കുഞ്ഞു ചലച്ചിത്രങ്ങൾ, വലിയ അദ്ഭുതം: മേള നാളെ സമാപിക്കും
Mail This Article
തിരുവനന്തപുരം ∙ കുഞ്ഞുചിത്രങ്ങളുടെ അത്ഭുതക്കാഴ്ചകൾ ഒരുക്കിയ 16–ാമത് കേരള ഷോർട്ട് ഫിലിം, ഡോക്യുമെന്ററി ഫെസ്റ്റ് നാളെ സമാപിക്കും. 3ഡി ഡോക്യുമെന്ററി ‘അൻസലേം’ നിള തിയറ്ററിൽ ഇന്നു മൂന്നു മണിക്ക് പ്രദർശിപ്പിക്കും. ചിത്രകാരനും ശിൽപിയുമായ അൻസലേം കീഫറിന്റെ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രം വിം വെൻഡറാണ് സംവിധാനം ചെയ്തത്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതം പ്രമേയമാക്കി വിക്രമാദിത്യ മോട്‌വാനെ ഒരുക്കിയ ‘ഇന്ത്യാസ് എമർജൻസി’, പ്രോമിതാ വോഹ്രയുടെ ‘അൺലിമിറ്റഡ് ഗേൾസ്’, പങ്കജ് ഋഷികുമാറിന്റെ ‘കുമാർ ടാക്കീസ്’, ആഫ്രിക്കൻ ഷോർട്ട് ഫിക്‌ഷൻ ‘ദ് വെയ്റ്റ്’, ഡോ. വിനു ജനാർദനൻ സംവിധാനം ചെയ്ത ‘ഹന്ന’ തുടങ്ങിയ ചിത്രങ്ങളും ഇന്ന് വെള്ളിത്തിരയിലെത്തും. നാളെ ആറുമണിക്കാണ് സമാപന സമ്മേളനം. പുരസ്കാരങ്ങൾ നേടിയ ചിത്രങ്ങളുടെ പ്രദർശനം തുടർന്നു നടക്കും.