പൊന്മുടി വിനോദ സഞ്ചാര കേന്ദ്രം പ്രവേശന ഫീസ് 80 ആക്കി ഉയർത്തുമെന്ന് സൂചന; പ്രതിഷേധം
Mail This Article
വിതുര∙ പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശന ഫീസ് ഇരട്ടിയായി വർധിപ്പിച്ച വനം വകുപ്പ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അടിസ്ഥാന സൗകര്യ വികസനമോ സഞ്ചാരികൾക്ക് പ്രയോജനകരമായ വേറിട്ട പദ്ധതികളോ കാര്യക്ഷമമായി നടപ്പിലാക്കാതെ വരുമാനം മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതിഷേധം ശക്തമായി. ഫീസ് വർധനാ നീക്കം സംബന്ധിച്ച് ഇന്നലെ ‘മനോരമ’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെ നിർദ്ദേശാനുസരണം ഫോറസ്റ്റ് ഡവലപ്മെന്റ് ഏജൻസി(എഫ്ഡിഎ) യോഗത്തിലാണ് ഫീസ് വർധന സംബന്ധിച്ച തീരുമാനം എടുത്തത്. പൊന്മുടിക്കൊപ്പം തെന്മല, മീൻമുട്ടി, മങ്കയം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള നിരക്കും വർധിപ്പിക്കും എന്നാണ് വിവരം. പൊന്മുടിയിലേക്കുള്ള പ്രവേശനത്തിന് നിലവിൽ ഒരാളിനു 40 രൂപ എന്നത് 80 രൂപയാക്കി ഉയർത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
ഇതിന് ആനുപാതികമായി വാഹനങ്ങൾക്കുള്ള പാർക്കിങ് ഫീസും വർധിപ്പിക്കും. 50 രൂപ എന്നത് നിലവിൽ 100 ആകും. അഞ്ച് പേർ ഒരു കാറിൽ പൊന്മുടിയിൽ എത്തിയാൽ അഞ്ച് പേർക്ക് 80 രൂപ വീതവും വാഹനത്തിന്റെ 100 രൂപയും ഉൾപ്പെടെ 500 രൂപയിലേക്ക് എത്തും. കെഎസ്ആർടിസി ബസിനെ പോലും ആശ്രയിച്ച് പൊന്മുടിയിൽ എത്തുന്നവരെ സംബന്ധിച്ച ഫീസ് വർധന ഇരുട്ടടിയാണ്. വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിയന്ത്രണച്ചുമതലയുള്ള പൊന്മുടി വന സംരക്ഷണ സമിതി(പൊന്മുടി വിഎസ്എസ്എസ്)യിലെ അംഗങ്ങൾക്ക് നിരക്ക് വർധന മൂലം ഗുണം ഉണ്ടാകുമോ എന്ന് കണ്ടറിയണം. നിലവിൽ 500 രൂപയാണ് ഓരോ അംഗങ്ങൾക്കും ഡ്യൂട്ടി ചെയ്യുന്ന ദിവസങ്ങളിൽ ലഭിക്കുന്നത്. ഇരട്ടിയിലേറെ ഫീസ് വർധന പ്രാബല്യത്തിൽ വന്നാൽ അതിന് ആനുപാതികമായി വേതനവും ഉയർത്തണമെന്ന ആവശ്യവുമായി വന സംരക്ഷണ സമിതി അംഗങ്ങൾ രംഗത്തു വന്നേക്കും.
പകൽക്കൊള്ള ചെറുക്കും; കോൺഗ്രസ്
പൊന്മുടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള ഫീസ് വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്. ഈ പകൽക്കൊള്ള എന്ത് വില കൊടുത്തും ചെറുക്കുമെന്നും ഡിസിസി ജനറൽ സെക്രട്ടറി എൽ.കെ. ലാൽ റോഷിൻ, കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണു ആനപ്പാറ എന്നിവർ അറിയിച്ചു. നിലവിൽ വിനോദ സഞ്ചാരികളിൽ നിന്ന് ലഭിക്കുന്ന വരുമാനം സംബന്ധിച്ചോ അത് എങ്ങനെയൊക്കെ വിനിയോഗിക്കുന്നു എന്നത് സംബന്ധിച്ചോ സുതാര്യതയില്ല. അത് ഉറപ്പ് വരുത്തിയ ശേഷം ഫീസ് വർധന നടപ്പിലാക്കിയാൽ മതി. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
കാടും മഞ്ഞും വിൽക്കാനുള്ളതല്ല; ഡിവൈഎഫ്ഐ
പൊന്മുടിയിലേക്കും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുമുള്ള പ്രവേശന ഫീസ് വർധിപ്പിക്കാനുള്ള സിസിഎഫിന്റെ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ വിതുര മേഖല. കാടും മഞ്ഞും അരുവികളും അനുഭവിക്കാനുള്ളതാണ് മറിച്ച് വിൽക്കാനുള്ളതല്ലെന്നും ഫീസ് വർധന നീക്കത്തിൽ നിന്നും പിന്മാറാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അജിത് എസ്. ജോയ്, പ്രസിഡന്റ് ജെ. ഷാഫി എന്നിവർ അറിയിച്ചു. ഫീസ് വർധന നടപ്പിലാക്കിയാൽ പിൻവലിക്കും വരെ സമരം ചെയ്യാനാണ് ഡിവൈഎഫ്ഐയുടെ തീരുമാനം.