ADVERTISEMENT

നെയ്യാറ്റിൻകര ∙ പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്കായി ധനവകുപ്പ് 5 കോടി രൂപ അനുവദിച്ചത് തീരം നഷ്ടപ്പെടുന്ന വേദനയിൽ കഴിയുന്ന പൊഴിയൂർ നിവാസികൾക്ക് തെല്ലാശ്വാസമായി. നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ, നെയ്യാർ കടലിൽ പതിക്കുന്ന പൊഴിക്കരയ്ക്ക് കിഴക്കായി കൊല്ലങ്കോട്, പരുത്തിയൂർ എന്നീ മത്സ്യ ഗ്രാമങ്ങൾ ചേർന്ന പ്രദേശമാണ് പൊഴിയൂർ. 2018–19 ബജറ്റിലാണ് ഇവിടെ മത്സ്യബന്ധന തുറമുഖം നിർമിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. അന്നു മുതലുള്ള കാത്തിരിപ്പിനാണ് ഇന്നലെ പച്ച വെളിച്ചം തെളി‍ഞ്ഞത്.

കൊല്ലങ്കോട് കഴിഞ്ഞാൽ പിന്നെ തമിഴ്നാടാണ്. പൊൻ രാധാകൃഷ്ണൻ കേന്ദ്രമന്ത്രിയായിരുന്ന കാലയളവിൽ ഏതാണ്ട് 60 കിലോമീറ്ററോളം പുലിമുട്ട് നിർമിച്ചു. അത് ഈ കൊച്ചു പ്രദേശത്തെ പാരിസ്ഥിതികമായി പ്രയാസപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിട്ടും കടൽഭിത്തി നിർമാണവുമായി തമിഴ്നാട് സർക്കാർ മുന്നോട്ടു പോവുകയായിരുന്നു. പൊഴിയൂർ ഇന്നു നേരിടുന്ന കടലാക്രമണത്തിന് ഒരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് തമിഴ്നാട് സർക്കാർ നിർമിച്ച പുലിമുട്ടാണ്.

ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ പരിശോധനകൾക്ക് ശേഷം തുറമുഖത്തിന്റെ രൂപരേഖ തയാറായി എന്നാണ് വിവരം. 800 മീറ്ററാണ് ആകെ വീതി. ഇതിൽ 200 മീറ്റർ വാർഫും ചെറു വള്ളങ്ങൾക്ക് വേണ്ടി 100 മീറ്ററും നീക്കിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാത പഠനത്തിന്റെ ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് അറിയുന്നു.

തുറമുഖ നിർമാണത്തിനു മുന്നോടിയായി നടത്തുന്ന വേവ് സ്റ്റഡി, ടോപ്പോഗ്രാഫിക് സർവേ, ബീച്ച് ക്രോസ് സെക്‌ഷൻ, ഷോർ ലൈൻ സർവേ, മൺസൂണിനു ശേഷമുള്ള തിരമാലകളുടെ വിവരശേഖരണം തുടങ്ങിയവ പൂർത്തിയാക്കി കഴിഞ്ഞു. ആവശ്യത്തിനു പുറമ്പോക്ക് ഭൂമി ഉള്ളതിനാൽ തുറമുഖത്തിനു വേണ്ടി സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല എന്നതാണ് ഇവിടെയുള്ള മറ്റൊരു പ്രത്യേകത.

പുലിമുട്ടുകൾ കൊണ്ടുള്ള കടൽഭിത്തി, ലേലപ്പുര, ഇന്റേണൽ റോഡുകൾ, ചുറ്റുമതിൽ, ലോഡിങ് ഏരിയ, ലോക്കർ റൂം തുടങ്ങിയവയും നിർമാണത്തിന്റെ ഭാഗമായി യാഥാർഥ്യമാകും. സമീപത്ത് മത്സ്യബന്ധന തുറമുഖം ഇല്ലാത്തതിനാൽ പൊഴിയൂർ മത്സ്യഗ്രാമത്തിനു പുറമേ പൂവാർ മുതൽ അടിമലത്തുറ വരെയുള്ള മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികൾ വിദൂരത്തെ തുറമുഖങ്ങളെയാണ് നിലവിൽ ആശ്രയിക്കുന്നത്. ഒട്ടേറെ പേർ തമിഴ്നാട്ടിൽ വരെ പോകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com