ADVERTISEMENT

തിരുവനന്തപുരം∙ സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ആസ്ഥാനമായ എൽഎംഎസ് മന്ദിരം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎസ്ഐ ദക്ഷിണ കേരള മഹാ ഇടവക ജോയിന്റ് ആക്‌ഷൻ കൗൺസിലും വിശ്വാസി സമൂഹവും നടത്തിയ റാലിയിൽ പ്രതിഷേധം ഇരമ്പി. സിഎസ്ഐ സഭയിൽ സർക്കാർ നടത്തുന്ന അനാവശ്യ ഇടപെടലുകൾ അവസാനിപ്പിക്കുക, എൽഎംഎസിൽ ബിഷപ് ഇൻ ചാർജ് റവ. ഡോ.റോയ്സ് മനോജ് വിക്ടറിനെ ആക്രമിച്ച പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു റാലി.സെക്രട്ടേറിയറ്റിനു മുന്നിൽ പൊലീസ് റാലി തടഞ്ഞതു വൻ പ്രതിഷേധത്തിനിടയാക്കി. സഭയിലെ ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണു റാലി തടഞ്ഞതെന്നു പൊലീസ് അറിയിച്ചു.

മറുപക്ഷവും റാലി നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. വൈദികരും ആക്‌ഷൻ കൗൺസിൽ ഭാരവാഹികളും നടത്തിയ ചർച്ചയെത്തുടർന്നാണു റാലി തുടരാൻ അനുമതി ലഭിച്ചത്. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേർ റാലിയിൽ പങ്കെടുത്തു.സഭാ ആസ്ഥാനമായ എൽഎംഎസിൽ കയറി ബിഷപ് ഇൻ ചാർജിനെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളി തുടരുകയാണെന്നു സിഎസ്ഐ സഭ മുൻ ട്രഷറർ റവ.ഡി.എൻ.കാൽവിൻ ക്രിസ്റ്റോ പറഞ്ഞു. സഭാ ആസ്ഥാനം തുറക്കാൻ ജില്ലാ ഭരണകൂടവും സർക്കാരും അനുമതി നൽകുന്നില്ല. സർക്കാർ കോടതി വിധിയെ മാനിക്കണം. ഇ.ഡി, ക്രൈംബ്രാഞ്ച് കേസുകളിൽ പ്രതികളായവരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സഭാ ആസ്ഥാനമായ എൽഎംഎസ് ഓഫിസ് ബിഷപ്പിന്റെ നേതൃത്വത്തിൽ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് പ്രാർഥനാ സംഗമം ഉദ്ഘാടനം ചെയ്ത ബിഷപ് കമ്മിസറി റവ. എസ്.കെ.വിജയകുമാർ ആവശ്യപ്പെട്ടു. ഓഫിസ് പ്രവർത്തനം തടസ്സപ്പെട്ടതു മൂലം മഹായിടവകയെ ആശ്രയിക്കുന്ന മറ്റു സ്ഥാപനങ്ങളുടെയും പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് ഡി.ലോറൻസ് അധ്യക്ഷനായി. മഹായിടവക മുൻ സെക്രട്ടറി ഡോ.പി.കെ.റോസ്ബിസ്റ്റ്, സുകു കെ.ജേക്കബ്,സർജിൻ തോമസ്,ഷീല രമണി എന്നിവർ പ്രസംഗിച്ചു. റാലിക്ക് റവ. ഡി.എൻ.കാൽവിൻ ക്രിസ്റ്റോ,റവ.ബി.വി.ജയകുമാർ,വിക്ടർ ശാമുവേൽ,നിഷാന്ത് ജി.രാജ് തുടങ്ങിയവർ നേതൃത്വം നൽകി. റാലിക്കു മുന്നോടിയായി മഹായിടവകയിലെ യുവജനങ്ങൾ നടത്തിയ 24 മണിക്കൂർ നിരാഹാര സമരം അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com