‘1995ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി സ്ഥാനം നിരസിച്ചു; എ.കെ.ആന്റണിയുടെ പേരു നിർദേശിച്ചു’
Mail This Article
തിരുവനന്തപുരം∙ കെ.കരുണാകരൻ 1995 ൽ രാജിവച്ചപ്പോൾ പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് ഹൈക്കമാൻഡ് പരിഗണിച്ചെങ്കിലും അദ്ദേഹം നിരസിച്ചെന്ന് ചെറിയാൻ ഫിലിപ്. തന്റെ ഉറച്ച നിലപാട് പ്രധാനമന്ത്രി നരസിംഹ റാവുവിനെ അറിയിച്ചതിനൊപ്പം എ.കെ.ആന്റണിയുടെ പേരു നിർദേശിക്കുകയും ചെയ്തു. താൻ മുഖ്യമന്ത്രി ആകില്ലെന്ന കടുത്ത നിലപാടാണ് ആദ്യം മുതൽ ആന്റണി സ്വീകരിച്ചത്. ആന്റണിയെക്കൊണ്ടു സമ്മതിപ്പിക്കാൻ പി.ജെ.കുര്യനെയും തന്നെയും ഉമ്മൻ ചാണ്ടി ചുമതലപ്പെടുത്തി. നരസിംഹ റാവുവിനെ നേരിൽക്കണ്ട് എ.കെ.ആന്റണിയുടെ മേൽ സമ്മർദം ചെലുത്തണമെന്ന് കുര്യൻ ആവശ്യപ്പെട്ടു.
1978 ൽ എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയോട് അടുത്ത മന്ത്രിസഭയിൽ അംഗമാകാൻ ആന്റണി ആവശ്യപ്പെട്ടെങ്കിലും ഉമ്മൻ ചാണ്ടി വഴങ്ങിയില്ല. 1980 ൽ നായനാർ മന്ത്രിസഭയിൽ അംഗമാകാൻ ഉമ്മൻ ചാണ്ടി വിസമ്മതിച്ചു. തുടർന്നാണ് പി.സി.ചാക്കോ മന്ത്രിയായത്. 1981 ൽ കരുണാകരൻ മുഖ്യമന്ത്രിയായ ബദൽ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 1982 ൽ തിരഞ്ഞെടുപ്പിനു ശേഷം വയലാർ രവിക്കു വേണ്ടി മന്ത്രി പദം വേണ്ടെന്നുവച്ചു. 1995 ലും 2001ലും മന്ത്രിയാകാൻ ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി എ.കെ.ആന്റണി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തയാറായില്ല. 2004ൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചപ്പോൾ തന്റെ പിൻഗാമിയായി സോണിയ ഗാന്ധിയോട് ആന്റണി നിർദേശിച്ചത് ഉമ്മൻ ചാണ്ടിയുടെ പേരാണെന്നും ചെറിയാൻ പറഞ്ഞു.