ADVERTISEMENT

കാട്ടാക്കട ∙ പൂവച്ചൽ പഞ്ചായത്തിലെ അനധികൃത പന്നിഫാമുകൾ ക്കെതിരെ നടപടി തുടങ്ങി. റവന്യു, പഞ്ചായത്ത്, പൊലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കരിയംകോട് വാർഡിലെ 3 ഫാമുകൾ അടച്ച് പൂട്ടി. തടയാൻ ശ്രമിച്ച 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 31 പന്നികളെ പിടിച്ച് കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട്സ് അധികൃതർക്ക് കൈമാറി. ഫാമുകളിൽ ഉണ്ടായിരുന്ന ഒരാഴ്ച പ്രായമുള്ള അൻപതിലധികം പന്നി കുഞ്ഞുങ്ങളെയും ഗർഭിണി പന്നികളേയും പിടികൂടിയില്ല. 45 ദിവസത്തിനകം ഇവയെ ഒഴിവാക്കി ഫാമുകൾ അടച്ച് പൂട്ടണമെന്നു നോട്ടിസ് നൽകി. ദുരന്ത നിവാരണ നിയമപ്രകാരമാണ് നോട്ടിസ്.

പൊന്നെടുത്തകുഴി, കരിയംകോട് വാർഡുകളിൽ മാത്രം 22 അനധികൃത ഫാമുകൾ പ്രവർത്തിക്കുന്നു. കാട്ടാക്കട ഡിവൈഎസ്പി സി.ജയകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തോടെ പഞ്ചായത്ത് അധികൃതരുടെ ഫാം പൂട്ടൽ തുടങ്ങിയത്. വിവരമറിഞ്ഞ് തടയാനെത്തിയ ജ്ഞാനദാസ്,ഷൈൻ, അജിത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരിയംകോട് ഫാമുകളിൽ നിന്നായിരുന്നു പന്നികളെ പിടികൂടിയത്. 

പ്രസിഡന്റ് ടി.സനൽകുമാർ,സെക്രട്ടറി ജെ.സിജു,അസി.സെക്രട്ടറി പി.എസ്.ലിമ,വെറ്ററനറി ഡോക്ടർ ഷിബു, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ഷിബു എന്നിവർക്ക് പുറമേ റവന്യു ഉദ്യോഗസ്ഥരുമെത്തി. ഫാമുകൾക്കു വേണ്ടി അനധികൃതമായി നിർമിച്ച ഷെഡുകൾ ക്രമവൽക്കരിച്ചു മാലിന്യ സംസ്കരണ സംവിധാനമൊരുക്കി ലൈസൻസോടു പന്നിഫാമുകൾ പ്രവർത്തിക്കുന്നതിനു തടസ്സമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ പറഞ്ഞു.

ലൈസൻസില്ലാതെ ഒരു ഫാമുകളും പ്രവർത്തിക്കരുതെന്നും ഹൈക്കോടതി ഉത്തരവുള്ളതായി അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ പന്നിഫാമുകൾ അടച്ച് പൂട്ടാൻ ആർഡിഒ 8 മാസം മുൻപ് ഉത്തരവ് നൽകി.ലൈസൻസില്ലാതെ വിവിധ പ്രദേശങ്ങളിൽ 30ൽ അധികം ഫാമുകൾ പ്രവർത്തിക്കുന്നതായാണു കണക്ക്. എല്ലാ ഫാമുകളിലേയും പന്നികളെ പിടിച്ച് മാറ്റുമെന്നും പ്രസിഡന്റ് അറിയിച്ചു.

ഫാമുകൾ പൂട്ടാൻ നടപടി തുടങ്ങിയതോടെ പഞ്ചായത്ത് ഓഫിസിനു മുന്നിൽ ജനകീയ സമിതി നടത്തി വന്ന നിരാഹാര സമരം വൈകിട്ട് അവസാനിപ്പിച്ചു. ഇന്നലത്തെ നടപടി കൊണ്ട് അവസാനിച്ചാൽ വീണ്ടും സമരരംഗത്ത് എത്തുമെന്നു പ്രസിഡന്റ് പി.ഡേവിഡ്സനും സെക്രട്ടറി എം.എം.ഷഫീഖും അറിയിച്ചു.

ജനകീയ സമിതിയുടെ വിജയം
കാട്ടാക്കട∙ മാലിന്യ സംസ്കരണ സംവിധാനമില്ലാതെ ലൈസൻസില്ലാതെ കരിയംകോട്,പൊന്നെടുത്തകുഴി വാർഡുകളിൽ പ്രവർത്തിക്കുന്ന അനധികൃത ഫാമുകൾ കാരണം പ്രദേശവാസികൾ ദുരിതത്തിലായിട്ട് നാളേറെയായി.  പരാതി പലവട്ടം നൽകി. ആർഡിഒ മുതൽ ഹൈക്കോടതി വരെ ഫാമുകൾ പൂട്ടാൻ ഉത്തരവായി. എന്നിട്ടും ചിലരുടെ ഒത്താശ കാരണം നടപടി ഉണ്ടായില്ല.

കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ ജനകീയ സമിതി രൂപീകരിച്ച് പ്രത്യക്ഷ സമരപരിപാടികളുമായി നാട്ടുകാർ രംഗത്തിറങ്ങി. ശവമഞ്ച സമരമുൾപ്പെടെ പല സമര മുറകളും അരങ്ങേറി. ഒരു വർഷം പിന്നിട്ടിട്ടും ഒരു നടപടിയുമില്ല. ഇക്കൊല്ലം പരിസ്ഥിതി ദിനത്തിലാണ് നിരാഹാര സമരം പ്രഖ്യാപിച്ച് പഞ്ചായത്തിനു മുന്നിൽ ജനകീയ സമിതി സമരം തുടങ്ങിയത്. കോൺഗ്രസിലെ ഒരു വിഭാഗവും വിവിധ പാർട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. സർവകക്ഷി യോഗം വിളിച്ചു.

ഫാമുകൾക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ എല്ലാവരും യോജിച്ചു. സമരം സംഘർഷഭരിതമാക്കാൻ പന്നി കർഷകരെന്ന പേരിൽ ഒരു സംഘം സമരത്തിനിറങ്ങി. നിരാഹാര സമരം തുടങ്ങി ഏഴാം ദിനം ഫാമുകൾ പൂട്ടാനും പന്നികളെ പിടിച്ച് മാറ്റാനുമുള്ള നടപടി തുടങ്ങിയതോടെ ജനകീയ സമിതി സമരം വിജയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com