡലത്തിൽ സംഘടനാ സംവിധാനം ശക്തമായി കേന്ദ്രീകരിച്ച് ഏറ്റവും മികച്ച പ്രചാരണം നടത്തിയെങ്കിലും ഭരണ വിരുദ്ധ വികാരം തിരിച്ചടിയായി
∙ബിജെപി നടത്തിയ മുന്നേറ്റം ഇത്തവണയും കൂടുതൽ തിരിച്ചടിയായത് സിപിഎമ്മിന്
∙ജോയിക്ക് ഭൂരിപക്ഷം നേടാനായത് വർക്കലയിൽ മാത്രം. സ്വദേശമുൾപ്പെടുന്ന ചിറയിൻകീഴ് മണ്ഡലത്തിലടക്കം പിന്നിലായി
∙ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫ് പ്രതീക്ഷിച്ച രീതിയിൽ അനുകൂലമായില്ല

ഇത്തരത്തിലൊരു ഫോട്ടോഫിനിഷിലേക്കു മത്സരം എത്തുമെന്നു പ്രതീക്ഷിച്ചിരുന്നതല്ല. പാർട്ടി പ്രവർത്തകരുടെ പ്രവർത്തനം അതിന്റെ എല്ലാ അർഥത്തിലും നന്നായി നടന്നു എന്നതിന്റെ ഫലമാണ് ഈ വിജയം. പക്ഷേ, എന്റെ പേരുള്ള 2 ആളുകളെ മത്സരിപ്പിക്കുകയാണ് എതിർ സ്ഥാനാർഥി ചെയ്തത്. ഏതാണ്ട് മൂവായിരത്തിലധികം വോട്ടുകൾ അവർ പിടിച്ചു. എന്തായാലും അത്രയും വോട്ടിന്റെ ഭൂരിപക്ഷം നേടാനായില്ല. എതിർ സ്ഥാനാർഥിയുടെ പരാജയഭീതിയായിരുന്നു അതിന്റെ പിന്നിൽ. അപരന്മ‍ാരെ വേണമെങ്കിൽ ഞങ്ങൾക്കും നിർത്താമായിരുന്നെങ്കിലും ആരും അതിനു പോയില്ല. വിലകുറ‍ഞ്ഞ രാഷ്ട്രീയ രീതിയാണത്.

ജനങ്ങൾ ഒരു വാശിയോടെ എന്റെ കൂടെ നിന്നു. ഇഞ്ചോടിഞ്ച്, നെഞ്ചുകൊടുത്തുനിന്നു തിരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ ഇടതുമുന്നണിക്കായി. അതാണ് മറ്റ് മണ്ഡലങ്ങളിലേതുപോലൊരു വലിയ വിജയം കോൺഗ്രസിന് ആറ്റിങ്ങലിൽ കിട്ടാത്തത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. മതന്യൂനപക്ഷങ്ങൾ കോൺഗ്രസിന് അനുകൂലമായി കഴിഞ്ഞ വട്ടത്തെക്കാൾ വാശിയോടെ വോട്ട് ചെയ്തു. പ്രധാന സെന്ററുകളിലെ വോട്ടിങ് നില അതു വ്യക്തമാക്കുന്നുണ്ട്. കോസ്റ്റൽ ബെൽറ്റിലും ഞങ്ങൾക്കു വോട്ട് കുറഞ്ഞു. എന്നാൽ, കേരളത്തിലെ പൊതുസ്ഥിതി നോക്കുമ്പോൾ ഇടതുപക്ഷത്തിനു പിടിച്ചു നിൽക്കാൻ ആറ്റിങ്ങലിൽ സാധിച്ചു.

ആറ്റിങ്ങലിൽ വാശിയേറിയ ത്രികോണ മത്സരമാണു നടന്നത്. വിജയിച്ച സ്ഥാനാർഥിയോടു വളരെ അടുത്ത വോട്ടുകൾ മറ്റു രണ്ടുപേരും നേടിയിട്ടുണ്ട്. ഇത് ഇനിയുള്ള കാലത്തേക്കുള്ള ശുഭസൂചനയാണ്. പ്രധാനമന്ത്രിയുടെ വികസനപദ്ധതികൾ വരും നാളുകളിൽ കൂടുതലായി ആളുകളിലേക്കെത്തും. അടുത്ത തവണ എൻഡിഎ നേട്ടം കൊയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com