തിരയടി ശക്തം: തെക്കേകൊല്ലങ്കോട്– പരുത്തിയൂർ ഭാഗം തീരം കടലെടുക്കുന്നു
Mail This Article
പൊഴിയൂർ∙ തെക്കേകൊല്ലങ്കോട് മുതൽ പരുത്തിയൂർ വരെയുള്ള ഭാഗത്ത് തീരശോഷണം വ്യാപകം. ഒരു വർഷത്തിനുള്ളിൽ മാത്രം അൻപത് മീറ്റർ ദൂരം വരെ തീരപ്രദേശം കടൽ എടുത്തു. നാലു വർഷം മുൻപ് സംസ്ഥാന അതിർത്തി മുതൽ തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് കൊല്ലങ്കോട് മുതൽ തിരയടി രൂക്ഷമായത്. 2023 ഏപ്രിൽ 24ന് പൊഴിയൂർ ഗവ യുപി സ്കൂളിൽ സർക്കാർ സംഘടിപ്പിച്ച തീരസദസ്സിന്റെ ഉദ്ഘാടന പ്രസംഗത്തിൽ എറണാകുളം ചെല്ലാനത്ത് കടലാക്രമണം തടയാൻ നടപ്പാക്കിയ ടെട്രാപോഡ് പദ്ധതി കൊല്ലങ്കോട് മേഖലയിലും നടപ്പില്കാകുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.ഒന്നും നടന്നില്ല. കൊല്ലങ്കോട് മുതൽ പരുത്തിയൂർ വരെയുള്ള ഭാഗത്ത് ഒരു വർഷത്തിനിടയിൽ നാലു കോടിയോളം രൂപയുടെ നിർമാണങ്ങളാണ് തകർന്നത്.
തെക്കേകൊല്ലങ്കോട് ഭാഗത്ത് ഒരു വർഷം മുൻപ് നിരത്തിയ അൻപത് ലക്ഷത്തിന്റെ കടൽഭിത്തി, പരുത്തിയൂരിൽ ആറു മാസം മുൻപ് സ്ഥാപിച്ച ഇരുപത്തഞ്ച് ലക്ഷത്തിന്റെ ജിയോ ബാഗ്, പരുത്തിയൂരിലും പൊയ്പ്പള്ളിവിളാകത്തും നിർമിച്ച ഒരു ഫിഷ് ലാൻഡിങ്ങ് സെന്ററുകൾ എന്നിവ കടലെടുത്തു. രണ്ട് മാസം മുൻപ് കള്ളക്കടൽ പ്രതിഭാസത്തിൽ പൊഴിയൂർ–നീരോടി റോഡും, പരുത്തിയൂർ–പൊഴിക്കര റോഡും തകർന്നു. ഒന്നര വർഷത്തിനിടയിൽ നീരോടി റോഡ് രണ്ട് മാസം മുൻപ് വീണ്ടും കടൽ എടുത്തതോടെ വാഹന ഗതാഗതം നിലച്ച സ്ഥിതി ആണ്.
റോഡ് വീണ്ടെടുക്കാൻ അൻപത്തേഴു ലക്ഷം രൂപയുടെ നവീകരണ ജോലി രണ്ടാഴ്ച മുൻപ് ആരംഭിച്ചിട്ടുണ്ട്. ഒാഖി കൊടുങ്കാറ്റിൽ ജീവൻ നഷ്ടമായ പ്രദേശവാസികളായ മത്സ്യതൊഴിലാളികളുടെ ഒാർമയ്ക്കായി പൊഴിക്കരയിൽ മൂന്നു വർഷം മുൻപ് 47ലക്ഷം മുടക്കി സ്ഥാപിച്ച ഒാഖി പാർക്ക് അപ്രത്യക്ഷമായി. പ്രതികൂല കാലാവസ്ഥ അല്ലെങ്കിൽ പോലും തിരയടി രൂക്ഷമായതിനാൽ ടെട്രാപോഡ് സ്ഥാപിക്കൽ മാത്രം ആണ് പോംവഴി എന്നാണ് വിദഗ്ധാഭിപ്രായം. കരിങ്കൽ കൊണ്ടുള്ള കടൽ ഭിത്തികളിൽ നിന്നും ശക്തമായ ടെട്രാപോഡ് ഒരു കിലോമീറ്റർ ദൂരം നിർമിക്കാൻ 45 കോടി രൂപയോളം ചെലവ് വരും.