ADVERTISEMENT

തിരുവനന്തപുരം ∙ തലസ്ഥാനത്തേക്കുള്ള ട്രെയിനുകളിൽ വ്യാപകമായി യാത്രക്കാരുടെ ബാഗും പണവും കൊള്ളയടിക്കുന്നതു ഉത്തരേന്ത്യൻ സംഘമെന്ന് പൊലീസ് നിഗമനം. രണ്ടാഴ്ചയ്ക്കിടെ സ്ത്രീയടക്കം അടക്കം 4 യാത്രക്കാരാണ് കവർച്ചയ്ക്ക് ഇരയായത്. കേസുകളിലെല്ലാം സമാന സ്വഭാവം വ്യക്തമാണ്. ഉത്തർപ്രദേശിലെ മിർസാപുർ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നു മോഷണ സംഘങ്ങൾ കൂട്ടത്തോടെ ‘കള്ളവണ്ടി’ കയറി മോഷണം നടത്തി മുങ്ങുന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തൽ. ട്രെയിനുകളിൽ ഉറങ്ങിക്കിടക്കുന്ന യാത്രക്കാരാണ് കവർച്ചയ്ക്കു ഇരയാകുന്നതിൽ അധികവും. ട്രെയിനിന്റെ ജനാലയിലൂടെ കയ്യിട്ട് മാല പൊട്ടിക്കുന്ന കേസുകളും റജിസ്റ്റർ ചെയ്തു. 

5ന് നാഗർകോവിൽ സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റ് വിദ്യാർഥിയുമായ നാഗരാജ് (25)ന്റെ ബാഗും തിരിച്ചറിയൽ രേഖകളും കൊള്ളയടിച്ചതാണ് ഒടുവിലത്തെ സംഭവം. വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും പുണെ– കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ രാവിലെ 8ന് നാഗർകോവിലിലേക്കു  പോകുകയായിരുന്നു. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബാഗ് മോഷണം പോയത്. പണം അടങ്ങിയ പഴ്സ്, ആധാർ കാർഡ്, പാൻകാർഡ്, ബാങ്ക് ഡെബിറ്റ് കാർഡ്, തുടങ്ങി ഒട്ടേറെ രേഖകളും സാധനങ്ങളും നഷ്ടമായി.

വിഴിഞ്ഞം സ്വദേശി ഷാജി ലോറൻസിന്റെ ലാപ്ടോപ് കവർച്ച ചെയ്തതാണു മറ്റൊരു സംഭവം. 4ന് പുലർച്ചെ 2.30ന് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ നിന്നും അമൃത എക്സ്പ്രസ് ട്രെയിനിൽ ആയിരുന്നു യാത്ര. യാത്രയ്ക്കിടെ ഷാജി ഒന്നു മയങ്ങി. തമ്പാനൂരിൽ എത്തുന്നതിനിടെയാണ് ലാപ്ടോപ് മോഷണം പോയത്. ഇതേ ദിവസം ഉച്ചയ്ക്കു ഇടവ സ്വദേശി ഷൈല ബീഗത്തിന്റെ പണം അടങ്ങിയ ബാഗും മോഷണം പോയി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ലേഡീസ് വെയ്റ്റിങ് ഹാളിൽ ആയിരുന്നു മോഷണം. ഒട്ടേറെ തിരിച്ചറിയൽ രേഖകളും നഷ്ടപ്പെട്ടു. 

ജൂൺ 26ന് യശ്വന്ത്പുര– കൊച്ചുവേളി ട്രെയിനിൽ ബെംഗളൂരുവിലെ കൃഷ്ണരാജപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും കൊച്ചുവേളിയിലേക്കു യാത്ര ചെയ്ത വട്ടിയൂർക്കാവ് സ്വദേശി മാലിനി നായരുടെ ബാഗും കൊള്ളയടിച്ചു. ബാഗിനുള്ളിൽ 68000 രൂപ വിലവരുന്ന ഐഫോൺ, 40,000 രൂപയുടെ വിദേശ കറൻസി, 6000 രൂപ, തിരിച്ചറിയൽ രേഖകൾ എന്നിവ നഷ്ടമായി. 16ാം നമ്പർ സൈഡ് അപ്പർ ബർത്തിൽ ആയിരുന്നു യാത്ര. തൃശൂർ റെയിൽവേ സ്റ്റേഷനും എറണാകുളത്തിനും ഇടയിലാണ് ഇവരുടെ ബാഗ് നഷ്ടമായതെന്നും പൊലീസ് പറഞ്ഞു. 

4 മാസം മുൻപ് 2 ഡസനോളം മോഷണങ്ങൾ
∙ഫെബ്രുവരിയിൽ ആണ് ട്രെയിൻ യാത്രയ്ക്കിടെ സ്ത്രീയുടെ 3.5 പവന്റെ സ്വർണമാല പിടിച്ചുപറിച്ചത്. കാര്യവട്ടം ലക്ഷ്മി ബായി ലെയ്ൻ കുരിശടി ജംക്‌ഷനിൽ സിൽവിലെറ്റ് സരോജത്തിന്റെ താലിമാലയമാണ് നഷ്ടമായത്. പാറശാല റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിൽ നിന്ന പ്രതി ട്രെയിനിന്റെ ജനാലയിലൂടെ കയ്യിട്ട് മാല പൊട്ടിക്കുകയായിരുന്നു. 

∙ട്രെയിനിൽ രാത്രി യാത്ര ചെയ്ത വനിതാ ഡോക്ടറുടെ ബാഗിൽ നിന്നു മൊബൈൽ ഫോണുകൾ കവർച്ച ചെയ്തു. ജനറൽ ആശുപത്രിയിലേക്ക് പരിശീലനത്തിന് എത്തിയ കോട്ടയം വിജയപുരം സ്വദേശി സിമി ജെയിംസിന്റെ 80000, 16000 രൂപ വിലയുള്ള 2 ഫോണുകളാണ് മോഷണം പോയത്. കൊച്ചുവേളി എക്സ്പ്രസിൽ 1ന് പുലർച്ചെ ആയിരുന്നു സംഭവം.

 ∙മൈസൂർ എക്സ്പ്രസിൽ വെള്ളി ബാലരാമപുരം തേമ്പാമുട്ടം കുഞ്ചുവീട്ടിൽ രാധികയുടെ ബാഗിൽനിന്നു 2 ലാപ് ടോപ്പുകൾ , മൊബൈൽ ഫോൺ, 3000 രൂപ എന്നിവ മോഷ്ടിച്ചു. ബാംഗ്ലൂർ കൃഷ്ണപുരം റെയിൽവേ സ്റ്റേഷനിൽ നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്നു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ബാഗ് മോഷണം പോയത്. 

∙രോഗിയായ മകനെയും കൊണ്ട് ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു യാത്ര ചെയ്ത വയോധികന്റെ  ഐഫോൺ മോഷണം പോയതാണ് മറ്റൊരു സംഭവം. കണ്ണൂർ ഇരട്ടി സ്വദേശി പി.ടി കുര്യാക്കോസിന്റെ മൊബൈൽ ഫോൺ ആണ് മോഷ്ടിച്ചത്. തമ്പാനൂർ റെയിൽവേ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ പെരുമ്പാവൂർ പൊലീസ് പിടികൂടി. ഇതര സംസ്ഥാനക്കാരനായ പ്രതി മോഷ്ടിച്ച ഫോൺ വിൽക്കാനായി പെരുമ്പാവൂരിലെ കടയിൽ എത്തുകയും സംശയം തോന്നിയ കടയുടമ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. 

∙മലബാർ എക്സ്പ്രസ് ട്രെയിനിൽ കോളജ് അധ്യാപകന്റെ ഭാര്യയുടെ ബാഗിൽ നിന്നു 7 പവന്റെ സ്വർണാഭരണങ്ങളും മൊബൈൽഫോണും മോഷണം പോയി. കേസിൽ പൊലീസ് പിടികൂടിയ രാജസ്ഥാൻ സ്വദേശി നിധീഷ് മീണ (18) ട്രെയിനുകൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന വൻ സംഘത്തിലെ കണ്ണിയായിരുന്നു. ഇയാൾ 18 വയസ്സിനിടെ ഒട്ടേറെ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com