റീ സർവേയിൽ നഷ്ടപ്പെട്ട രണ്ടു സെന്റ് തിരികെ വേണം; താലൂക്ക് ഓഫിസിൽ വയോധികയുടെ കിടപ്പുസമരം
Mail This Article
നെയ്യാറ്റിൻകര ∙ റീ സർവേയിൽ നഷ്ടപ്പെട്ട രണ്ടു സെന്റ് തിരികെ ലഭിക്കാൻ താലൂക്ക് ഓഫിസിൽ വയോധികയുടെ ഒറ്റയാൾ സമരം. കോട്ടുകാൽ ചെങ്കവിള മാങ്കൂട്ടത്തിൽ വീട്ടിൽ തങ്കമാണ്(75) നെയ്യാറ്റിൻകര താലൂക്ക് ഓഫിസിനുള്ളിൽ കിടന്ന് പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ പതിനൊന്നര മുതൽ വൈകിട്ട് 5 മണി വരെ സമരം തുടർന്നു . തങ്കത്തെ അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് എത്തിയെങ്കിലും ഹൃദ്രോഗമുള്ള ആളായതിനാൽ പിൻവാങ്ങി. കോട്ടുകാൽ വില്ലേജിൽ ചെങ്കവിളയിൽ തന്റെ പേരിലുണ്ടായിരുന്ന 10 സെന്റിൽ 5 സെന്റ് മകൾക്കു നൽകി. ഒന്നര സെന്റ് ബൈപ്പാസിനുവേണ്ടി ഏറ്റെടുത്തു.
രേഖ പ്രകാരം മൂന്നര സെന്റ് ബാക്കിയുണ്ടെങ്കിലും റീ സർവേ പ്രകാരം ഒന്നര സെന്റ് മാത്രമാണെന്നാണ് താലൂക്ക് അധികൃതരുടെ നിലപാട് എന്നാണ് തങ്കത്തിന്റെ പരാതി. പത്ത് കൊല്ലം താലൂക്ക് ഓഫിസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല.എന്നാൽ തങ്കത്തിന്റെ പേരിൽ 8 സെന്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇതിൽ 5 സെന്റ് മകൾക്കും ഒന്നര സെന്റ് ബൈപാസിനും നൽകിയതായും തഹസിൽദാർ (ഭൂരേഖ) ശ്രീകല പറഞ്ഞു. തങ്കം തന്റേതെന്ന് അവകാശപ്പെടുന്ന ഭൂമി പൊതുവഴിയാണെന്നും ഇത് പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് അധികൃതരുടെ വിശദീകരണം.