ADVERTISEMENT

തിരുവനന്തപുരം∙ പിതൃപരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി പുണ്യസ്നാന ഘട്ടങ്ങളിൽ വ്രതശുദ്ധിയോടെ ബലിയർപ്പിച്ച് പിൻമുറക്കാർ. ജില്ലയിലെ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും താന്ത്രികർ ചൊല്ലിയ മന്ത്രങ്ങൾ ഏറ്റു ചൊല്ലി പിതൃതർപ്പണം നടത്തി. ക്ഷേത്രങ്ങളിൽ കൂട്ടനമസ്കാരവും തിലഹോമവും പിതൃപൂജയും നടത്തി പൂർവികരുടെ ആത്മാവിനെ പ്രസാദിപ്പിച്ചു. ജില്ലയിലെ പ്രധാന പുണ്യ സ്നാന ഘട്ടങ്ങളിലെല്ലാം ഇത്തവണ വൻതിരക്കാണ് അനുഭവപ്പെട്ടത്. തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം, അരുവിപ്പുറം, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിൽ ഒട്ടേറെ ഭക്തർ വെള്ളി രാത്രി മുതൽ എത്തിയിരുന്നു.

തുളുമ്പീ, ഓർമകൾ...തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കർക്കടക വാവിനോട് അനുബന്ധിച്ചു നടന്ന ചടങ്ങുകൾക്കിടെ വിതുമ്പുന്ന സ്ത്രീ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ
തുളുമ്പീ, ഓർമകൾ...തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ കർക്കടക വാവിനോട് അനുബന്ധിച്ചു നടന്ന ചടങ്ങുകൾക്കിടെ വിതുമ്പുന്ന സ്ത്രീ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ് / മനോരമ


തിരുവല്ലം പരശുരാമ ക്ഷേത്രം
തിരുവല്ലം∙ പ്രമുഖ തീർഥഘട്ടമായ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തിയത് വൻ ജനക്കൂട്ടം. ഇന്നലെ പുലർച്ചെ 2ന് ചടങ്ങുകൾ തുടങ്ങി. മുഖ്യപുരോഹിതൻ പ്രവീൺ ശർമയുടെ നേതൃത്വത്തിൽ 25 വീതം പുരോഹിതരും സഹപുരോഹിതരും ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു.

തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ വാവുബലിയോട് അനുബന്ധിച്ചു നടന്ന ബലിതർപ്പണ ചടങ്ങുകൾ.ചിത്രം : മനോരമ
തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ വാവുബലിയോട് അനുബന്ധിച്ചു നടന്ന ബലിതർപ്പണ ചടങ്ങുകൾ.ചിത്രം : മനോരമ

ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ ഗണേശൻ പോറ്റി, പരശുരാമ ക്ഷേത്ര അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജി.ബിനു എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് 12.30 തോടെ ചടങ്ങുകൾ സമാപിച്ചു. കൂടുതൽ ബലി മണ്ഡപങ്ങൾ സജ്ജമാക്കിയിരുന്നതിനാൽ ഭക്തജനത്തിനു ബുദ്ധിമുട്ടനുഭവപ്പെട്ടില്ലെന്നു ദേവസ്വം അധികൃതർ അറിയിച്ചു.

വർക്കല പാപനാശം കടപ്പുറത്ത് കർക്കടകവാവു ദിനത്തിൽ ബലിതർപ്പണം നടത്തുന്നവർ.
ചിത്രം: മനോരമ
വർക്കല പാപനാശം കടപ്പുറത്ത് കർക്കടകവാവു ദിനത്തിൽ ബലിതർപ്പണം നടത്തുന്നവർ. ചിത്രം: മനോരമ

സുരക്ഷയ്ക്കായി പൊലീസ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉണ്ടായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, കമ്മിഷണർ സി.വി.പ്രകാശ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു. കോവളം ലൈറ്റ് ഹൗസ് ബീച്ച്, മുല്ലൂർ കരിക്കത്തി തീരം, വെള്ളായണി കായലിന്റെ കടവിൻമൂല, കൊച്ചുപള്ളി അമ്പലത്തിൻമൂല പൊഴിക്കര എന്നിവിടങ്ങളിലും ബലിതർപ്പണം നടന്നു.

കർക്കടകവാവു ദിനത്തിൽ 
ശംഖുമുഖത്ത് ബലിതർപ്പണം 
നടത്തുന്നവർ. 
ചിത്രം: മനോരമ
കർക്കടകവാവു ദിനത്തിൽ ശംഖുമുഖത്ത് ബലിതർപ്പണം നടത്തുന്നവർ. ചിത്രം: മനോരമ


വർക്കല പാപനാശം
വർക്കല ∙ പാപനാശത്ത് കർക്കടകവാവിലെ പിതൃതർപ്പണ ചടങ്ങുകളിൽ വൻതിരക്ക്. ഇന്നലെ പുലർച്ചെ മൂന്നോടെ ജനാർദന സ്വാമി ക്ഷേത്രം നട തുറന്ന വേളയിൽ തന്നെ ബലിതർപ്പണത്തിനു തിരക്കേറി. പുലർച്ചെ മുതൽ പാപനാശത്തേക്കുള്ള പ്രധാന വീഥികളിലും ഇടറോഡുകളിലും ഭക്തജനപ്രവാഹമായി. ദേവസ്വം ബോർഡിന്റെ ബലിമണ്ഡപത്തിൽ തന്നെയാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. ഇവിടെ പുലർച്ചെ മുതൽ ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായി.


ശിവഗിരിയിൽ സ്വാമി ശിവനാരായണ തീർഥയും രാമാനന്ദൻ ശാന്തിയും ബലിതർപ്പണത്തിന് നേതൃത്വം നൽകുന്നു. ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സമീപം.
ശിവഗിരിയിൽ സ്വാമി ശിവനാരായണ തീർഥയും രാമാനന്ദൻ ശാന്തിയും ബലിതർപ്പണത്തിന് നേതൃത്വം നൽകുന്നു. ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ സമീപം.

തിരക്ക് കണക്കാക്കി ബലിമണ്ഡപത്തിനു പുറമേ പുറത്തു ദേവസ്വം ഒരുക്കിയ പ്രത്യേക പന്തലിലും ഒരേസമയം നൂറുകണക്കിനു പേർ പിതൃതർപ്പണത്തിൽ ഏർപ്പെട്ടു. ഇതിനു പുറമേ ദേവസ്വം നിയോഗിച്ച ഏകദേശം 100 പരികർമികൾ തീരത്ത് ഒരുക്കിയ ബലിത്തറകളിൽ ആയിരത്തോളം പേരും ബലിതർപ്പണം നടത്തി. തീരത്തെ തിരക്ക് ക്രമാതീതമാകാതിരിക്കാൻ പൊലീസ് സാന്നിധ്യം ശക്തമായിരുന്നു.

അരുവിപ്പുറം ക്ഷേത്രത്തിൽ സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ പിതൃക്കൾക്കു ബലിയിടുന്നവർ.
അരുവിപ്പുറം ക്ഷേത്രത്തിൽ സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ പിതൃക്കൾക്കു ബലിയിടുന്നവർ.

ചടങ്ങുകൾക്കായി വന്നുപോകുന്നവർക്കു കെഎസ്ആർടിസി അടക്കമുള്ള ബസ് സർവീസുകൾ നിരന്തരം ക്ഷേത്ര നഗരിയിലൂടെ നീങ്ങി. ഉച്ചയ്ക്കു നട അടയ്ക്കുന്നതു വരെ ക്ഷേത്രത്തിൽ തിലഹവനം അടക്കമുള്ള വഴിപാടുകൾക്കും തിരക്ക് അനുഭവപ്പെട്ടതായി ദേവസ്വം അധികൃതർ അറിയിച്ചു. ശിവഗിരിയിലെ അന്നക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ബലിതർപ്പണത്തിൽ ചടങ്ങുകൾക്ക് സന്ന്യാസിശ്രേഷ്ഠർ ഉൾപ്പെടെ മുഖ്യകാർമികത്വം വഹിച്ചു.


പിതൃമോക്ഷത്തിന്  ബലിതർപ്പണം
വർക്കല∙ വൻ ഭക്തജനത്തിരക്കിൽ പാപനാശത്ത് കർക്കടകവാവ് പിതൃതർപ്പണ ചടങ്ങ്   നടന്നു.   പുലർച്ചെ മൂന്നു മണിയോടെ ജനാർദന സ്വാമി ക്ഷേത്രനട തുറന്നതിനു പിന്നാലെ തീരത്ത് ബലിതർപ്പണത്തിനു ഭക്തരുടെ പ്രവാഹം തുടങ്ങി. പാപനാശത്തേയ്ക്കുള്ള പ്രധാന വീഥികളിലും ഇടറോഡുകളിലും ജനം നിറഞ്ഞു. ദേവസ്വം ബോർഡിന്റെ ബലിമണ്ഡപത്തിൽ പുലർച്ചെ മുതൽ ഭക്തജനങ്ങളുടെ നീണ്ട നിര ദൃശ്യമായി.

വൻ തിരക്ക് കണക്കിലെടുത്ത് ബലിമണ്ഡപത്തിനു പുറമേ പുറത്ത് പ്രത്യേക പന്തൽ കൂടി ഒരുക്കിയതിനാൽ ദേവസ്വം നേതൃത്വത്തിൽ ഒരേസമയം മുന്നൂറോളം പേർ പിതൃതർപ്പണത്തിൽ പങ്കുകൊണ്ടു.        ഇതിനു പുറമേ ദേവസ്വം നിയോഗിച്ച 100  പരികർമികളുടെ നേതൃത്വത്തിൽ തീരത്ത് ഒരുക്കിയ ബലിത്തറകളിൽ ഒരേസമയം 1000 പേർ ബലി അർ‌പ്പിച്ചു. തീരത്തെ തിരക്കു ക്രമാതീതമാകാതിരിക്കാൻ പൊലീസ് സാന്നിധ്യം ശക്തമായിരുന്നു. 

ചടങ്ങുകൾക്കായി വന്നുപോകുന്നവർക്കു കെഎസ്ആർടിസി അടക്കമുള്ള ബസ് സർവീസുകൾ നിരന്തരം ക്ഷേത്ര നഗരിയിലൂടെ നീങ്ങി. ഉച്ചയ്ക്കു നട അടക്കുന്നതു വരെ ക്ഷേത്രത്തിൽ തിലഹവനം അടക്കമുള്ള വഴിപാടുകൾക്കും നല്ല തിരക്ക് അനുഭവപ്പെട്ടതായി ദേവസ്വം അധികൃതർ അറിയിച്ചു. വൈകിട്ടു വരെ അര ലക്ഷത്തോളം തിലഹവനത്തിനുള്ള രസീതുകൾ നൽകിയിട്ടുണ്ട‌്.

ശിവഗിരി മഠത്തിലും നടന്ന ബലിതർപ്പണത്തിൽ നൂറുകണക്കിനു പേർ പങ്കാളികളായി. ചടങ്ങുകൾക്ക് ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, മഠം ആചാര്യൻ സ്വാമി ശിവനാരായണ തീർഥ ഉൾപ്പെടെയുള്ള സന്ന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും വൈദികരും നേതൃത്വം വഹിച്ചു. ബലിതർപ്പണത്തിനു എത്തിയവർക്കു ഗുരുപൂജ ഹാളിൽ പ്രഭാതഭക്ഷണവും തുടർന്നുള്ള ഗുരുപൂജ പ്രസാദവും ഒരുക്കി.


കുഴിത്തുറ മഹാദേവർ ക്ഷേത്രം
കുഴിത്തുറ ∙ കർക്കടക വാവിനോടനുബന്ധിച്ച് കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിന് സമീപം താമ്രപർണി നദിതീരത്ത് ഇന്നലെ കേരളത്തിൽ നിന്നുൾപ്പെടെ ഒട്ടേറെ പേർ ബലിതർപ്പണം നടത്താൻ എത്തി. ഇതിനായി ക്ഷേത്രത്തിന് സമീപം പ്രത്യേക പന്തൽ ഒരുക്കിയിരുന്നു. ഇവിടെ ഇന്നും ബലിതർപ്പണം നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.കന്യാകുമാരിയിൽ ബലിതർപ്പണം ഇന്ന് നടക്കും. ഇതോടുനബന്ധിച്ച് കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കും.


അരുവിപ്പുറം
നെയ്യാറ്റിൻകര ∙ ശ്രീനാരായണ ഗുരുദേവന്റെ പ്രഥമ പ്രതിഷ്ഠയാൽ പ്രസിദ്ധമായ അരുവിപ്പുറം ക്ഷേത്രത്തിൽ കർക്കടക വാവുബലി ചടങ്ങുകളിൽ ഒട്ടേറെപേർ പങ്കെടുത്തു. പുലർച്ചെ 4 മുതൽ ബലി തർപ്പണം തുടങ്ങി. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഒറ്റത്തവണ 500 പേർ ബലിതർപ്പണം നടത്തി.

ക്ഷേത്ര വളപ്പിലും നെയ്യാർ നദിക്കരയിലും പ്രത്യേകം ബാരിക്കേഡുകൾ നിരത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. വനിതാ പൊലീസ് അടക്കം സേനയെ വിന്യസിച്ചിരുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാനും വിപുലമായ സൗകര്യം ഉണ്ടായിരുന്നു. നെയ്യാർ തീരത്ത് അഗ്നിരക്ഷാസേനയുടെയും ആംബുലൻസ് സൗകര്യത്തോടെ ആരോഗ്യ വകുപ്പിന്റെയും സേവനമുണ്ടായിരുന്നു.


കഠിനംകുളം മഹാദേവ ക്ഷേത്രം
കഴക്കൂട്ടം ∙ കഠിനംകുളം മഹാദേവ ക്ഷേത്രത്തിൽ പിതൃതർപ്പണത്തിന് ഒട്ടേറെ പേർ എത്തി. രാവിലെ 4 മുതൽ പിതൃതർപ്പണം നടത്താനായി ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ബലിപ്പുര ഒരുക്കിയിരുന്നു. വിവിധ ബലിപ്പുരകളിലായി ഒരേ സമയം 500 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. 

പൊലീസ് സേവനം, ചികിത്സാ സൗകര്യം, ആംബുലൻസ് , കടലിൽ ലൈഫ് ഗാർഡുകളുടെ സേവനം, പാർക്കിങ് സൗകര്യം എന്നിവയും ഏർപ്പെടുത്തിയിരുന്നു. വിവിധ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു രാവിലെ മുതൽ ബസ് സർവീസ് ഉണ്ടായിരുന്നു. ശ്രീകാര്യം പുലിയൂർക്കോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും പിതൃതർപ്പണത്തിനു വൻതിരക്കാണ് അനുഭവപ്പെട്ടത്.

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും പുലിയൂർക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പിതൃതർപ്പണം നടത്തി, മേനംകുളം അർധനാരീശ്വര സമാധി ക്ഷേത്രം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവിടങ്ങളിലും ബലി അർപ്പിക്കാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.


മീൻമുട്ടി ഉമാമഹേശ്വര ക്ഷേത്രം
നെടുമങ്ങാട് ∙ താലൂക്കിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒന്നായ നന്ദിയോട് മീൻമുട്ടിയിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി. മീൻമുട്ടി ഉമാമഹേശ്വര ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ശ്രീകാര്യം അരുൺ പോറ്റി, വെമ്പായം രഞ്ജിത് പോറ്റി, വലിയമല വിജിത് പോറ്റി എന്നിവർ കാർമികത്വം വഹിച്ചു. തിലഹോമവും നടന്നു.


അരുവിക്കര ധർമശാസ്താ ക്ഷേത്രം
മാറനല്ലൂർ ∙ അരുവിക്കര ധർമശാസ്താ ക്ഷേത്രത്തിൽ രാവിലെ മുതൽ ബലിതർപ്പണത്തിനു വൻതിരക്ക് അനുഭവപ്പെട്ടു. നെയ്യാറിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന പൂർണപുഷ്കലസമേതനായ ശാസ്താ ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് തിരുവല്ലം മൈവാടി മഠത്തിൽ സുരേഷ്കുമാർ ഇളയത് നേതൃത്വം നൽകി.


കൂനയിൽ ശ്രീ ധർമശാസ്താ ക്ഷേത്രം
പോത്തൻകോട്  ∙ കാട്ടായിക്കോണം കൂനയിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്ക് പിതൃ തർപ്പണത്തിനായി നൂറുകണക്കിനു ഭക്തരെത്തി. ക്ഷേത്രമേൽശാന്തി ശ്രീരംഗം ജ്ഞാനശേഖരൻ മുഖ്യകാർമ്മികത്വം വഹിച്ചു. 


പണിമൂല ദേവീക്ഷേത്രം
പോത്തൻകോട് ∙ പണിമൂല ദേവീക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകുന്ന തെറ്റിയാറിലെ ബലിക്കടവിൽ ബലിതർപ്പണത്തിനായി നൂറുകണക്കിനു ഭക്തരെത്തി.ക്ഷേത്ര ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകൾ. മേൽശാന്തിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. തിലഹവനത്തിനും സൗകര്യം ഒരുക്കിയിരുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com