ADVERTISEMENT

തിരുവനന്തപുരം∙ ചരിത്രത്തിലും സർക്കാർ രേഖകളിലും പുസ്തകങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം പല തീയതികളിൽ ‘ജനിച്ച’ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഔദ്യോഗിക ജന്മദിനം കണ്ടെത്തി – കൊല്ലവർഷം 1104 മീനം 10. അതായത്, 1929 മാർച്ച് 23. തീയതി കണക്കാക്കാൻ കൊല്ലവർഷ പഞ്ചാംഗത്തിനു പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇംഗ്ലിഷ് കലണ്ടർ പ്രകാരമുള്ള ജനനത്തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. സംവിധായകൻ ആർ.ശരത്തും എഴുത്തുകാരൻ വിനു ഏബ്രഹാമും പ്രേംനസീറിനെക്കുറിച്ചു തയാറാക്കുന്ന ഇംഗ്ലിഷ് ഡോക്യുമെന്ററിക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് കണ്ടെത്തൽ. ശരത്തും വിനു ഏബ്രഹാമും പറയുന്നു : ‘‘ വിക്കിപീഡിയയിലും വെബ്സൈറ്റുകളിലും പുസ്തകങ്ങളിലും പല വർഷവും പല തീയതിയുമാണ്. 

വിക്കിപീഡിയ പ്രകാരം 1926 ഏപ്രിൽ 7 ആണ് ജനനത്തീയതി. ചലച്ചിത്ര അക്കാദമിയിൽ മറ്റൊരു തീയതിയാണ്. ഈ ആശയക്കുഴപ്പം അവസാനിപ്പിക്കാനായിരുന്നു ശ്രമം.പ്രേംനസീറിന്റെ പാസ്പോർട്ട് മകൾ റീത്തയുടെ പക്കലുണ്ട്. അതിൽ, ജനനവർഷം 1929 ആണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം പഠിച്ച ചിറയിൻകീഴ് ശ്രീചിത്തിര ബോയ്സ് ഹൈസ്കൂളിലെ (ഇപ്പോൾ നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ്) റജിസ്റ്ററിലും ചങ്ങനാശേരി എസ്ബി കോളജിലെ റജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ – പേര്: അബ്ദുൽ ഖാദർ. ജനനത്തീയതി: 10.08.1104. ഇത് കൊല്ല‌വർഷമാണ്. പ്രേംനസീറിന്റെ യഥാർഥ പേര് അബ്ദുൽ ഖാദർ എന്നായിരുന്നു.പ്രേംനസീറിന്റെ സഹായത്തോടെ പുതുക്കിപ്പണിത ചിറയിൻകീഴ് പ്രേംനസീർ മെമ്മോറിയൽ ഗവ.എച്ച്എസിനു മുന്നിലെ സ്മാരകത്തിലും ഈ ജനന വർഷം കണ്ടതോടെ സംശയം മാറി.’’

പ്രേംനസീർ ജീവിച്ചിരുന്നപ്പോൾ പ്രസിദ്ധീകരിക്കുകയും അന്തരിച്ച് വർഷങ്ങൾക്കു ശേഷം പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത ‘എന്റെ ജീവിതം’ എന്ന ആത്മകഥയിലും നസീറിന്റെ മകൾ ലൈല റഷീദും പി.സക്കീർ ഹുസൈനും ചേർന്ന് എഴുതിയ ‘ഇതിലേ പോയതു വസന്തം’ എന്ന ഓർമക്കുറിപ്പിലും ചേർത്തിട്ടുള്ള ജീവിതരേഖയിൽ 1927 ഏപ്രിൽ 7 എന്നാണ് ജനനത്തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രേംനസീർ ജീവിച്ചിരുന്ന കാലത്ത് 1984 ഓഗസ്റ്റിലെ സിനിമ മാസികയിൽ മിത്രൻ നമ്പൂതിരിപ്പാട് എഴുതിയ പ്രേംനസീറിന്റെ ജാതകം പ്രകാരം ജനനത്തീയതി 1929 ഡിസംബർ 16. പിന്നീടു പല ജീവചരിത്ര കുറിപ്പുകളിലും 1929 ഡിസംബർ 24, 26 എന്നിങ്ങനെ വ്യത്യസ്ത തീയതികൾ നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com