മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചു.; ചരിത്രത്തിൽ ഒപ്പിട്ട് സഭ മാറ്റം
Mail This Article
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചു. കോളനികളെ ആ പേരു ചൊല്ലിവിളിക്കരുതെന്ന ചരിത്രപരമായ ഉത്തരവിൽ ഒപ്പുചാർത്തിയാണ് അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞത്. സെക്രട്ടേറിയറ്റ് ഡർബാർ ഹാളിൽ വകുപ്പിലെ ഉദ്യോഗസ്ഥർ ചേർന്നു മന്ത്രിക്ക് യാത്രയയപ്പൊരുക്കി. തുടർന്ന് മണ്ണന്തല അംബേദ്കർ ഭവനിൽ ‘ഉന്നതി’ പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു മന്ത്രിയെന്ന നിലയിൽ അവസാനത്തെ പൊതുപരിപാടി.
എകെജി സെന്ററിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്കെത്തിയ മന്ത്രി ഉച്ചയ്ക്കുശേഷം മൂന്നിനാണു ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനു രാജിക്കത്തു കൈമാറിയത്. 15–ാം നമ്പർ ഒൗദ്യോഗിക കാർ അവിടെ വച്ച് ഉപേക്ഷിച്ച് അദ്ദേഹം നടന്നു പുറത്തിറങ്ങി വാടകയ്ക്കു വിളിച്ച കാറിൽ നിയമസഭയിലെത്തി. എംഎൽഎ സ്ഥാനമൊഴിഞ്ഞു കൊണ്ടുള്ള കത്ത് സ്പീക്കർക്കു കൈമാറി.
ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ 22ന് ഡൽഹിക്കു തിരിക്കും. പുതിയ മന്ത്രിയെ നിശ്ചയിക്കുന്നതുവരെ പട്ടികജാതി പട്ടികവർഗം, ദേവസ്വം, പാർലമെന്ററി കാര്യം എന്നീ വകുപ്പുകൾ മുഖ്യമന്ത്രിക്കു കീഴിലായിരിക്കും. മന്ത്രിസ്ഥാനം രാജിവച്ച് ആദ്യമായാണ് കേരളത്തിൽ നിന്നൊരാൾ ലോക്സഭയിലേക്കു പോകുന്നത്.
1975ൽ ആർ.ബാലകൃഷ്ണപിള്ള ലോക്സഭാംഗമായിരിക്കെ കേരളത്തിൽ മന്ത്രിസ്ഥാനമേറ്റിരുന്നു. എന്നാൽ, നിയമസഭയിലേക്കു മൽസരിക്കാൻ കഴിയാത്തതിനാൽ ചട്ടപ്രകാരം 6 മാസത്തിനുള്ളിൽ മന്ത്രിസ്ഥാനം ഉപേക്ഷിച്ച് തിരികെ ലോക്സഭയിലേക്കു മടങ്ങി.
പകരം മന്ത്രി: തീരുമാനം നാളെ
തിരുവനന്തപുരം∙ രാജിവച്ച കെ.രാധാകൃഷ്ണനു പകരം മന്ത്രിയെ നാളെ സമാപിക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും. ഒ.ആർ.കേളു, കെ.എം.സച്ചിൻദേവ്, കെ.ശാന്തകുമാരി എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. പി.പി.സുമോദ്, പി.വി.ശ്രീനിജൻ എന്നിവരുടെ പേരുകളും പ്രചരിക്കുന്നു. രാധാകൃഷ്ണന്റെ ഒഴിവ് മാത്രം നികത്തിയാൽ മതിയോ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ മാറ്റം വേണോ എന്നതും സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കും.