ADVERTISEMENT

നെയ്യാറ്റിൻകര∙ പറമ്പിൽ പൊട്ടിക്കിടന്ന വൈദ്യുതിക്കമ്പിയിൽ തട്ടി വയോധികൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വൈദ്യുതി ബോർഡ് അന്വേഷണം തുടങ്ങി. സംഭവ സ്ഥലത്തും പരിസരത്തും 24 മണിക്കൂറിലേറെ വൈദ്യുതി വിഛേദിച്ച കെഎസ്ഇബി നടപടിയിലും വ്യാപക പ്രതിഷേധം. ഇന്നലെ  ഉച്ചയോടെ പ്രശ്നം പരിഹരിച്ചു. തൈത്തൂർ വിളാകത്ത് വീട്ടിൽ ബാബുവാണ്(68) മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ബാബുവിന്റെ മരണത്തിൽ ഉത്തരവാദികളായ ജീവനക്കാരെ രക്ഷിക്കാൻ മാരായമുട്ടം ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിലെ ചിലർ ശ്രമിക്കുന്നതായും നാട്ടുകാർ ആരോപിച്ചു. സംഭവത്തെക്കുറിച്ച് കെഎസ്ഇബിയുടെ മാരായമുട്ടം ഓഫിസ്, വൈദ്യുതി ബോർഡ് ചെയർമാന് നൽകിയ റിപ്പോർട്ടിൽ വെള്ളിയാഴ്ചയാണ് കമ്പി പൊട്ടിയതെന്നു രേഖപ്പെടുത്തിയതായി നാട്ടുകാർ ആരോപിച്ചു.

ഒരാഴ്ച മുൻപ് കമ്പി പൊട്ടിക്കിടന്നിട്ടും അക്കാര്യം മറച്ചുവച്ച് ജീവനക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി തെറ്റായ റിപ്പോർട്ടാണ് നൽകിയെതെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനെതിരെ പ്രതിഷേധമുണ്ട്. വൈദ്യുതി കമ്പി പൊട്ടിയെന്നും ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടി മൂന്നു തവണയാണ് ജനങ്ങൾ കെഎസ്ഇബിയെ അറിയിച്ചത്.  സംഭവസ്ഥലത്തിനടുത്തുള്ള വീട്ടുകാരൻ, സ്ഥലത്തെ ജനപ്രതിനിധി എന്നിവരാണ് വിവരം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.  നടപടിയെടുക്കാതിരുന്നപ്പോൾ 2 കെഎസ്ഇബി ജീവനക്കാരെ നാട്ടുകാർ കൂട്ടിക്കൊണ്ട് വന്ന് സ്ഥലം കാട്ടിക്കൊടുത്തു. അവരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി.ഇതേക്കുറിച്ചു ചോദിക്കുമ്പോൾ കെഎസ്ഇബി അധികൃതർക്ക് വ്യക്തമായ മറുപടിയുമില്ല. 

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സംഘത്തിന്റെ പരിശോധന
വൈദ്യുതി ബോർഡിന്റെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള സംഘം ഇന്നലെ എത്തി. സംഭവ സ്ഥലത്താണ് ആദ്യം പരിശോധന നടത്തിയത്. പിന്നീട് ട്രാൻസ്ഫോമറും ചുറ്റുപാടും പരിശോധിച്ചു. ഇവിടെനിന്ന് തെളിവുകൾ ലഭിച്ചതായാണ് വിവരം. പിന്നീട് പ്രദേശവാസികളിൽ ചിലരുടെ മൊഴി രേഖപ്പെടുത്തി. കെഎസ്ഇബിയുടെ മാരായമുട്ടം ഓഫിസിൽ ജീവനക്കാരുടെ മൊഴിയെടുത്തു. വൈദ്യുതി സംബന്ധിച്ച അപകടമുണ്ടായാൽ ആ സ്ഥലത്തെ വൈദ്യുതി വിഛേദിക്കും. പിന്നീട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള പരിശോധന കഴിഞ്ഞാലെ വൈദ്യുതി പുനഃസ്ഥാപിക്കാവു എന്നാണ്.

ഇതുകാരണമാണ് ഒരു ദിവസത്തിലധികം വൈദ്യുതി മുടങ്ങിയതെന്ന് കെഎസ്ഇബി വിശദീകരിച്ചു. ചീഫ് സേഫ്റ്റി ഓഫിസറും എക്സിക്യൂട്ടീവ് എൻജിനീയറുമായ എസ്.വി.സുരേഷ് കുമാറിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. സംഭവം സംബന്ധിച്ചുള്ള റിപ്പോർട്ട് അദ്ദേഹം കെഎസ്ഇബി ചെയർമാന് നൽകി. ധനസഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനക്കൂട്ടം പരാതി പറയുന്നുണ്ടെങ്കിലും കേസ് അന്വേഷണത്തോട് സഹകരിക്കുന്നതിൽ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്കു പരാതിയുണ്ട്. പരിസരവാസികളിൽ ചിലരോട് ഫോൺ നമ്പർ ചോദിച്ചപ്പോൾ, തങ്ങൾക്ക് കേസിൽ ഉൾപ്പെടാൻ വയ്യെന്നു പറഞ്ഞു പിന്മാറിയത്രേ. ഇതു കുറ്റക്കാരെ കണ്ടെത്തുന്നതിനു തടസ്സമാകുമെന്നും അവർ പ്രതികരിച്ചു.

ആകെയുള്ള കൂട്ടും പോയി, തനിച്ച് കമലം
മകന്റെ വേർപാടിൽ തകർന്നിരിക്കുകയാണ് അമ്മ കമലം(87). ചിലപ്പോഴൊക്കെ അറിയാതെ, മകൻ അരികിലുണ്ടെന്ന ധാരണയിൽ ബാബൂന്ന് നീട്ടി വിളിക്കും. പിന്നെ നിശബ്ദയാകും. യേശുദാസ്–കമലം ദമ്പതികൾക്ക് ബാബു ഉൾപ്പെടെ 5 മക്കളാണ്. 39 വർഷം മുൻപ് പിതാവ് മരിച്ചു. പിന്നീട് ബാബു ഒഴികെയുള്ളവർ വിവാഹിതരായി. അവരൊക്കെ വീടുമാറി പോയെങ്കിലും ബാബു അമ്മയ്ക്കൊപ്പം ഉണ്ടായിരുന്നു. തെങ്ങുകയറ്റവും കൂലിപ്പണിയും ചെയ്ത് അമ്മയ്ക്കു തുണയായിരുന്നു ബാബു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com