ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ മിക്കവാറുമുള്ള വലിയ വനമേഖലകളിൽ കാണപ്പെടുന്ന കരടിയെ മടിയൻ കരടിയെന്നാണ് വിളിക്കുന്നത്. ഇവരുടെ അലസസ്വഭാവമാണ് കാരണം. പന്നിക്കരടി എന്ന പേരിലും ഇവ അറിയപ്പെടുന്നു. എണ്ണത്തിൽ കുറവായ ഇവ നിത്യഹരിത വനങ്ങൾ, ഇലപൊഴിയും കാടുകൾ, ചോലവനങ്ങൾ എന്നിവിടങ്ങളിൽ കാണാറുണ്ട്. പൊതുവേ നിശാസഞ്ചാരികളാണെന്നാണ് അറിയപ്പെടുന്നതെങ്കിലും പകലും സഞ്ചരിക്കാൻ മടിയില്ല. പെട്ടെന്ന് പ്രകോപിതരാകുകയും, ആക്രമിക്കുകയും ചെയ്യും. മനുഷ്യർ പ്രകോപിപ്പിച്ചാൽ ഉപദ്രവിക്കും. മുഖത്തടിച്ച ശേഷം കടിച്ചു കീറും.നല്ല ഘ്രാണശക്തിയുള്ളതിനാൽ കാറ്റിലൂടെയെത്തുന്ന ഗന്ധം പെട്ടെന്ന് പിടിച്ചെടുക്കും.

നീണ്ട നഖമുള്ള ജീവികളാണ്. കടുവയെപ്പോലും കീഴ്പ്പെടുത്താൻ ശേഷിയുണ്ട്. മിശ്രഭുക്കുകളായ കരടികൾ സാഹചര്യമനുസരിച്ച് മാംസാഹാരവും സസ്യാഹാരവും സ്വീകരിക്കുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. മികച്ച മരം കയറ്റക്കാരൻ കൂടിയാണ്. തേൻ ആണ് പ്രധാന ആഹാരം. എഴുന്നേറ്റ് നിൽക്കുമ്പോൾ 5–6 അടി വരെ ഉയരമുണ്ടാകും. 125 മുതൽ 175 കിലോഗ്രാം വരെ ഭാരമുണ്ടാകും. ആൺ കരടികൾക്ക് പെൺ കരടികളെക്കാൾ വലുപ്പം കൂടുതലാണ്. അനായാസം മരം കയറാനും നീന്താനും ഇവയ്ക്ക് കഴിയും. 

പരുക്കേറ്റ പി.ലാല സംഭവത്തെക്കുറിച്ച്: അവർ വന്നില്ലെങ്കിൽ, കരടികൾ എന്നെ കൊല്ലുമായിരുന്നു...
രണ്ടു കരടികളുണ്ടായിരുന്നു. ഒരു കുട്ടിയും വലുതും. മിന്നായം പോലെ കുട്ടിക്കരടി എന്റെ മുന്നിലൂടെ പോയി. പിന്നാലെയാണു വലിയ കരടി വന്നത്. എന്നെ കണ്ടതോടെ ചീറിയടുത്തു. വലതു കൈത്തണ്ടയിൽ കടിച്ചുപിന്നി. അടിച്ചു വീഴ്ത്തി ചവിട്ടി. അള്ളിപ്പിടിക്കാൻ മുന്നോട്ടുവന്ന കരടിയെ പ്രതിരോധിക്കാൻ ഞാൻ ആഞ്ഞു തള്ളി. കരടി അനങ്ങിയില്ല, ഞാൻ മലർന്നടിച്ചു വീണു. ഇതോടെ എന്റെ ഇടതു തുടയിൽ പലവട്ടം കടിച്ചുവലിച്ചു. ഇരു കൈകളിലെയും കൂർത്ത നഖങ്ങൾ ആഴ്ന്നിറങ്ങി. അലറിക്കരഞ്ഞപ്പോഴാണ് എന്നെ ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിയത്. സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയില്ലായിരുന്നെങ്കിൽ, കരടികൾ എന്നെ കൊല്ലുമായിരുന്നു. കരടിക്കുട്ടിയെ ഞാൻ ആക്രമിക്കുമെന്നു കരുതിയാകണം വലിയ കരടി എന്നെ ഉന്നമിട്ടതെന്ന് തോന്നുന്നു. 

പുലർച്ചെ മൂന്നേ മുക്കാലോടെയാണ് വീട്ടുമുറ്റത്തേക്കിറങ്ങിയത്. മുൻവശത്തെ ബൾബ് ഫ്യൂസായതിനാൽ നല്ല ഇരുട്ടായിരുന്നു. ചെറിയ ടോർച്ച് കൈവശമുണ്ടായിരുന്നു. ചെറിയ ശബ്ദം കേട്ടപ്പോൾ ടോർച്ച് തെളിച്ചപ്പോഴാണ് കുട്ടിക്കരടി കടന്നു പോയത്. എക്സ്റേ എടുത്തപ്പോഴാണ് വലതു കൈ ഒടിഞ്ഞതായി കണ്ടെത്തിയത്. ഞങ്ങൾ താമസിക്കുന്ന ബോണക്കാട് എസ്റ്റേറ്റ് പൂട്ടിയിട്ട് മാസങ്ങളായി. ഇവിടെയുള്ള ലയങ്ങളിൽ 6 കുടുംബങ്ങളാണുണ്ടായിരുന്നത്. ഇപ്പോൾ 2 കുടുംബങ്ങൾ മാത്രം. പലപ്പോഴും കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ അടുത്തു കണ്ടിട്ടുണ്ട്. പക്ഷേ, കരടി ആക്രമണം ഇതാദ്യം. പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് എടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണിപ്പോൾ. വലതു കൈ ഒടിഞ്ഞതോടെ തെങ്ങുകയറ്റ തൊഴിലാളിയായ എനിക്ക് ഇനി തെങ്ങിൽ കയറാനാകുമോ? എനിക്കെങ്ങനെ കുടുംബം പോറ്റാനാകും?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com