ADVERTISEMENT

തിരുവനന്തപുരം∙ അദാനി പോർട്സിനെ ചുമതലയിൽനിന്നു നീക്കി മുതലപ്പൊഴി തുറമുഖത്തെ അപകടരഹിതമാക്കാൻ സർക്കാർ തന്നെ മുന്നിട്ടിറങ്ങുമെന്ന പ്രഖ്യാപനത്തിലും പ്രതീക്ഷ പുലർത്താതെ മത്സ്യത്തൊഴിലാളി സമൂഹം. മുൻ‍പുണ്ടായ പ്രഖ്യാപനങ്ങൾ പോലെ ഇതും ജലരേഖയായി മാറുമെന്നാണു മത്സ്യത്തൊഴിലാളികളും വിവിധ സംഘടനകളും ചൂണ്ടിക്കാണിക്കുന്നത്. തുറമുഖം അപകടരഹിതമാക്കാൻ ഡ്രജിങ് ഉൾപ്പെടെയുള്ളവ ചെയ്യുമെന്ന് അദാനി പോർട്സ് സർക്കാരിന് ഉറപ്പുനൽകിയിരുന്നതാണ്. കരാർ കാലാവധി പിന്നിട്ട ശേഷം ദീർഘിപ്പിച്ചു നൽകിയെങ്കിലും കാര്യമായി ഒന്നും നടന്നില്ല. കരാർ ലംഘനത്തിനെതിരെ നടപടിയെടുക്കാനും സർക്കാരിനു കഴിഞ്ഞിരുന്നില്ല.

മുതലപ്പൊഴിയിൽ നടക്കുന്ന മരണങ്ങൾ അദാനി പോർട്സിന്റെ വീഴ്ചയായി കാണണമെന്നു ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര ചൂണ്ടിക്കാട്ടുന്നു. സർക്കാരിന് ഇച്ഛാശക്തി ഉണ്ടായിരുന്നെങ്കിൽ മുതലപ്പൊഴിയിലെ അപകട മരണങ്ങൾ നേരത്തെ തന്നെ ഇല്ലാതാക്കാൻ സാധിക്കുമായിരുന്നു. മത്സ്യത്തൊഴിലാളികളുമായി ഒരു ചർച്ചയ്ക്കും സർക്കാർ തയാറാകുന്നില്ല. ഡ്രജിങ്, തുറമുഖ ചാലിൽ വീണു കിടക്കുന്ന കല്ലുകൾ, പാറ എന്നിവ നീക്കം ചെയ്യുമെന്നാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഇതിനു ചെലവാകുന്ന പണം അദാനി കമ്പനിയിൽനിന്ന് ഈടാക്കും. കരാർ കാലാവധി കഴിഞ്ഞതിനാൽ പണം മുടക്കാൻ അദാനി പോർട്സ് തയാറാകുമോ എന്നതും അറിയണം. 

സർക്കാർ പ്രഖ്യാപനങ്ങളും തൽസ്ഥിതിയും
∙ പ്രഖ്യാപനം 1– അദാനി പോർട്സുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ലോങ് ബൂം ക്രെയിൻ ഉപയോഗിച്ച് തുറമുഖ ചാലിൽ അപകടം സൃഷ്ടിക്കുന്ന കല്ലുകളും ടെട്രാപോഡുകളും നീക്കും.
സ്ഥിതി: ലോങ് ബൂം ക്രെയിൻ തുറമുഖ മുനമ്പിലേക്ക് എത്തിക്കാനായില്ല. കല്ലുകളും ട്രെട്രാപോഡുകളും നീക്കുന്ന പ്രവർത്തനം 20 ശതമാനം പോലും പൂർത്തിയായിട്ടില്ല.

∙ പ്രഖ്യാപനം 2– കരാർ പ്രകാരം ഡ്രജിങ് നടത്തി തുറമുഖ മുനമ്പിലും ചാലിലും 5 മീറ്റർ ആഴം ഉറപ്പാക്കും.
സ്ഥിതി: 11.6.2024 വരെ കരാർ കാലാവധി ദീർഘിപ്പിച്ചു നൽകിയെങ്കിലും ജോലികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.

∙ പ്രഖ്യാപനം 3– അദാനി പോർട്സ് കരാർ പ്രകാരമുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നു എന്നുറപ്പാക്കും. അല്ലെങ്കിൽ നടപടിയിലേക്കു കടക്കും.
സ്ഥിതി: പ്രതികൂല കാലാവസ്ഥ കാരണം ഏറ്റെടുത്ത ജോലികൾ അദാനി പോർട്സിനു പൂർത്തിയാക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ. സുരക്ഷാ ജോലി ഏറ്റെടുത്ത് കമ്പനിയിൽനിന്ന് പണം ഈടാക്കാൻ നീക്കം.

കേന്ദ്രമന്ത്രി ഇന്നെത്തും
ഇന്നു രാവിലെ 11നു തുറമുഖ കേന്ദ്രത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ സന്ദർശനത്തിനെത്തും. യോഗത്തിലേക്ക് അടൂർ പ്രകാശ് എംപിയടക്കമുള്ള ജനപ്രതിനിധികളെയും മത്സ്യത്തൊഴിലാളി പ്രതിനിധികളെയും വിളിക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ തുറമുഖ വകുപ്പ്  അസിസ്റ്റന്റ് എൻജിനീയറെ മണിക്കൂറുകളോളം ഓഫിസിൽ തടഞ്ഞുവച്ചു. 

കോൺഗ്രസ് രാപകൽ സമരം 
ചിറയിൻകീഴ്∙ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖതീരം മരണപ്പൊഴിയായതിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടും അധികൃതർ തുടരുന്ന അവഗണനകളിലും പ്രതിഷേധിച്ചു കോൺഗ്രസ് പ്രവർത്തകർ ആരംഭിച്ച അനിശ്ചിതകാല നിരാഹാര രാപകൽ സമരം രണ്ടാം ദിനത്തിലേക്ക് കടന്നു.

മത്സ്യത്തൊഴിലാളിക്ക് ബോട്ടു മറിഞ്ഞു പരുക്ക്
ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് മാമ്പള്ളി തീരത്തുനിന്നു മത്സ്യബന്ധനത്തിനു പോയ മാമ്പള്ളി മുണ്ടുതുറയിൽ സ്റ്റീഫന്(62) ബോട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റു. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. മുതലപ്പൊഴി അഴിമുഖത്തു മണൽതിട്ട മൂടി അപകടസാഹചര്യം നിലനിൽക്കുന്നതു കണക്കിലെടുത്താണു മാമ്പള്ളി തീരത്തുനിന്നു പുറപ്പെട്ടത്. ശക്തമായ തിരയിൽപെട്ടു വള്ളം മറിഞ്ഞു. സ്റ്റീഫന്റെ കാലിൽ ബോട്ടിന്റെ പുറംഭാഗമിടിച്ചു ഒടിവുണ്ടായി. ഒപ്പമുണ്ടായിരുന്ന 3 മത്സ്യത്തൊഴിലാളികൾ ചേർന്നു കരയ്ക്കെത്തിച്ചു സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

"തകർന്ന പുലിമുട്ടിലെ ടെട്രാപോഡുകളും വലിയ പാറക്കല്ലുകളുമെല്ലാം തുറമുഖ ചാലിലേക്ക് ഇറങ്ങി കടലിലാണ്ടു കിടക്കുകയാണ്. ഇതെല്ലാം നീക്കി ഡ്രജിങ് നടത്തി ആഴം കുറഞ്ഞത് 5 മീറ്ററെങ്കിലും ആക്കേണ്ടിയിരുന്നു. ആ ജോലി ചെയ്യിക്കേണ്ട ഉത്തരവാദിത്തം സർക്കാരിന്റേതായിരുന്നു. എത്രയും പെട്ടെന്ന് ഇതു ചെയ്തിരുന്നെങ്കിൽ എത്രയോ പേരുടെ ജീവൻ രക്ഷിക്കാമായിരുന്നു ". 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com