ദീപുവിന്റെ കൊലപാതകം: അകലാതെ ദുരൂഹത; അധിക വിവരങ്ങൾ പുറത്തു വിടാതെ തമിഴ്നാട് പൊലീസ്
Mail This Article
പാറശാല∙ കാറിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട മലയിൻകീഴ് സ്വദേശി എസ്.ദീപുവിന്റെ കൊലപാതകത്തിൽ അടിമുടി ദുരൂഹത. കൊലപാതകം സംബന്ധിച്ച് തമിഴ്നാട് പൊലീസ് അധിക വിവരങ്ങൾ പുറത്തു വിടുന്നില്ല. പ്രതിയെ ഉടൻ പിടികൂടിയെങ്കിലും കൃത്യത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തത വരുത്താൻ പൊലീസിനായിട്ടില്ല. ദീപുവിന്റെ സുഹൃത്തു കൂടിയായ മലയം സ്വദേശി അമ്പിളിയെ ഇന്നലെ പുലർച്ചെ മലയം മലവിള നിന്നാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് മാർത്താണ്ഡത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യൽ കേന്ദ്രത്തിൽനിന്നു വൈകിട്ടോടെ അമ്പിളിയുമായി പൊലീസ് മലയത്തേക്ക് പോയി. വൈകിട്ടോടെ, അമ്പിളിയെയും കസ്റ്റഡിയിലുള്ള ഭാര്യയെയും ദീപുവിന്റെ വീടിനു മുന്നിൽ എത്തിച്ചു.
തുടർന്ന് അമ്പിളിയുടെ വീടിനു മുന്നിലും എത്തിച്ചെങ്കിലും വാഹനത്തിൽനിന്ന് പുറത്തിറക്കിയില്ല. മണ്ണുമാന്തി യന്ത്രം വാങ്ങാൻ 10 ലക്ഷം രൂപയുമായി കാറിലാണ് ദീപു പുറപ്പെട്ടത്. ഈ തുക ഇതു വരെ കണ്ടെത്താനായിട്ടില്ല. തുക സംബന്ധിച്ച് ചോദ്യം ചെയ്യലിൽ പണം എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പണത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് അമ്പിളിയുടെ ഭാര്യയെയും കസ്റ്റഡിയിൽ എടുത്തത്. അമ്പിളിയുടെ ഭാര്യയെ ചോദ്യം ചെയ്ത ശേഷവും കൊലപാതകം സംബന്ധിച്ച് വ്യക്തതയായിട്ടില്ല. കന്യാകുമാരി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഏഴ് പ്രത്യേക സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്.
തെളിവായത് ക്യാമറ
പാറശാല ∙ ഒറ്റാമരം പെട്രോൾ ബങ്കിനു എതിർവശം ചെറുവാരക്കോണം സഹകരണ ബാങ്ക് അയിങ്കാമം ശാഖയിലെ സിസിടിവിയിൽ ആണ് കൊല നടത്തിയെന്ന് സംശയിക്കുന്ന പ്രതി കാറിൽ നിന്ന് ഇറങ്ങിപ്പോകുന്ന നിർണായക ദൃശ്യം പതിഞ്ഞത്. തിങ്കൾ രാത്രി 10.12ന് വലതു കാലിൽ നേരിയ മുടന്തുള്ള ഒരാൾ കൊല നടന്ന കാറിൽ നിന്ന് ബാഗുമായി ഇറങ്ങി പോകുന്നതാണ് സംഭവം സംബന്ധിച്ച് പൊലീസിനു ലഭിച്ച ആദ്യ തെളിവ്. കൊല്ലപ്പെട്ട ദീപുവിന്റെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ നമ്പർ കണ്ടെത്തി കോളുകളുടെ വിവരം പരിശോധിച്ച പൊലീസ്, കൊലയ്ക്ക് മുൻപ് ദീപുവിന്റെ മൊബൈലിൽ എത്തിയ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെന്ന് സംശയിക്കുന്നവരുടെ അടുക്കലേക്കു എത്താൻ സഹായകരമായതെന്നും കരുതുന്നു.
രണ്ടു കൊലക്കേസുകളിൽ ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് അമ്പിളിയെന്ന് പൊലീസ് പറഞ്ഞു. മൊട്ട അനിയെന്ന ഗുണ്ടയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അമ്പിളി. ഇതേ കേസിലെ മറ്റൊരു പ്രതിയായ പാറശാല ബിനുവിന് പാമാംകോട് സുരക്ഷിത താവളമൊരുക്കിയതോടെ അമ്പിളി നഗരത്തിലെ ഗുണ്ടാ സംഘത്തിന്റെ ആളായി. പല സമയത്തും നഗരത്തിലെ ഗുണ്ടകൾക്ക് ഒളിത്താവളമൊരുക്കിയാണ് ബന്ധം വളർത്തിയത്. 2011ൽ ചൂഴാറ്റുകോട്ടയിൽ വച്ച് തങ്കൂട്ടനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2015നു ശേഷം അമ്പിളി സജീവമല്ലെന്നും ഗുരുതര കരൾരോഗ ബാധിതനെന്നുമാണു പൊലീസ് പറയുന്നത്.
ബാഗുമായി കടന്നയാൾക്ക് അമ്പിളിയുമായി രൂപസാദൃശ്യമെന്ന് സംശയം
തിരുവനന്തപുരം∙ ഇന്നലെ പുലർച്ചെയാണ് തമിഴ്നാട് പൊലീസ് തിരുവനന്തപുരത്ത് എത്തി മലയം സ്വദേശി അമ്പിളിയെ കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് ശേഷം ബാഗുമായി കാറിൽ നിന്നു പുറത്തേക്കിറങ്ങുന്ന സിസിടിവി ദൃശ്യത്തിൽ കാണുന്നയാളുമായി അമ്പിളിക്ക് രൂപസാദൃശ്യമുണ്ടെന്നാണ് തമിഴ്നാട് പൊലീസിന്റെ നിഗമനം. ചൂഴാറ്റുകോട്ട അമ്പിളിയെന്ന വിളിപ്പേരിൽ 3 പതിറ്റാണ്ടിലേറെയായി തിരുവനന്തപുരത്തെ ഗുണ്ടാ സംഘങ്ങളിൽ സജീവാണ് അമ്പിളി. ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി 2013ൽ മൊട്ട അനി എന്ന എതിരാളിയെ വെട്ടിക്കൊന്ന കേസിലും അമ്പിളി പ്രതിയാണ്. ജാമ്യത്തിലിറങ്ങി ഗുണ്ടാപ്പിരിവുമായി കഴിയുന്ന അമ്പിളിയുമായി കൊല്ലപ്പെട്ട ദീപുവിന് അടുപ്പമുണ്ടായിരുന്നൂവെന്നാണ് മാനേജർ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ദീപുവിന് പണം ആവശ്യപ്പെട്ട് ഗുണ്ടാസംഘങ്ങളിൽ നിന്ന് ഭീഷണിയുള്ളതായി ദീപുവിന്റെ ഭാര്യ വിധുമോളും മകൻ മാധവും വെളിപ്പെടുത്തിയിരുന്നു.
ഞായറാഴ്ച ക്രഷർ യൂണിറ്റിലെത്തി അമ്പിളി ദീപുവിനെ കണ്ടിരുന്നതായി പൊലീസിനു തെളിവു ലഭിച്ചതായി അറിയുന്നു. ഗുണ്ടാപ്പിരിവ് ചോദിച്ചാണ് അമ്പിളി എത്തിയതെന്നും കരുതുന്നു. പക്ഷേ, യാത്രകളിലൊന്നും കൂടെ കൊണ്ടു പോകാത്ത അമ്പിളിയെ 10 ലക്ഷം രൂപയുമായുള്ള യാത്രയിൽ എന്തിന് ദീപു കൂടെക്കൂട്ടിയെന്നതിൽ ദുരൂഹത തുടരുകയാണ്. കരൾ രോഗവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ള അമ്പിളിക്ക് ഒറ്റയ്ക്ക് കൊല നടത്താനാകുമോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. 6 വർഷത്തോളമായി അമ്പിളിക്കെതിരെ പുതിയ കേസുകളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കേരള പൊലീസ് അറിയിച്ചു. പണമിടപാടുകൾ നടത്തിയാണ് അടുത്ത കാലത്ത് ഇയാൾ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന പല കേസുകളിലും ശിക്ഷ അനുഭവിക്കുകയോ എഴുതിത്തള്ളുകയോ ചെയ്തതോടെ ഇപ്പോൾ വളരെ ചുരുങ്ങിയ കേസുകൾ മാത്രമാണ് അമ്പിളിക്കെതിരെ നിലവിലുള്ളതെന്നും പൊലീസ് പറഞ്ഞു.
സംസ്കാരം നടത്തി
മലയിൻകീഴ് ∙ മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ എസ്. ദീപുവിന്റെ (46) മൃതദേഹം ഇന്നലെ രാവിലെ പത്തോടെ വീടിനു മുൻവശത്തെ പുരയിടത്തിൽ സംസ്കരിച്ചു. നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകിട്ടോടെ മലയിൻകീഴിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബന്ധുക്കൾക്കും സുഹൃത്തുകളും നാട്ടുകാരും ഉൾപ്പെടെ ഒട്ടേറെപ്പേർ അന്ത്യാഞ്ജലിയേകി. മകൻ മാധവ് ദീപു അന്ത്യകർമങ്ങൾ നടത്തി.