ADVERTISEMENT

വർക്കല∙ പാപനാശത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കം അന്തിമഘട്ടത്തിൽ. ഇത്തവണ 3ന് പുലർച്ചെ മൂന്നോടെ ജനാർദ്ദനസ്വാമി ക്ഷേത്ര നട തുറക്കുന്ന വേളയിൽ ചടങ്ങുകൾ തുടങ്ങും. അന്നേ ദിവസം വൈകിട്ട് വരെ ബലിയിടാൻ സമയമുണ്ട്. ദേവസ്വം ബലിമണ്ഡപത്തിലും പുറത്തൊരുക്കുന്ന താൽക്കാലിക പന്തലിലുമായി ഏകദേശം 300 പേർക്ക് ഒരേസമയം ബലിയിടാൻ സൗകര്യമുണ്ട്. ഇത്തവണ മണ്ഡപത്തിനു സമീപത്തെ കുന്നുകൾ ഇടിഞ്ഞതിനാൽ അടച്ചിട്ടിരിക്കുകയാണ്. 

എന്നാൽ വാവുദിവസം തുറക്കാൻ പാകത്തിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ദേവസ്വം അധികൃതർ അറിയിച്ചു. അതേസമയം നിബന്ധനകൾക്ക് വിധേയമായി മാത്രമാകും ബലിമണ്ഡപം തുറക്കുകയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം എന്നാണ് സൂചന. ഒരേ സമയം 130 പേർക്ക് ചടങ്ങ് നടത്താൻ സൗകര്യമുള്ള മണ്ഡപത്തിൽ ഒരു സമയം 30 പേർക്ക് മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നാണ് കലക്ടറുടെ നിലപാടെന്നാണ് വിവരം.

എന്നാൽ ഇതു സംബന്ധിച്ച ഉത്തരവ് ലഭ്യമായിട്ടില്ലെന്നു ദേവസ്വം ഉദ്യോഗസ്ഥർ അറിയിച്ചു. തീരത്തു ദേവസ്വം ഒരുക്കുന്ന പ്രത്യേക പന്തലിൽ 200ൽ അധികം പേർക്ക് ബലിയിടാൻ സൗകര്യം ഒരുക്കുന്നുണ്ട്. പ്രത്യേക ലൈസൻസ് നൽകി ഏതാണ്ട് 100 പരികർമ്മികളെ കൂടി തീരത്തിന്റെ മറ്റു ഭാഗത്ത് നിയോഗിക്കും. 

കർമങ്ങൾ ചെയ്യാൻ എത്തുന്നവരിൽ നിന്ന് അമിത തുക വാങ്ങുന്നത് തടയാൻ നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന് കർശന നിർദേശമുണ്ട്. ഭക്തജന സൗകര്യാർഥം ദേവസ്വം കൂടുതൽ വഴിപാട് കൗണ്ടറുകൾ സ്ഥാപിക്കും. കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്ന് അധിക സർവീസുകൾ നടത്തും. ഗതാഗത ക്രമീകരണം ഉൾപ്പെടെ സുരക്ഷ ചുമതലകൾക്ക് ഏകദേശം 600 പൊലീസ് സേനാംഗങ്ങൾ ഉണ്ടാകും. 

നഗരസഭ ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകൾ ഇതിനകം ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ശിവഗിരി മഠത്തിലും ബലിതർപ്പണത്തിന് സൗകര്യമുണ്ട്. ഓഗസ്റ്റ് 3നു പുലർച്ചെ മുതൽ ശാരദ മഠത്തിനു സമീപം ഒരുക്കുന്ന പന്തലിൽ സന്യാസി ശ്രേഷ്ഠർ ഉൾപ്പെടെയുള്ളവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com