ADVERTISEMENT

നെയ്യാറ്റിൻകര ∙ ജോലി സ്ഥലത്ത് ഹൃദയസ്തംഭനം മൂലം മരിച്ച ബിഎസ്എഫ് ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ അഴുകി തിരിച്ചറിയാൻ കഴിയാത്ത നിലയിലെന്നു പരാതി. ഡിഎൻഎ പരിശോധന വേണമെന്നും മൃതദേഹത്തോട് അനാദരം കാട്ടിയെന്നും ബന്ധുക്കൾ. പൂവാർ കുളംവെട്ടി എസ്.ജെ.ഭവനിൽ ശമുവേൽ (59) ആണ് മരിച്ചത്. രാജസ്ഥാനിൽ ജോലി ചെയ്തിരുന്ന ശമുവേൽ തിങ്കളാഴ്ച വൈകിട്ട് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചുവെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. മിനിയാന്നു രാവിലെ എത്തിക്കുമെന്നു പറഞ്ഞ മൃതദേഹം വൈകിട്ടാണ് എത്തിച്ചത്.

ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കൾ മൃതദേഹം ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അഴുകിയത് ശ്രദ്ധയിൽപ്പെടുന്നതും ഏറ്റുവാങ്ങാൻ വിസമ്മതിച്ചതും. പിന്നീട് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം ശമുവേലിന്റേതു തന്നെയാണോ എന്നു തിരിച്ചറിയാൻ കഴിയുന്നില്ലെന്നും മരണം സംബന്ധിച്ചു സംശയമുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഡിഎൻഎ പരിശോധനയ്ക്കു പുറമേ, വീണ്ടും പോസ്റ്റ്മോർട്ടം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഇതേ തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി പൊലീസിനു വിട്ടുകൊടുത്തു. പോസ്റ്റ്മോർട്ടം കഴിഞ്ഞ ശേഷം മൃതദേഹം ബിഎസ്എഫിനു കൈമാറുമെന്നാണ് വിവരം. ഡിഎൻഎ പരിശോധനാ ഫലം ലഭിക്കുന്നതനുസരിച്ച് മൃതദേഹം ഏറ്റുവാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് ബന്ധുക്കൾ പറ‍ഞ്ഞു. രാജസ്ഥാനിൽ നിന്ന് എംബാം ചെയ്ത മൃതദേഹം വിമാന മാർഗം തലസ്ഥാനത്ത് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാൽ മൃതദേഹം ബെംഗളൂരുവിൽ ഇറക്കി. അവിടെ വച്ചും വീണ്ടും എംബാം ചെയ്തതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഒരിക്കൽ എംബാം ചെയ്താൽ വീണ്ടും ചെയ്യേണ്ടി വരില്ല. ഇവിടെ വീണ്ടും എംബാം ചെയ്തതിൽ നിന്ന് ആദ്യം ചെയ്തതു ശരിയായില്ലെന്നാണ് ബന്ധുക്കൾ കരുതുന്നത്. അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് അന്ത്യം. അവധിക്കു വന്ന ശേഷം 18ന് ആണ് മടങ്ങിയത്. ഭാര്യ: ജാസ്മിൻ ലൗലി. നീനു, മീനു മക്കളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com