ADVERTISEMENT

വിഴിഞ്ഞം∙ തുറമുഖ വകുപ്പിനു കീഴിലെ കേരള മാരി ടൈം ബോർഡ് വിഴിഞ്ഞത്തു നിന്നു വിവിധ തുറമുഖങ്ങളിലേക്ക് ക്രൂസ് കപ്പൽ സർവീസ് നടത്തുന്ന കാര്യം സജീവമായി പരിഗണിക്കുന്നു. ഇതു സംബന്ധിച്ച് താൽപര്യം അറിയിച്ച സംരംഭകരുമായി 19ന് എറണാകുളത്ത് കൂടിക്കാഴ്ച നടത്തുമെന്നു ബോർഡ് ചെയർമാൻ എൻ.എസ്.പിള്ള പറഞ്ഞു. ചർച്ചകൾ വിജയിച്ചു സംരംഭം തുടങ്ങിയാൽ വിഴിഞ്ഞത്തു നിന്നു ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ സമീപ വിദേശ രാജ്യങ്ങളിലേക്കുൾപ്പെടെ ആഡംബര യാത്ര കപ്പൽ സർവീസുകൾ ഉണ്ടാവും. വിഴിഞ്ഞത്തു നിന്നു കൊല്ലം, ബേപ്പൂർ, മംഗളൂരു തുടങ്ങിയ തുറമുഖങ്ങളിലേക്കു രാത്രി–പകൽ ഉല്ലാസ ആഡംബര യാത്രാ കപ്പൽ സർവീസുകളാരംഭിക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്. ഇതു കൂടാതെയാണ് ശ്രീലങ്ക പോലുള്ള സമീപ വീദേശ രാജ്യങ്ങളിലേക്കുള്ള കപ്പൽ സർവീസുകൾ‌. 

വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങളിൽ നിന്നു വിദേശ കപ്പൽ സർവീസുകളാരംഭിക്കുന്നതിനുള്ള നിയമാനുസൃത അനുമതികളും നടപടിക്രമങ്ങളും പൂർത്തിയായിട്ടുള്ളത് സഹായകരമാണെന്നു ചെയർമാൻ പറഞ്ഞു. ഐഎസ്പിഎസ് കോഡ്, ഇമിഗ്രേഷൻ ചെക് പോസ്റ്റ്(ഇസിപി) തുടങ്ങിയ അനുമതികൾ ഇവയ്ക്കുണ്ട്. 19ന് രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന കൂടിക്കാഴ്ചയിലേക്ക് പത്തിലേറെ ബന്ധപ്പെട്ട കമ്പനി അധികൃതർ താൽപര്യമറിയിച്ചു റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ ആവശ്യപ്പെടുന്ന നിയമാനുസൃത സഹായങ്ങൾ, സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിനായാണ് കൂടിക്കാഴ്ച. തുടർന്ന് താൽപര്യ പത്രം സമർപ്പിക്കണം. നടപടി ക്രമങ്ങൾ വേഗത്തിലായാൽ ഈ വർഷം തന്നെ സർവീസ് ആരംഭിക്കാനാകുന്ന വിധത്തിലാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉൾനാടൻ ജലാശയ ക്രൂസ് സർവീസും
കടൽ വഴിയുള്ള ക്രൂസ് കപ്പൽ സർവീസിനൊപ്പം കേരളത്തിലെ ഉൾ‌നാടൻ ജലാശയങ്ങളിലൂടെയും ആഡംബര–ഉല്ലാസ യാത്ര പദ്ധതിയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതു സംബന്ധിച്ച കാര്യങ്ങളും 19ന് ചർച്ച ചെയ്യും.സംസ്ഥാനത്തെ നദികൾ, കായലുകൾ എന്നിവയിലൂടെയുള്ള ദീർഘദൂര ആം‍ഡംബരയാത്ര സാധ്യതകളാണ് പരിശോധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com